IND vs NZ: ഇന്ത്യയെ രക്ഷിച്ച് മായങ്കിന്റെ സെഞ്ച്വറി, ഭേദപ്പെട്ട തുടക്കം

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 221 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ (120*) അപരാജിത സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്. 246 ബോളില്‍ 14 ബൗണ്ടറികളും നാലു സിക്‌സറും മായങ്കിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു. മായങ്കിനോടൊപ്പം 25 റണ്‍സോടെ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്‍ (44), ചേതേശ്വര്‍ പുജാര (0), നായകന്‍ വിരാട് കോലി (0), ശ്രേയസ് അയ്യര്‍ (18) എന്നിവരാണ് പുറത്തായ താരങ്ങള്‍. നാലു വിക്കറ്റുകളും ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേലിനാണ്. പുജാരയെയും കോലിയെയും ഒരേ ഓവറിലാണ് അദ്ദേഹം പുറത്താക്കിയത്.

മികച്ച തുടക്കമായിരുന്നു മായങ്ക്-ഗില്‍ സഖ്യം ഇന്ത്യക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 80 റണ്‍സ് ടീം സ്‌കോറിലേക്കു കൂടിച്ചേര്‍ത്തു. ഗില്ലിനെ സ്ലിപ്പില്‍ റോസ് ടെയ്‌ലറുടെ കൈകളിലെത്തിച്ച് അജാസാണ് ന്യൂസിലാന്‍ഡിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നത്. ഇന്ത്യ ഒന്നിന് 80. തൊട്ടടുത്ത ഓവറില്‍ രണ്ടു വിക്കറ്റുകള്‍ കൂടി നേടി അജാസ് ഇന്ത്യയെ വിറപ്പിച്ചു. മുന്നോട്ട് കയറിക്കളിച്ച പുജാരയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ടേണ്‍ ചെയ്ത ബോള്‍ സ്റ്റംപില്‍ പതിക്കുകയായിരുന്നു. ഇതേ ഓവറിലെ ആറാമത്തെ ബോളില്‍ കോലിയെ അജാസ് വിക്കറ്റിനു മുന്നിലും കുരുക്കി. പക്ഷെ അംപയറുടെ തീരുമാനം വലിയ വിവാദമായി. കാരണം ബാറ്റില്‍ തട്ടിയ ശേഷമാണോ ബോള്‍ പാഡില്‍ കൊണ്ടതെന്നു സംശയമുയര്‍ന്നിരുന്നു. ഇതോടെ ഇന്ത്യ മൂന്നിന് 80ലേക്കു വീണു.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൈതാനത്തിലെ ഈര്‍പ്പം മുതലാക്കാനാവുമെന്ന പ്രതീക്ഷയിലാണ് വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുത്തത്. പിച്ചിലെ ഈര്‍പ്പത്തെത്തുടര്‍ന്ന് 9 മണിക്ക് ഇടേണ്ട ടോസ് 11.30നാണ് ഇട്ടത്. രണ്ട് ടീമിലും പ്രധാനപ്പെട്ട മാറ്റങ്ങളാണുണ്ടായത്. ഇന്ത്യന്‍ നിരയില്‍ ഇഷാന്ത് ശര്‍മ,അജിന്‍ക്യ രഹാനെ,രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കേറ്റ് പുറത്തുപോയപ്പോള്‍ പകരം വിരാട് കോലി,ജയന്ത് യാദവ്,മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലിടം നേടി.

ന്യൂസീലന്‍ഡിനും പരിക്ക് തിരിച്ചടിയായി. നായകന്‍ കെയ്ന്‍ വില്യംസന്‍ പരിക്കേറ്റ് പുറത്തുപോയതിനാല്‍ ടോം ലാദമാണ് രണ്ടാം ടെസ്റ്റില്‍ സന്ദര്‍ശകരെ നയിക്കുന്നത്. വില്യംസണിന്റെ അഭാവത്തില്‍ ഡാരില്‍ മിച്ചലാണ് ന്യൂസീലന്‍ഡ് ടീമിലേക്കെത്തിയത്. മറ്റ് മാറ്റങ്ങളൊന്നും ന്യൂസീലന്‍ഡ് ടീമില്‍ വരുത്തിയിട്ടില്ല. ആദ്യ മത്സരം സമനിലയായതിനാല്‍ രണ്ടാം മത്സരത്തില്‍ ജയിക്കുന്നവരാവും പരമ്പര നേടുക. അതുകൊണ്ട് തന്നെ മുംബൈയിലെ മത്സരം ഇരു ടീമിനും പ്രധാനപ്പെട്ടതാണ്.

