സെഞ്ച്വൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കവെ ആദ്യ ദിനം ഏറ്റവും കൈയടി നേടിയത് ഓപ്പണര്‍ കെ എല്‍ രാഹുലാണ്. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 248 പന്തുകള്‍ നേരിട്ട് 17 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 122 റണ്‍സുമായി രാഹുല്‍ ക്രീസില്‍ തുടരുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ വെല്ലുവിളി നിറഞ്ഞ പിച്ചില്‍ അധികമാര്‍ക്കും നേടാനാവാത്ത നേട്ടമാണ് രാഹുല്‍ നേടിയിരിക്കുന്നത്. ക്ഷമയും പ്രതിഭയുമെല്ലാം ഒത്തിണങ്ങിയ മനോഹര ഇന്നിങ്‌സ് തന്നെയായിരുന്നു അത്.
രാഹുലിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ കെ എല്‍ രാഹുല്‍ എങ്ങനെയാണ് ടെസ്റ്റില്‍ ഇത്രയും മികച്ച പ്രകടനം നടത്തുന്ന താരമായി മാറിയതെന്നത് വിശദീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക്. പരിമിത ഓവറില്‍ നിന്ന് ടെസ്റ്റിലേക്ക് മാറുമ്പോള്‍ രാഹുല്‍ വരുത്തിയ സാങ്കേതികമായ മാറ്റങ്ങളാണ് രാഹുലിന്റെ മികച്ച പ്രകടനത്തിന് കാരണമെന്നാണ് കാര്‍ത്തിക് പറഞ്ഞത്.
'ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കവെ നന്നായി അടിച്ചുകളിക്കുന്ന താരമായിരുന്നു രാഹുല്‍. ഫാസ്റ്റ് ബൗളര്‍മാരെ സിക്‌സറുകള്‍ പറത്താന്‍ ശ്രമിക്കുന്ന ബാറ്റ്‌സ്മാനായിരുന്നു. കവറിലും ലോങ് ഓണിലുമെല്ലാം പേസര്‍മാര്‍ക്കെതിരേ അവന്‍ സിക്‌സുകളും നേടിയിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ടെസ്റ്റിലേക്ക് വരുമ്പോള്‍ ഈ ശൈലി എന്തായാലും യോജിക്കില്ല. 140ന് മുകളില്‍ പന്തെറിയുന്ന പേസര്‍മാര്‍ക്കെതിരേ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുകയെന്നത് ടെസ്റ്റ് ഓപ്പണര്‍ക്ക് അനുയോജ്യമായ കാര്യമാണെന്ന് കരുതുന്നില്ല.

അവന്‍ സാങ്കേതികമായി വരുത്തിയ ചില മാറ്റങ്ങളാണ് വിജയത്തിന് കാരണം. അവന്റെ നില്‍പ്പിലും കൈയുടെ സ്ഥാനവും ഉള്‍പ്പെടെ ചെറിയ കാര്യങ്ങളിലടക്കം അവന്‍ മാറ്റങ്ങള്‍ക്ക് തയ്യാറായി. അത് വലിയ ആത്മവിശ്വാസം അവന് നല്‍കിയിട്ടുണ്ട്. രണ്ടാം ന്യൂബോളിനെ അവന്‍ നേരിടുന്ന രീതിയാണ് മനോഹരം. താമസിച്ച് കളിക്കുകയും പന്തുകളെ ഒഴിവാക്കിയും കളിക്കുന്നു. നിരവധി കവര്‍ഡ്രൈവുകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന അവന്‍ ഇപ്പോള്‍ ക്ഷമയോടെയാണ് ഷോട്ടുകള്‍ കളിക്കുന്നത്. കൃത്യമായ പന്തുകളെ നോക്കി ഷോട്ട് കളിക്കാന്‍ സാധിക്കുന്നുണ്ട്'-കാര്‍ത്തിക് പറഞ്ഞു.
കളിച്ച ആറ് വിദേശ വേദികളിലും സെഞ്ച്വറി നേടിയ ഓപ്പണറെന്ന റെക്കോഡിലേക്ക് രാഹുല്‍ എത്തിയിരിക്കുകയാണ്. രോഹിത് ശര്‍മയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്ന് എല്ലാവരും ഭയപ്പെട്ടിരുന്നെങ്കിലും ആദ്യ മത്സരത്തിലൂടെത്തന്നെ ഈ ആശങ്കക്ക് രാഹുല്‍ വിരാമമിട്ടെന്ന് പറയാം. മികച്ച പേസ് നിരയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒരു പിഴവും വരുത്താതെയാണ് രാഹുല്‍ ആദ്യ ദിനം കളിച്ചത്.
രണ്ടാം ദിനം രാഹുലിന്റെ പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. രാഹുലിനൊപ്പം അജിന്‍ക്യ രഹാനെയും (40) ക്രീസിലുണ്ട്. രണ്ട് പേരും എത്ര ദൂരം മുന്നോട്ട് പോകുന്നുവെന്നത് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. സെഞ്ച്വൂറിയനില്‍ ജയിച്ച് ലീഡെടുക്കാനായാല്‍ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം ലഭിക്കുമെന്നുറപ്പാണ്. ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
മായങ്ക് അഗര്‍വാളിന്റെ പ്രകടനത്തെയും കാര്‍ത്തിക് പ്രശംസിച്ചു. 'രാഹുലും മായങ്കും ലഭിച്ച അവസരത്തെ നന്നായി ഉപയോഗപ്പെടുത്തി. രണ്ട് പേരെയും മികച്ച പ്രകടനത്തോടെ കാണാനായതില്‍ സന്തോഷം. കളത്തിന് പുറത്തും മികച്ച സൗഹൃദമുള്ള രണ്ട് പേര്‍. കര്‍ണാടകക്കാരായ താരങ്ങള്‍. കൂടാതെ ആദ്യമായാവും കര്‍ണാടകക്കാരായ താരങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണിങ്ങില്‍ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. മികച്ച ഓപ്പണര്‍മാര്‍ ഇന്ത്യക്കായി അവസരം കാത്തിരിക്കുന്നു. പ്രിയങ്ക് പാഞ്ചല്‍, പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍ എന്നിവര്‍ മികച്ച ഓപ്പണര്‍മാരാണ്'- കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.