Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: തുടക്കം 'മിന്നല്‍', ഇനി പരമ്പര ഉറപ്പ്, ഈ ഇന്ത്യന്‍ ടീമിനെ തടുക്കാന്‍ എതിരാളികളില്ല- ഹര്‍ഭജന്‍

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഗംഭീര ജയമാണ് നേടിയെടുത്തത്. ഇതുവരെ ഇന്ത്യക്ക് ജയിക്കാനാവാത്ത സെഞ്ച്വൂറിയനില്‍ 113 റണ്‍സിനായിരുന്നു കോലിയുടെയും സംഘത്തിന്റെയും ജയം. ജയത്തോടെ പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ഇന്ത്യക്കായി. എതിരാളികളുടെ പേസാക്രമണത്തിന് അതേ നാണയത്തില്‍ മറുപടി പറയുന്ന ഇന്ത്യയുടെ ബൗളിങ് നിരയാണ് ടീമിന്റെ കരുത്ത്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷയിലാണ്.

ഇപ്പോഴിതാ ഇത്തവണ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ചരിത്രം രചിച്ച് പരമ്പര നേടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ഹര്‍ഭജന്‍ സിങ്.' ഇത്തവണ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. നേരത്തെ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിന് പോകുമ്പോഴെല്ലാം വളരെ പ്രയാസമുള്ള സാഹചര്യമായിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ടീമിന് അതൊരു പ്രശ്‌നമല്ല. 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളര്‍മാര്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ആദ്യ ഇന്നിങ്‌സില്‍ ഷമി അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

നാലാം ദിനത്തില്‍ ബുംറ നിര്‍ണ്ണായക വിക്കറ്റുകളാണ് നേടിയത്. എങ്ങനെ നോക്കിയാലും നിലവിലെ ഇന്ത്യന്‍ ടീമിന് ദക്ഷിണാഫ്രിക്കന്‍ ടീമിനെക്കാളും കരുത്തുണ്ട്. ഇത് വളരെ കരുത്തുള്ള ഇന്ത്യന്‍ ടീമാണ്. നേരത്തെ പറഞ്ഞതുപോലെ തന്നെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണിത്. ഇത്തവണ ഇന്ത്യക്ക് പരമ്പര നേടാനായില്ലെങ്കില്‍ പിന്നീടത് വളരെ പ്രയാസമായിരിക്കും. അടുത്ത രണ്ട് മത്സരങ്ങളിലൊന്നില്‍ ഇന്ത്യ ജയിക്കുകയും പരമ്പര നേടുകയും ചെയ്യുമെന്നാണ് വിശ്വാസം'-ഹര്‍ഭജന്‍ പറഞ്ഞു.

harbhajansingh

ഇന്ത്യയുടെ ടീം കരുത്തുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീം അല്‍പ്പം പിന്നില്‍ത്തന്നെയാണ്. ഡീന്‍ എല്‍ഗര്‍, ടെംബ ബാവുമ, എയ്ഡന്‍ മാര്‍ക്രം എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ വലിയ പ്രതീക്ഷകളില്ല. പേസ് നിരയിലേക്ക് വന്നാല്‍ ലൂങ്കി എന്‍ഗിഡി, കഗിസോ റബാദ എന്നിവരാണ് പ്രധാന വജ്രായുധങ്ങള്‍. രണ്ട് പേരും മികച്ച താരങ്ങളാണെങ്കിലും സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതില്‍ തീര്‍ത്തും പരാജയമാണ്.

ഇന്ത്യയെ സംബന്ധിച്ച് അങ്ങനെയല്ല. മികച്ച പേസ് നിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. എതിര്‍ ടീമിന്റെ 20 വിക്കറ്റ് വീഴ്ത്താനുള്ള കരുത്ത് ഇന്ത്യയുടെ പേസ് നിരക്കുണ്ട്. ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ് എന്നിവര്‍ ബെഞ്ചില്‍ കരുത്ത് പകരുമ്പോള്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് പേസ് നിരയുടെ ശക്തി. ഓള്‍റൗണ്ട് മികവുമായി ശര്‍ദുല്‍ ഠാക്കൂറുമുണ്ട്.

രണ്ടാം മത്സരം ജോഹന്നാസ്ബര്‍ഗിലാണ്. ഇതേ പേസാക്രമണം ഇന്ത്യ തുടര്‍ന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പ്രതിരോധിച്ച് നിര്‍ത്തുക പ്രയാസം. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ വിരാട് കോലി, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നീ സീനിയര്‍ താരങ്ങളും ഫോമിലേക്കെത്തേണ്ടതായുണ്ട്. ഇവര്‍ ഫോമിലേക്കെത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും. ദക്ഷിണാഫ്രിക്കയില്‍ ഈ മൂന്ന് പേര്‍ക്കും മികച്ച ബാറ്റിങ് റെക്കോഡുണ്ടെങ്കിലും സമീപകാല പ്രകടനം വളരെ മോശമാണ്.

കെ എല്‍ രാഹുലിന്റെ സെഞ്ച്വറിയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ രക്ഷക്കെത്തിയത്. മായങ്ക് അഗര്‍വാളിനും തിളങ്ങാനായി. എന്നാല്‍ രണ്ടാം മത്സരത്തിന് മുമ്പ് ഇന്ത്യ ബാറ്റിങ്ങില്‍ മെച്ചപ്പെടേണ്ടതായുണ്ട്. നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സീനിയര്‍ താരങ്ങള്‍ക്ക് സാധിക്കേണ്ടതാണ്. മധ്യനിരയും വാലറ്റവും കൂടുതല്‍ റണ്‍സ് ബാറ്റുകൊണ്ട് സംഭാവന ചെയ്യേണ്ടതായുണ്ട്.

ആദ്യ മത്സരത്തിന് പിന്നാലെ ക്വിന്റന്‍ ഡീകോക്ക് വിരമിച്ചത് ദക്ഷിണാഫ്രിക്കയ്ക്ക് വലിയ തിരിച്ചടിയാണ്. രണ്ടാം മത്സരത്തില്‍ പകരക്കാരനായി ആരെത്തുമെന്നത് കണ്ടറിയണം. ആന്‍ റിച്ച് നോക്കിയേയുടെ അഭാവവും ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് പരമ്പരയില്‍ നികത്താനാവാത്ത വിടവാണ്.

Story first published: Saturday, January 1, 2022, 19:21 [IST]
Other articles published on Jan 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+