IND vs NZ: രഹാനെയെക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദം പുജാരക്കാവും, ഇവരിലൊരാള്‍ മാറണം- സഹീര്‍ ഖാന്‍
മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മുംബൈയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ മത്സരമാണിത്. ആദ്യ മത്സരം സമനിലയായതിനാല്‍ത്തന്നെ രണ്ടാം മത്സരത്തിന്റെ ഫലം പ്രധാനപ്പെട്ടതാണ്. മുംബൈയില്‍ ജയിക്കുന്ന ടീമിനാവും പരമ്പര. 2013ന് ശേഷം ഇന്ത്യയില്‍ ഒരു ടീമും ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. ഈ ചരിത്രം തിരുത്താന്‍ ന്യൂസീലന്‍ഡിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വിരാട് കോലി മടങ്ങിയെത്തുന്നത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. എന്നാല്‍ ആര് വഴിമാറുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരുടെ മോശം ഫോമാണ് ടീമിന്റെ തലവേദന. രണ്ട് പേരും മികച്ച ടെസ്റ്റ് റെക്കോഡുകളുള്ള താരങ്ങളാണെങ്കിലും സമീപകാല പ്രകടനം വളരെ മോശമാണ്.

രഹാനെയെ രണ്ടാം ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് കൂടുതല്‍ പ്രമുഖരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് രഹാനെയെ പിന്തുണക്കുന്ന നിലപാടാണ് ആദ്യ മത്സരത്തിന് ശേഷം സ്വീകരിച്ചത്. ഇപ്പോഴിതാ രഹാനെയെക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദം നേരിടുന്നത് പുജാരയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ സഹീര്‍ ഖാന്‍.
'ശ്രേയസ് അയ്യരുടെ അരങ്ങേറ്റ മത്സരത്തിലെ മികച്ച പ്രകടനത്തോടെ മധ്യനിരയിലെ തലവേദനക്ക് അല്‍പ്പം ആശ്വാസമായിരിക്കുകയാണ്. ശ്രേയസ് തന്റെ അവസരം നന്നായി ഉപയോഗപ്പെടുത്തി. വിരാട് കോലി മുംബൈ ടെസ്റ്റിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ടീമില്‍ നിന്ന് ഒരാളെ മാറ്റേണ്ടതായുണ്ട്. രഹാനെയെക്കാള്‍ പുജാരക്കാവും അല്‍പ്പം സമ്മര്‍ദ്ദം കൂടുതലെന്നാണ് ഞാന്‍ കരുതുന്നത്. ഓപ്പണര്‍മാരിലൊരാളെ മാറ്റി പുജാരയെ ഓപ്പണറാക്കിയാല്‍ ഈ സാഹചര്യത്തിന് അനുയോജ്യമാകുമെന്ന് കരുതുന്നില്ല. ശ്രേയസിനെ തീര്‍ച്ചയായും കളിപ്പിക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒരു ഓപ്പണറെ മാറ്റണോ പുജാര, രഹാനെ എന്നിവരിലൊരാളെ മാറ്റണമോയെന്നതാണ് പ്രശ്‌നം'- സഹീര്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ കോലിക്ക് പകരക്കാരനായെത്തിയത് ശ്രേയസ് അയ്യരാണ്. അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ സെഞ്ച്വറി നേടിയ ശ്രേയസ് രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറിയും നേടി. ടീമിന്റെ രക്ഷകനായി മാറാന്‍ ശ്രേയസിന് സാധിച്ചുവെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ കോലി മടങ്ങിയെത്തുമ്പോള്‍ ശ്രേയസിനെ മാറ്റിനിര്‍ത്തുക എളുപ്പമാവില്ല. ചേതേശ്വര്‍ പുജാരയുടെ ശരാശരി 30ന് മുകളിലുണ്ടെങ്കിലും വലിയൊരു ഇന്നിങ്‌സ് കളിച്ചിട്ട് നാളുകളേറെയായി.
നിലയുറപ്പിച്ച് ഏറെ നേരം ക്രീസില്‍ നില്‍ക്കുന്നുണ്ടെങ്കിലും സെഞ്ച്വറി പ്രകടനം അവസാനമായി നടത്തിയത് 2019 ജനുവരിയാണ്. രഹാനെയുടെ ബാറ്റിങ് പ്രകടനമാണ് വളരെ മോശം. 2021ലെ അദ്ദേഹത്തിന്റെ ശരാശരി 20ല്‍ താഴെയാണ്. അത് പരിഗണിക്കുമ്പോള്‍ രഹാനെയെ മാറ്റിനിര്‍ത്തുന്നതാണ് ഈ അവസരത്തില്‍ ചെയ്യേണ്ടത്. എന്നാല്‍ ഇത്തരമൊരു മാറ്റത്തിന് ദ്രാവിഡ് തയ്യാറാവുമോയെന്നാണ് കണ്ടറിയേണ്ടത്.

ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനത്തെക്കുറിച്ചും സഹീര്‍ ഖാന്‍ പറഞ്ഞു. മുംബൈയില്‍ പേസര്‍മാര്‍ക്ക് മുന്‍തൂക്കമുള്ളതിനാല്‍ മൂന്ന് പേസര്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് സഹീറിന്റെ വിലയിരുത്തല്‍. 'ബൗളിങ് നിരയെ തീരുമാനിക്കുകയാണ് പ്രയാസപ്പെട്ട തീരുമാനമെന്നാണ് കരുതുന്നത്. മുഹമ്മദ് സിറാജ് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നുണ്ട്. ഇന്ത്യ മൂന്ന് പേസര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അക്ഷര്‍ പട്ടേലിനെ മാറ്റിനിര്‍ത്തേണ്ടതായി വരും. എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ എപ്പോഴും ടേണ്‍ ലഭിക്കും. അതുകൊണ്ട് തന്നെ ഇന്ത്യ ബൗളിങ് നിരയില്‍ വലിയ മാറ്റങ്ങള്‍ക്ക് തയ്യാറാവുമെന്ന് കരുതുന്നില്ല'- സഹീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
അക്ഷര്‍ പട്ടേല്‍ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനമടക്കം നേടി തിളങ്ങിയിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ മുംബൈയില്‍ മാറ്റിനിര്‍ത്തുക പ്രയാസമാണ്. പേസ് നിരയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഇഷാന്ത് ശര്‍മക്ക് പകരം മുഹമ്മദ് സിറാജ് വരികയും മൂന്ന് സ്പിന്നര്‍മാരെ നിലനിര്‍ത്തുകയും ചെയ്യാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications