മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകുകയാണ്. രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ടീം പ്രഖ്യാപനം വൈകിപ്പിച്ചത്. എന്നാല്‍ രോഹിത് ശര്‍മക്ക് പഴയ ഫിറ്റ്‌നസിലേക്ക് എത്താന്‍ സാധിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. രോഹിത് പരിക്കില്‍ നിന്ന് ഏറെക്കുറെ മോചിതനാണെങ്കിലും പൂര്‍ണ്ണമായും ഫിറ്റ്‌നസിലേക്കെത്താത്തതിനാല്‍ ടീമിലേക്ക് പരിഗണിക്കുക പ്രയാസമാവും.
ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഇന്നോ നാളെയോ ഇന്ത്യയുടെ ഏകദിന ടീം പ്രഖ്യാപനം ഉണ്ടാവും. ഏകദിന പരമ്പര ആരംഭിക്കാന്‍ ജനുവരി 16 ആകണം. ഇനിയും സമയമുണ്ടെങ്കിലും പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താത്തതിനാല്‍ രോഹിത്തിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കില്ലെന്നാണ് വിവരം. വിവിഎസ് ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സംഘമാണ് രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ് വിലയിരുത്തുന്നത്.
'രോഹിത് പരിക്കില്‍ നിന്ന് ഏറെക്കുറെ മോചിതനാണ്. എന്നാല്‍ തിരിച്ചുവരവിന് സാധ്യമാകുന്ന തരത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല. ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട താരമാണവന്‍. ആദ്യ ഘട്ട ഫിറ്റ്‌നസ് ടെസ്റ്റ് അവന്‍ വിജയിച്ചിരുന്നു. എന്നാല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് എത്താനായിട്ടില്ല. 100 ശതമാനം ഫിറ്റ്‌നസിനായി കാത്തിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം അറിയിക്കുന്നതാണ്'-ദേശീയ ക്രിക്കറ്റ് അക്കാദമിയെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

രോഹിത് ശര്‍മയെ ഇന്ത്യയുടെ ഏകദിന നായകനായി തീരുമാനിച്ചതിന് ശേഷമുള്ള ആദ്യത്തെ പരമ്പരയാണിത്. ദക്ഷിണാഫ്രിക്കയില്‍ രോഹിത്തിന്റെ കീഴില്‍ ഇന്ത്യ ഇറങ്ങുന്നത് കാണാന്‍ ആഗ്രഹിച്ചിരുന്ന ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. എന്നാല്‍ ഇന്ന് പരിശോധന നടക്കാനിരിക്കെ ഫിറ്റ്‌നസ് ടെസ്റ്റ് പൂര്‍ത്തിയാക്കി രോഹിത് ടീമിലേക്ക് തിരിച്ചുവരാനും സാധ്യതയുണ്ട്. എന്നാല്‍ രോഹിത്തിന്റെ പൂര്‍ണ്ണ ഫിറ്റ്‌നസിനാണ് ടീം മാനേജ്‌മെന്റ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് തന്നെ ആവിശ്യത്തിന് വിശ്രമം അദ്ദേഹത്തിന് നല്‍കിയേക്കും.
രോഹിത് ശര്‍മക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ കെ എല്‍ രാഹുല്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്കയില്‍ നയിക്കും. വിരാട് കോലിയും ടീമിലുള്ളതിനാല്‍ വലിയ പ്രതിസന്ധി ഇന്ത്യ നേരിട്ടേക്കില്ല. അതേ സമയം പരിക്കേറ്റ രവീന്ദ്ര ജഡേജക്കും അക്ഷര്‍ പട്ടേലിനും കൂടുതല്‍ വിശ്രമം വേണ്ടിവരും. രണ്ട് പേരും ഏകദിന പരമ്പരക്കുണ്ടായേക്കില്ല. ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ ഇന്ത്യ എടുത്തേക്കും. ആര്‍ അശ്വിന്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തുമെന്നതാണ് ഏറ്റവും പ്രധാന കാര്യം.
ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ വിശേഷണമുള്ള ഹര്‍ദിക് പാണ്ഡ്യ നിലവില്‍ ടീമിന് പുറത്താണ്. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മോചിതനാകാത്ത ഹാര്‍ദിക്കിനെ ഇന്ത്യ പരിഗണിച്ചേക്കില്ല. ഐപിഎല്ലും ആഭ്യന്തര ക്രിക്കറ്റും കളിച്ച് ഫോമിലേക്കെത്തിയാല്‍ മാത്രമെ ഹര്‍ദിക്കിന് ഇന്ത്യ അവസരം നല്‍കുകയുള്ളൂ. അതേ സമയം ഓള്‍റൗണ്ടറായി വെങ്കടേഷ് അയ്യര്‍ ഒപ്പമുണ്ടായേക്കും. വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങിയ റിഷി ധവാനെ വലിയൊരു ഇടവേളക്ക് ശേഷം ഇന്ത്യ പരിഗണിക്കാനും സാധ്യതകളേറെയാണ്.
2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ഇന്ത്യയുടെ പടയൊരുക്കം. അതുകൊണ്ട് തന്നെ ശിഖര്‍ ധവാനെ ഇന്ത്യ പരിഗണിച്ചേക്കില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും. സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കും ടീമില്‍ സ്ഥാനം ഉറപ്പ്. ജഡേജയുടെയും അക്ഷറിന്റെയും അഭാവത്തില്‍ ആര്‍ അശ്വിന്‍,യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ ടീമിലെത്തിയേക്കും. പേസ് നിരയില്‍ മുഹമ്മദ് സിറാജും ഇടം പിടിച്ചേക്കും. ഇന്ന് തന്നെ ടീമിനെ പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍.