IND vs SA: 'വയറ് കുറയ്ക്കൂ', ടെസ്റ്റില്‍ നിന്ന് വിരമിക്കൂ, ഫിറ്റ്‌നസില്ലാത്ത രോഹിത്തിന് ട്രോള്‍
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കായുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ഏറെനാള്‍ കാത്തിരുന്നെങ്കിലും അവസാന ഫിറ്റ്‌നസ് ടെസ്റ്റ് രോഹിത് പരാജയപ്പെട്ടത്തോടെ രോഹിത്തിനെ മാറ്റിനിര്‍ത്തി മുന്നോട്ട് പോകാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കെ എല്‍ രാഹുലാവും ഇന്ത്യയെ നയിക്കുക. വൈസ് ക്യാപ്റ്റനായി ജസ്പ്രീത് ബുംറയുമുണ്ടാവും.
വിരാട് കോലിയെ മാറ്റി രോഹിത്തിനെ ഇന്ത്യയുടെ ഏകദിന നായകനാക്കിയ ശേഷമുള്ള ആദ്യത്തെ പരമ്പരയായിരുന്നു ഇത്. ഏകദിന നായകനായി ദക്ഷിണാഫ്രിക്കയില്‍ രോഹിത്തിന്റെ വെടിക്കെട്ട് കാണാന്‍ കാത്തിരുന്നവരെ നിരാശരാക്കുന്നതാണ് അദ്ദേഹത്തിനേറ്റ പരിക്ക്. ടെസ്റ്റ് പരമ്പരയിലും അദ്ദേഹം കളിച്ചിരുന്നില്ല. രോഹിത്തിനെ കൂടാതെ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും പരിക്കിനെത്തുടര്‍ന്ന് പരമ്പരക്കില്ല.
ഇപ്പോഴിതാ ടെസ്റ്റിന് പിന്നാലെ ഏകദിന പരമ്പരയും നഷ്ടമായ രോഹിത് ശര്‍മക്ക് ട്രോള്‍ മഴയാണ് നേരിടേണ്ടി വരുന്നത്. ട്വിറ്ററില്‍ കൂടുതല്‍ ആളുകളും കോലിയോട് തടികുറയ്ക്കൂ,വയറ് കുറക്കൂ എന്നൊക്കെയാണ് ആവിശ്യപ്പെടുന്നത്. സമീപകാലത്തായി രോഹിത്തിന്റെ തടി കൂടുന്നുണ്ടെന്നും ഫിറ്റ്‌നസില്‍ തീരെ ശ്രദ്ധയില്ലാത്തതുമാണ് പരിക്കിന്റെ കാരണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഏകദിന നായകനായി നിയമിച്ച ശേഷമുള്ള ആദ്യ പരമ്പര തന്നെ നഷ്ടമായ രോഹിത്തിന് 2023ല്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ സാധിക്കുമോയെന്ന ആശങ്കയും ചില ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. രോഹിത് ശര്‍മ ടെസ്റ്റില്‍ നിന്ന് വിരമിച്ച് പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. ഏറെ നാള്‍ ഇന്ത്യയുടെ പരിമിത ഓവറില്‍ മാത്രം ഒതുങ്ങിയിരുന്ന രോഹിത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിലൂടെയാണ് ടെസ്റ്റ് ടീമില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്തത്. 35കാരനായ രോഹിത്തിന് മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ കളിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയും രോഹിത് ശര്‍മയും വളരെ പ്രതീക്ഷയോടെയാണ് ഏകദിന പരമ്പരയെ കണ്ടത്. എന്നാല്‍ പരിക്ക് രോഹിത്തിന്റെ പ്രതീക്ഷകളെ തകര്‍ത്തിരിക്കുകയാണ്. ആദ്യ ഘട്ട ഫിറ്റ്‌നസ് ടെസ്റ്റ് രോഹിത് പാസായെങ്കിലും അവസാന ഘട്ട ടെസ്റ്റുകളില്‍ പരാജയപ്പെടുകയായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് കീഴിലാണ് രോഹിത്തിന്റെ ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.
അതേ സമയം ജസ്പ്രീത് ബുംറയെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനത്തിന് വലിയ പ്രശംസയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അറിയിക്കുന്നത്. റിഷഭ് പന്ത്,ശ്രേയസ് അയ്യര്‍ എന്നിവരെയെല്ലാം ഭാവി നായകന്മാരെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴാണ് ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ക്ക് ഇത്തരമൊരു അവസരം ഇന്ത്യ നല്‍കിയത്. നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് ബുംറക്കില്ലെങ്കിലും തന്റെ ബൗളിങ്ങിലെ ബുദ്ധി നായകനെന്ന നിലയിലും കാട്ടാനായാല്‍ ബുംറ ചരിത്രം സൃഷ്ടിക്കും.
കെ എല്‍ രാഹുലിനാണ് ലോട്ടറി. രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ച രാഹുല്‍ സെഞ്ച്വറിയടക്കം നേടി കളിയിലെ താരമായി. ഇപ്പോള്‍ ഏകദിന നായകസ്ഥാനവും ലഭിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രാഹുലിന്റെ പ്രകടനം കണ്ടറിയാം. പഞ്ചാബ് കിങ്‌സിനെ നയിച്ചിട്ടുള്ള രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കെത്തുമ്പോള്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് തന്നെ പ്രത്യാശിക്കാം.
വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങിയ താരങ്ങളിലൊരാളെപ്പോലും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഇടവേളക്ക് ശേഷം ആര്‍ അശ്വിന്‍ ഏകദിന ടീമിലേക്കും തിരിച്ചെത്തിയെന്നതാണ് എടുത്തുപറയേണ്ട കാര്യം. സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ വെങ്കടേഷ് അയ്യര്‍ സ്ഥാനം നിലനിര്‍ത്തി. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരക്ക് ഈ മാസം 16നാണ് തുടക്കമാവുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications