IND vs SA: ഗബ്ബാറിനെ തഴഞ്ഞില്ല, ഇന്ത്യന്‍ ടീമില്‍ ധവാനുണ്ട്, വളരെ സന്തോഷമെന്ന് ആകാശ് ചോപ്ര
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയ കാര്യങ്ങളിലൊന്ന് ശിഖര്‍ ധവാന് ടീമിലിടമുണ്ടോയെന്നാണ്. ഐപിഎല്ലില്‍ തിളങ്ങുമ്പോഴും ഇന്ത്യന്‍ ടീമിന് പുറത്താണ് ധവാനുള്ളത്. നിലവില്‍ ഏകദിന ടീമിലേക്ക് മാത്രം പരിഗണിക്കപ്പെടുന്ന ധവാനെ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഉള്‍പ്പെടുത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കിയത്. എന്തായാലും ധവാനെ ഇന്ത്യ കൈവിട്ടില്ല ടീമില്‍ ഉള്‍പ്പെടുത്തി.
ഇപ്പോഴിതാ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തിയതില്‍ വളരെ സന്തോഷമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. 'ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞതാണ് ശിഖര്‍ ധവാനും ഇന്ത്യന്‍ ടീമില്‍ വേണമെന്ന്. അതുകൊണ്ട് തന്നെ ധവാന്‍ ടീമില്‍ ഉള്‍പ്പെട്ടതില്‍ വളരെ സന്തോഷം. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ ഒരുമിച്ച് ടീമിലുണ്ടായാല്‍ ഓപ്പണിങ്ങില്‍ ആര് വേണമെന്നത് വലിയ ആശയക്കുഴപ്പമുണ്ടാക്കും. ഇപ്പോള്‍ രോഹിത്തില്ല. ധവാന്‍ ടീമിലുമുണ്ട്. എന്റെ അഭിപ്രായത്തില്‍ ഓപ്പണറായി ധവാന്‍ വരണം. രാഹുലും ധവാനുമായിരിക്കും ഓപ്പണര്‍മാരെന്നാണ് കരുതുന്നത്. കോലി മൂന്നാം നമ്പറില്‍ കളിക്കണം. ഇത് ടെസ്റ്റല്ല ഏകദിനമാണെന്ന് താരങ്ങള്‍ സ്വയം ചിന്തിക്കേണ്ടതായുണ്ട്'- ആകാശ് പറഞ്ഞു.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യ ഓപ്പണിങ്ങിലേക്ക് കെ എല്‍ രാഹുലിനൊപ്പം മുഖ്യ പരിഗണന നല്‍കുക ധവാനാണ്. എന്നാല്‍ റുതുരാജ് ഗെയ്ക് വാദിന്റെ സാന്നിധ്യമാണ് പ്രശ്‌നം. ഗെയ്ക് വാദ് അവസാന ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിനുടമയാണ്. കൂടാതെ വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറിയുള്‍പ്പെടെ ഗംഭീര പ്രകടനവും നടത്തിയിട്ടുണ്ട്.
നിലവിലെ ഫോമില്‍ മുന്‍തൂക്കം ലഭിക്കുക റുതുരാജിനാണ്. എന്നാല്‍ ഇന്ത്യന്‍ പിച്ചിലെ ഈ ഫോമിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ അവസരം നല്‍കുമെന്ന് കരുതാനാവില്ല. കാരണം അതിവേഗ പേസര്‍മാരെ തുണക്കുന്ന പിച്ചില്‍ അനുഭവസമ്പത്തിന് വലിയ പ്രാധാന്യമുണ്ട്. അങ്ങനെ വരുമ്പോള്‍ ധവാനെ ഇന്ത്യ പരിഗണിച്ചേക്കും. 2019ലെ ഏകദിന ലോകകപ്പിന് ശേഷമുള്ള കണക്കുകള്‍ പ്രകാരം മികച്ച റെക്കോഡാണ് ധവാനുള്ളത്. 15 മത്സരത്തില്‍ നിന്ന് 52.1 ശരാശരിയില്‍ 625 റണ്‍സാണ് അദ്ദേഹം നേടിയത്. 6 തവണ 50ലധികം റണ്‍സ് നേടുകയും ചെയ്തു.
ഇന്ത്യയുടെ ഇനിയുള്ള ഓരോ ഏകദിന മത്സരവും 2023ലെ ഏകദിന ലോകകപ്പിനെ മുന്നില്‍ക്കണ്ടുള്ളതാവണം. അങ്ങനെ വരുമ്പോള്‍ 36കാരനായ ധവാന് ഇനിയും അവസരങ്ങള്‍ നല്‍കുന്നതില്‍ വലിയ കാര്യമില്ല. കാരണം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 38ാം വയസില്‍ ഇതേ ഫിറ്റ്‌നസും ഫോമും ധവാനില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് തന്നെ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കേണ്ടത്.
റുതുരാജിനെയും ആകാശ് പ്രശംസിച്ചു. 'റുതുരാജിന്റെ സമീപകാല പ്രകടനം വളരെ മികച്ചതാണ്. അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ബാറ്റിങ് പ്രകടനം. അവന്‍ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഇടം പിടിക്കുമെന്നും ഊഹിച്ചിരുന്നു. എന്നാല്‍ അവന്‍ കളിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഒന്നും പറയാനാവുന്നില്ല. ശിഖര്‍ ധവാനും രാഹുലുമുള്ളപ്പോള്‍ അവസരം ലഭിക്കുക പ്രയാസമാണെന്നതാണ് വസ്തുത. വിരാട്,അയ്യര്‍,സൂര്യകുമാര്‍,പന്ത്,വെങ്കടേഷ് എന്നിവരെല്ലാം ഉള്ളപ്പോള്‍ ഇഷാന്‍ കിഷനും അവസരം ലഭിക്കുക പ്രയാസമാണ്'- ആകാശ് കൂട്ടിച്ചേര്‍ത്തു.
നിലവിലെ ഇന്ത്യന്‍ ടീമില്‍ പ്രതിഭാശാലികളുടെ നീണ്ടനിരയാണുള്ളത്. അതുകൊണ്ട് തന്നെ ഭാവിയെക്കുറിച്ച് വലിയ ആശങ്കകളുമില്ല. ഇത്തവണ വിജയ് ഹസാരെ ട്രോഫിയില്‍ ഗംഭീര പ്രകടനം നടത്തിയ പല താരങ്ങളും ഇന്ത്യന്‍ ടീമിന് പുറത്താണ്. സ്ഥിരതയോടെ കളിക്കാത്ത പക്ഷം ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നത് കടുപ്പമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications