നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 307 റണ്‍സെന്ന മികച്ച നിലയിലാണ്.
നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യമായാണ് ഇന്ത്യന്‍ ടീം സ്‌കോര്‍ 300 റണ്‍സിലെത്തുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയുടേയും അജിന്‍ക്യ രഹാനെയുടെയും തകര്‍പ്പന്‍ അര്‍ധസെഞ്ച്വറികളാണ് ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്.

രക്ഷകരായി കോലി-രഹാനെ സഖ്യം
മികച്ച തുടക്കം ലഭിച്ച ഇന്ത്യക്ക് പിന്നീട് ഓരോ ഇടവേളകളിലും വിക്കറ്റ് നഷ്ടമാവുകയായിരുന്നു. ഇതോടെ ഇന്ത്യ മൂന്ന് വിക്കറ്റിന് 82 റണ്‍സെന്ന നിലയിലായി.
എന്നാല്‍, നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലി-രഹാനെ സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 159 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുക്കെട്ടിനു ശേഷമാണ് കോലി-രഹാനെ സഖ്യം പിരിഞ്ഞത്. അതിനിടെ, സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് മാത്രം ബാക്കിനില്‍ക്കേ കോലിയെ ആദില്‍ റാഷിദിന്റെ ബൗളിങില്‍ ബെന്‍ സ്‌റ്റോക്‌സ് പിടികൂടി.
152 പന്തില്‍ 11 ബൗണ്ടറിയുള്‍പ്പെടെ 97 റണ്‍സാണ് കോലി നേടിയത്. കോലിക്കു പുറമേ രഹാനെ 81 റണ്‍സുമായി കളംവിട്ടു. മികച്ച ഫോമില്‍ കളിച്ച രഹാനെ 131 പന്തില്‍ 12 ബൗണ്ടറികളാണ് നേടിയത്. രഹാനെയെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ബൗളിങില്‍ അലെസ്റ്റര്‍ കുക്ക് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

വിക്കറ്റ്കീപ്പര്‍ ദിനേഷ് കാര്‍ത്തികിനു പകരം പ്ലെയിങ് ഇലവനില്‍ ഇടം നേടിയ റിഷഭ് പന്ത് ഇന്ത്യക്കു വേണ്ടിയുള്ള തന്റെ ടെസ്റ്റ് അരങ്ങേറ്റം മികച്ചതാക്കി. പുറത്താവാതെ 32 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 22 റണ്‍സാണ് പന്ത് ഒന്നാംദിനം നേടിയത്.
മുരളി വിജയിക്കു പകരം ടീമിലെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ 35 റണ്‍സെടുത്ത് പുറത്തായി. ലോകേഷ് രാഹുല്‍ 923), ചേതേശ്വര്‍ പുജാര (14), ഹാര്‍ദിക് പാണ്ഡ്യ (18) എന്നിവരാണ് പുറത്തായ മറ്റു ഇന്ത്യന്‍ താരങ്ങള്‍. കുല്‍ദീപ് യാദവിനു പകരം പേസര്‍ ജസ്പ്രിത് ബുംറയെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൂന്ന് വിക്കറ്റുമായി ക്രിസ് വോക്‌സ്
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സാണ് ഒന്നാംദിനം ഇംഗ്ലീഷ് ബൗളിങ് നിരയില്‍ തിളങ്ങിയത്. ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ആദില്‍ റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.