IND vs SA: ഒമിക്രോണ്‍ ഭീതി, ബോക്‌സിങ് ഡേ ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കില്ല
കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്ക് 26ാം തീയ്യതി തുടക്കമാവുകയാണ്. ഇടവേളക്ക് ശേഷം ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത് കന്നി ടെസ്റ്റ് പരമ്പര നേട്ടമാണ്. ബോക്‌സിങ് ഡേ ടെസ്റ്റിനെ വരവേല്‍ക്കാന്‍ ആരാധകരും തയ്യാറെടുത്ത് കഴിഞ്ഞെങ്കിലും ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒമിക്രോണ്‍ വ്യാപന ഭീഷണി തുടരുന്ന സാഹചര്യത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെയാവും ബോക്‌സിങ് ഡേ ടെസ്റ്റ് നടക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്.
അപകടകാരിയായ ഒമിക്രോണ്‍ വകഭേദത്തിനെതിരേ ലോകം വലിയ ജാഗ്രത പുലര്‍ത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക നടത്തിയിരിക്കുന്നത്. ഇടവേളക്ക് ശേഷം ആരാധകരെ ഉള്‍ക്കൊള്ളിച്ച് മത്സരങ്ങള്‍ നടത്താന്‍ തുടങ്ങിയിരുന്നെങ്കിലും ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ കേസുകള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു മുന്‍ കരുതല്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തീരുമാനിച്ചിരിക്കുന്നത്. ആരാധകരുടെ അഭാവം മത്സരത്തിന്റെ ആവേശം കുറക്കുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ താരങ്ങളുടെ സുരക്ഷക്ക് തന്നെ പ്രാധാന്യം നല്‍കേണ്ടതായുണ്ട്.

നിലവില്‍ കോവിഡ് പരിശോധനക്ക് ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ച ഇന്ത്യന്‍ ടീം ജോഹന്നാസ്ബര്‍ഗില്‍ ബയോബബിള്‍ സുരക്ഷയിലാണുള്ളത്. മത്സരത്തിന്റെ സുരക്ഷക്കായി സ്റ്റേഡിയത്തിന്റെ പരിസരങ്ങളിലും ആരാധകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2000 ആരാധകരെ മാത്രം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മത്സരം കാണാന്‍ അനുവദിക്കാമെന്ന് ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ടെങ്കിലും ആരാധകരെ പൂര്‍ണ്ണമായി ഒഴിവാക്കാമെന്ന നിലപാടിലാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുള്ളത്.
എവിടെയെങ്കിലും സുരക്ഷാ വീഴ്ചയുണ്ടായാല്‍ ടൂര്‍ണമെന്റിനെ പൂര്‍ണ്ണമായും അത് ബാധിക്കും. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന,ടി20 പരമ്പരയും നടക്കാനുണ്ട്. അതുകൊണ്ട് തന്നെ കര്‍ശന സുരക്ഷയൊരുക്കിത്തന്നെ മുന്നോട്ട് പോകാനാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ തീരുമാനം. എന്തായാലും ആരാധകരെ സംബന്ധിച്ച് ആവേശകരമായ മത്സരം നേരിട്ട് കാണാനുള്ള അവസരമാണ് നഷ്ടമായിരിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള പര്യടനമാണിത്. വലിയ വിവാദങ്ങള്‍ക്ക് ശേഷം നടക്കുന്ന പരമ്പരയാണിത്. കൂടാതെ രാഹുല്‍ ദ്രാവിഡ് പരിശീലകനായ ശേഷം നടക്കുന്ന ആദ്യത്തെ വിദേശ പര്യടനം കൂടിയാണിത്. ദ്രാവിഡിനെ പരിശീലകനെന്ന നിലയില്‍ വിലയിരുത്തപ്പെടുന്ന പരമ്പരയെന്ന നിലയില്‍ ഇന്ത്യയുടെ പ്രകടനത്തെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വിരാട് കോലി പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് മാറിയ ശേഷം നടക്കുന്ന ആദ്യത്തെ ടെസ്റ്റ് പരമ്പരകൂടിയാണിത്. ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും കോലിയും തമ്മിലുള്ള അഭിപ്രായഭിന്നത വലിയ ചര്‍ച്ചയായിരിക്കുന്ന സാചര്യത്തിലാണ് ഈ പരമ്പര നടക്കുന്നതെന്നതും ആരാധകരുടെ ശ്രദ്ധ ലഭിക്കാന്‍ കാരണമായിരിക്കുകയാണ്. ഏറെ നാളുകളായി മോശം ഫോമിലുള്ള കോലിക്ക് പരിമിത ഓവറിലെ നായകസ്ഥാനം നഷ്ടമായതോടെ വലിയ സമ്മര്‍ദ്ദവും ഒഴിവായിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാറ്റിങ്ങില്‍ മികവ് കാട്ടി തിരിച്ചെത്താന്‍ കോലിക്ക് സാധിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

സൂപ്പര്‍ താരങ്ങളുടെ പരിക്ക് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍,ശുബ്മാന്‍ ഗില്‍ എന്നിവരൊന്നും പരിക്കിനെത്തുടര്‍ന്ന് പരമ്പരക്കില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. അവസാനമായി കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ ഒരു മത്സരം ജയിക്കാനായെങ്കിലും പരമ്പര നേടാനായിരുന്നില്ല. ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ ചരിത്രമെഴുതാന്‍ ഇന്ത്യക്ക് മുന്നില്‍ അവസരമുണ്ടെങ്കിലും അത് എളുപ്പമാവില്ല.
സീനിയര്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഏറ്റവും പ്രധാന കാരണം. കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ ബാറ്റുകൊണ്ട് തിളങ്ങേണ്ടതായുണ്ട്. എന്നാല്‍ മൂന്ന് പേരും മോശം ഫോമിലാണ്. ഇന്ത്യ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങിയാല്‍ രഹാനെക്ക് സ്ഥാനം നഷ്ടമായേക്കും. ഹനുമ വിഹാരിക്കാവും പകരം അവസരം ലഭിക്കുക. ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തെ അതേ നാണയത്തില്‍ ഇന്ത്യക്ക് ചെറുക്കേണ്ടതായുണ്ട്. അതിനുള്ള പേസ് ബൗളിങ് കരുത്ത് ഇന്ത്യക്കുണ്ട്. എന്നാല്‍ ബാറ്റിങ് നിരക്ക് അവസരത്തിനൊത്ത് ഉയരാനാവുമോയെന്നത് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications