സതാംപ്റ്റണില്‍ വീണ്ടും പോര്‍മുഖം തുറക്കുമ്പോള്‍; ഇന്ത്യക്ക് ആശ്വസിക്കാന്‍ വകയുണ്ടോ? 2014 നല്‍കുന്ന പാഠം...
സതാംപ്റ്റണ്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ സതാംപ്റ്റണിലെ റോസ് ബോള്‍ സ്‌റ്റേഡിയം വേദിയാവുകയാണ്. ഓരോ ടെസ്റ്റ് മല്‍സരം കഴിയുംതോറും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആവേശം ചൂടുപ്പിടിക്കുകയാണ്.
ആദ്യ രണ്ട് ടെസ്റ്റ് മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് വെന്നിക്കൊടി നാട്ടിയപ്പോള്‍ നിര്‍ണായക മൂന്നാം ടെസ്റ്റില്‍ വിരാട് കോലിക്കു കീഴില്‍ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. ഇതോടെ പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ ആവേശകരമായിരിക്കുകയാണ്.

സതാംപ്റ്റണിലെ ടെസ്റ്റ് ചരിത്രം
ഇത് മൂന്നാം തവണയാണ് സതാംപ്റ്റണിലെ റോസ് ബോള്‍ സ്‌റ്റേഡിയം ടെസ്റ്റ് മല്‍സരങ്ങള്‍ക്ക് വേദിയാവുന്നത്. 2011ല്‍ ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലാണ് സതാംപ്റ്റണിലെ റോസ് ബോള്‍ ഗ്രൗണ്ടില്‍ ആദ്യമായി ടെസ്റ്റ് മല്‍സരം കളിച്ചത്.
അന്ന് ഇംഗ്ലണ്ടും ശ്രീലങ്കയും സമനിലയില്‍ പിരിയുകയായിരുന്നു. പിന്നീട് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലായിരുന്നു ഈ വേദിയില്‍ ടെസ്റ്റ് കളിച്ചത്. 2014ല്‍ ഇന്ത്യ ഇതിനു മുമ്പ് ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോയായിരുന്നു അത്. സതാംപ്റ്റണിന്റെ ചരിത്രത്തില്‍ അരങ്ങേറിയ രണ്ടാം അന്താരാഷ്ട്ര ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യയെ ഇംഗ്ലണ്ട് തറപ്പറ്റിച്ചു. 266 റണ്‍സിനായിരുന്നു മഹേന്ദ്രസിങ് ധോണിക്കു കീഴിലിറങ്ങിയ ഇന്ത്യ തോല്‍വി വഴങ്ങിയത്.

നാലു വര്‍ഷത്തെ കാത്തിരിപ്പ്
2014ല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടിയതിനു ശേഷം പിന്നീട് ഈ വേദിയില്‍ ടെസ്റ്റ് മല്‍സരം അരങ്ങേറിയിട്ടില്ല. നീണ്ട നാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് സതാംപ്റ്റണിലെ റോസ് ബോള്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ടെസ്റ്റ് മല്‍സരത്തിന് വേദിയാവുന്നത്.
എന്നാല്‍, ഈ വേദിയില്‍ ഏകദിനവും ട്വന്റി-ട്വന്റി മല്‍സരവും സമീപകാലത്ത് അരങ്ങേറിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലായിരുന്നു അന്താരാഷ്ട്ര ഏകദിനവും ട്വന്റി-ട്വന്റി മല്‍സരവും അവസാനമായി ഈ വേദിയില്‍ നടന്നത്. 2017 മെയ്, ജൂണ്‍ മാസങ്ങളിലായിരുന്നു അത്.

ഇന്ത്യക്കിത് രണ്ടാമുഴം
സതാംപ്റ്റണിലെ റോസ് ബോള്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ പോരിനിറങ്ങാനൊരുങ്ങുന്നത്. 2014ല്‍ ധോണിക്കു കീഴില്‍ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യക്ക് സതാംപ്റ്റണില്‍ തോല്‍വി നേരിട്ടിരുന്നു.
266 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഈ വേദിയില്‍ ഇംഗ്ലണ്ടിന്റെ കന്നി വിജയം കൂടിയായിരുന്നു ഇത്. ഇത്തവണ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പരമ്പരയില്‍ ഒപ്പമെത്താനുള്ള തയ്യാറെടുപ്പിലാണ് കോലിപ്പട.

ആന്‍ഡേഴ്‌സന്‍ തന്നെയാണ് പ്രശ്‌നം
നിലവില്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഇംഗ്ലീഷ് ബൗളറാണ് ജെയിംസ് ആന്‍ഡേഴ്‌സന്‍. സതാംപ്റ്റണിലെ ചരിത്രവും ആന്‍ഡേഴ്‌സന് അനുകൂലമാണ്.
2014ല്‍ ഇന്ത്യ ഈ വേദിയില്‍ ടെസ്റ്റ് കളിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയായത് ആന്‍ഡേഴ്‌സനായിരുന്നു. രണ്ടിന്നിങ്‌സിലായി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ട് വിജയത്തിന് ചുക്കാന്‍ പിടിച്ച ആന്‍ഡേഴ്‌സന്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
പേസര്‍മാര്‍ക്കൊപ്പം സ്പിന്നര്‍മാരെയും ഒരുപോലെ പിന്തുണയ്ക്കുന്ന പിച്ചാണ് സതാംപ്റ്റണ്‍. ഇവിടെ നടന്ന രണ്ട് അന്താരാഷ്ട്ര ടെസ്റ്റ് മല്‍സരങ്ങളിലും പേസര്‍മാര്‍ക്കൊപ്പം സ്പിന്നര്‍മാരും നേട്ടം കൊയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications