വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയോ രഹാനെയോ? ടെസ്റ്റില്‍ ആര് ക്യാപ്റ്റനാവണമെന്ന് ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍ പറയുന്നു

ടീം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാരാവണം? ഓസീസ് പര്യടനം കഴിഞ്ഞതോടെ രഹാനെയെ പ്രഥമ ക്യാപ്റ്റനാക്കാനുള്ള ആവശ്യം ക്രിക്കറ്റ് ആരാധകരില്‍ ഒരുപക്ഷം ഉയര്‍ത്തിക്കഴിഞ്ഞു. രഹാനെയ്ക്ക് കീഴില്‍ ഇന്ത്യന്‍ ടീം പിരിമുറുക്കമില്ലാതെ കളിക്കുന്നു; രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ ടീം തോല്‍വിയറിഞ്ഞിട്ടില്ല. രണ്ടു പ്രധാന വാദങ്ങളാണ് മുഴങ്ങിക്കേള്‍ക്കുന്നത്. ഇപ്പോള്‍ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍.

വിജയശതമാനം

ടെസ്റ്റ് നായകനെന്ന നിലയില്‍ രഹാനെ തിളങ്ങുന്നുണ്ടെങ്കിലും കോലി തന്നെ ഇന്ത്യന്‍ ടീമിന്റെ നായകനാവണമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഇതിനുള്ള കാരണവും സ്‌പോര്‍ട്‌സ് ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭരത് അരുണ്‍ നല്‍കുന്നുണ്ട്.

'ഓസ്‌ട്രേലിയയില്‍ ചെന്ന് അജിങ്ക്യ രഹാനെ കയ്യടക്കിയ നേട്ടം മഹത്വപൂര്‍ണമാണ്. എന്നാല്‍ രഹാനെയെ സ്ഥിരം ക്യാപ്റ്റനാക്കണമെന്ന് പറയുന്നവരോട് എനിക്ക് ചില കാര്യങ്ങള്‍ സൂചിപ്പിക്കാനുണ്ട്. ഇതുവരെ 20 പരമ്പരകളില്‍ വിരാട് കോലി ഇന്ത്യയെ നയിച്ചിരിക്കുന്നു; ഇതില്‍ 14 പരമ്പരകളിലും ഇന്ത്യ ജയിച്ചു. അതായത് കോലിയുടെ വിജയശതമാനം 70 ശതമാനത്തിന് മുകളിലാണ്', ഭരത് അരുണ്‍ ചൂണ്ടിക്കാട്ടി.

പൊൻതൂവൽ

'ഇപ്പോള്‍ വിരാട് കോലിയെ കുറ്റം പറയുന്നവര്‍ ഇക്കാലമത്രയും അദ്ദേഹം ഇന്ത്യന്‍ ടീമിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. ടീമില്‍ ഫിറ്റ്‌നസ് സംസ്‌കാരം കൊണ്ടുവന്നതുതന്നെ കോലിയാണ്. കോലിക്ക് കീഴില്‍ ഇന്ത്യയുടെ പേസ് ബൗളിങ്ങും ഫീല്‍ഡിങ് മികവും ലോകോത്തര നിലവാരത്തിലെത്തി', ഭരത് അരുണ്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ തവണ ടെസ്റ്റ് ജയിപ്പിച്ച നായകനാണ് വിരാട് കോലി. 56 മത്സരങ്ങളില്‍ നിന്നും 33 ജയങ്ങള്‍ കോലിയെന്ന നായകന്റെ തൊപ്പിയിലുണ്ട്.

തോൽവി

ഇതേസമയം, അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ ടീം 36 റണ്‍സിന് ഓള്‍ഔട്ടായി മത്സരം തോറ്റത് കോലിയുടെ പുസ്തകത്തിലെ ഇരുണ്ട അധ്യായമായി മാറുന്നു. അഡ്‌ലെയ്ഡിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ടീമിനെ വിട്ട് കോലി നാട്ടിലേക്ക് മടങ്ങിയതും ആരാധകരില്‍ ഒരുപക്ഷത്തെ ചൊടിപ്പിക്കുന്നുണ്ട്.എന്തായാലും കോലി കൂടി ഇല്ലാത്ത സ്ഥിതിക്ക് ടീം ഇന്ത്യ സമ്പൂര്‍ണ ദുരന്തമാകുമെന്ന് പ്രവചിച്ചവരെയൊക്കെ നാണംകെടുത്തി അജിങ്ക്യ രഹാനെയും കൂട്ടരും ടെസ്റ്റ് പരമ്പര ജയിച്ചു.

ക്രെഡിറ്റ്

ടെസ്റ്റ് ടീമിലെ പ്രധാന താരങ്ങള്‍ ഓരോരുത്തരായി പരിക്കേറ്റു വീണപ്പോഴും രഹാനെ യുവതാരങ്ങളുമായി കലാശക്കൊട്ട് കയ്യടക്കി. ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ് എന്നീ യുവതാരങ്ങളുടെ മികവിലാണ് ഗാബയില്‍ ഇന്ത്യന്‍ സംഘം വിജയഗാഥയെഴുതിയത്.

ഇവിടെയും ക്രെഡിറ്റ് വിരാട് കോലിക്കും മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്കുമുള്ളതാണെന്ന് ഭരത് അരുണ്‍ സൂചിപ്പിക്കുന്നു. ഇരുവരും ചേര്‍ന്നാണ് ടീം ഇന്ത്യയെ ഭയരഹിതമായി കളിക്കാന്‍ പഠിപ്പിച്ചതെന്ന് ഇദ്ദേഹം പറയുന്നു.

ഭയരഹിതം

'ഈ ടീമിന് എതിരാളികളെ പേടിയൊട്ടുമില്ല. രവി ശാസ്ത്രിയും വിരാട് കോലിയും ചേര്‍ന്നാണ് ടീമിന് ഈ സമീപനം നേടിക്കൊടുത്തത്, ഭരത് അരുണ്‍ അഭിപ്രായപ്പെട്ടു. ഓസീസ് പര്യടനത്തിന് ശേഷം ഇംഗ്ലണ്ടുമായാണ് ഇന്ത്യയുടെ അടുത്ത സുദീര്‍ഘമായ പരമ്പര. ഫെബ്രുവരി അഞ്ചിന് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ പരമ്പരയിലെ ആദ്യ ടെസ്റ്റ് അരങ്ങേറും. രണ്ടു ടെസ്റ്റ് ജയങ്ങളോടെ പരമ്പര ജയിച്ചാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത ഇന്ത്യ നേടുമെന്ന കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

Story first published: Monday, January 25, 2021, 18:40 [IST]
Other articles published on Jan 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X