ഇന്ത്യന്‍ ടീമിന് വലിയ ആശങ്ക തന്നെയാണ് മുന്നിലുള്ളത്. 2013ന് ശേഷം തട്ടകത്തില്‍ പരമ്പര തോല്‍ക്കാത്ത ഇന്ത്യക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ല. മികച്ച താരനിരയുടെ ന്യൂസീലന്‍ഡ് ഇന്ത്യക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നു. ആദ്യ മത്സരത്തില്‍ കെയ്ന്‍ വില്യംസനും റോസ് ടെയ്‌ലര്‍ക്കുമൊന്നും മികച്ചൊരു പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. മുംബൈയില്‍ കളിച്ച് ഇവര്‍ക്കെല്ലാം അനുഭവസമ്പത്തുള്ളതിനാല്‍ ശക്തമായി തിരിച്ചെത്തിയാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

സ്പിന്‍ ബൗളര്‍മാര്‍ക്ക് പതിവ് ആധിപത്യം ആദ്യ മത്സരത്തില്‍ കാട്ടാനായിരുന്നില്ല. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമെല്ലാം തുടക്കത്തിലേ വിക്കറ്റ് വീഴ്ത്തുന്നതില്‍ കാണ്‍പൂരില്‍ പ്രയാസപ്പെട്ടിരുന്നു. പേസ് നിരക്കും മൂര്‍ച്ചയില്ല. ഇഷാന്ത് ശര്‍മക്ക് കാണ്‍പൂരില്‍ ഒന്നും ചെയ്യാനായിരുന്നില്ല. അതുകൊണ്ട് തന്നെ മുംബൈയില്‍ സമസ്ത മേഖലയിലും ശക്തമായൊരു തിരിച്ചുവരവ് ഉണ്ടായെങ്കില്‍ മാത്രമെ ഇന്ത്യക്ക് ഗംഭീര ജയം നേടാനാവൂ.

ആദ്യ മത്സരത്തില്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. അജിന്‍ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്ക് ആക്രമണോത്സകത കുറവായിരുന്നുവെന്ന് പറയാം. വിരാട് കോലി തിരിച്ചെത്തുമ്പോള്‍ ആക്രമണ വീര്യത്തോടെ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. മുംബൈയില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും ഒരുപാട് ഓര്‍മകളുള്ള മൈതാനമാണ് മുംബൈയിലേതെന്നും വാര്‍ത്താ സമ്മേളനത്തില്‍ വിരാട് കോലി പറഞ്ഞിരുന്നു.

നേര്‍ക്കുനേര്‍ കണക്കുകളിലെ ആധിപത്യം ഇന്ത്യക്കൊപ്പമാണ്. 61 മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 21 മത്സരത്തിലാണ് ഇന്ത്യ ജയിച്ചത്. 13 മത്സരത്തില്‍ ന്യൂസീലന്‍ഡും ജയിച്ചു. 27 മത്സരം സമനിലയായി. ഇന്ത്യയില്‍ നടന്ന മത്സരത്തില്‍ 35 മത്സരത്തില്‍ 16 മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ 2 മത്സരമാണ് ന്യൂസീലന്‍ഡിന് ജയിക്കാനായത്. എന്നാല്‍ 17 സമനില സ്വന്തമാക്കാനായി. മുംബൈയില്‍ സമനില പിടിച്ച് പരമ്പര സമനിലയാക്കിയാലും ന്യൂസീലന്‍ഡിനെ സംബന്ധിച്ചത് വലിയ നേട്ടമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, December 3, 2021, 9:12 [IST]
Other articles published on Dec 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X