2014 ആവര്‍ത്തിക്കുമോ? ലോര്‍ഡ്‌സില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ... ഇംഗ്ലണ്ടിന് ആശങ്ക
ലോര്‍ഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇനി മൂന്ന് ദിനം മാത്രം. വ്യാഴാഴ്ച ലോര്‍ഡ്‌സിലാണ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് അരങ്ങേറുന്നത്. ഒന്നാം ടെസ്റ്റില്‍ 31 റണ്‍സിന് തോറ്റ ഇന്ത്യ പരമ്പരയില്‍ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.
തിരിച്ചുവരവിനുള്ള പ്രതീക്ഷയ്ക്ക് പ്രചോദനമായി 2014ലെ വിജയവും ഇന്ത്യക്കൊപ്പമുണ്ട്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ ലോര്‍ഡ്‌സില്‍ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. പേസര്‍ ഇശാന്ത് ശര്‍മയുടെ ബൗളിങ് മികവില്‍ 95 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. അന്നത്തെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരേ നേടിയ ഏക വിജയം കൂടിയായിരുന്നു ഇത്. 2014ലെ തോല്‍വി ഇംഗ്ലണ്ടിന് ഇത്തവണ ആശങ്ക വര്‍ധിപ്പിച്ചേക്കും. കാരണം, ഒന്നാം ടെസ്റ്റില്‍ ഇന്ത്യ കാഴ്ചവച്ച പോരാട്ടവീര്യം ഇംഗ്ലണ്ടിനുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു.

ധോണിപ്പടയ്ക്ക് കഴിഞ്ഞു.. കോലിപ്പടയ്ക്ക് സാധിക്കുമോ?
ഒന്നാം ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിനാല്‍ രണ്ടാം ടെസ്റ്റിലൂടെ പരമ്പരയില്‍ തിരിച്ചുവരാമെന്നുള്ള പ്രതീക്ഷയിലാണ് കോലിപ്പട. മഹേന്ദ്രസിങ് ധോണിയുടെ കീഴില്‍ 2014ല്‍ ലോര്‍ഡ്‌സില്‍ ഇന്ത്യ ചരിത്ര വിജയം നേടിയിരുന്നു. ആതിഥേയരായ ഇംഗ്ലണ്ടിനെ 95 റണ്‍സിനാണ് ധോണിപ്പട അന്ന് പൂട്ടിയത്.
ഇത്തവണ വിരാട് കോലിയുടെ കീഴിലാണ് ഇന്ത്യ ഇംഗ്ലീഷ് ദൗത്വത്തിനിറങ്ങിയിരിക്കുന്നത്. 2014ല്‍ ആദ്യ ടെസ്റ്റ് സമനിലയിലായിരുന്നെങ്കില്‍ ഇത്തവണ ഒന്നാം ടെസ്റ്റില്‍ തന്നെ ഇന്ത്യ തോല്‍വി വഴങ്ങിയിരിക്കുകയാണ്. അതും വിജയിക്കാന്‍ കഴിയാവുന്ന മല്‍സരമായിരുന്നിട്ട് പോലും. 2014ല്‍ ഇന്ത്യയുടെ മാനംകത്ത ലോര്‍ഡ്‌സ് ഇത്തവണയും ഇന്ത്യക്കൊപ്പം നില്‍ക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

2014ലെ ഹീറോ... ഇത്തവണയും പ്രതീക്ഷ ഇശാന്തില്‍
2014ല്‍ ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത് പേസര്‍ ഇശാന്ത് ശര്‍മയുടെ മാസ്മരിക ബൗളിങ് പ്രകടനമായിരുന്നു. ഒന്നാമിന്നിങ്‌സില്‍ വിക്കറ്റ് നേടാന്‍ കഴിയാതിരുന്ന ഇശാന്ത് രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലീഷ് ബാറ്റിങ് നിരയെ തകര്‍ക്കുകയായിരുന്നു.
319 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇശാന്ത് 223 റണ്‍സില്‍ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. 23 ഓവറില്‍ 74 റണ്‍സ് വിട്ടുകൊടുത്ത് ഏഴു വിക്കറ്റുകളാണ് ഇശാന്ത് മല്‍സരത്തില്‍ പിഴുതത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇശാന്ത് തന്നെയായിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും. നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ ഒന്നാം ടെസ്റ്റിലെ രണ്ടിന്നിങ്‌സുകളിലായി ആറ് വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ഇത്തവണയും ടീമിന് പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.

തിരിച്ചുവരുമോ രഹാനെയും വിജയിയും
ലോര്‍ഡ്‌സില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം നേടുമ്പോള്‍ ബാറ്റിങില്‍ ഇന്ത്യക്ക് കരുത്തേകിയത് അജിന്‍്ക്യ രഹാനെയുടെയും മുരളി വിജയിയുടെയും ഇന്നിങ്‌സുകളായിരുന്നു. ഒന്നാമിന്നിങ്‌സില്‍ രഹാനെ സെഞ്ച്വറിയുമായി ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലാവുകയായിരുന്നു.
രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്ക് പൊരുതാവുന്ന ലീഡ് സമ്മാനിച്ചത് ഓപ്പണര്‍ മുരളി വിജയിയുടെ ഇന്നിങ്‌സായിരുന്നു. സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ വച്ച് പുറത്തായെങ്കിലും വിജയിയുടെ ഇന്നിങ്‌സ് മല്‍സരത്തില്‍ ഇന്ത്യക്ക് മുതല്‍ കൂട്ടായി മാറുകയായിരുന്നു..

മറികടക്കുമോ ഭുവനേശ്വറിന്റേയും ജഡേജയുടെയും അഭാവം
ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് ചരിത്ര വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളായിരുന്നു ഭുവനേശ്വര്‍ കുമാറും രവീന്ദ്ര ജഡേജയും. ഇത്തവണ ഈ രണ്ട് താരങ്ങളും ഇന്ത്യന്‍ നിരയിലില്ല. ഇവരുടെ റോള്‍ ആരൊക്കെ ഭംഗിയാക്കുമെന്ന് ഇനി കണ്ടറിയണം.
ഒന്നാമിന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ ബാറ്റിങിലും ഇന്ത്യയുടെ അവിഭാജ്യ താരമാവുകയായിരുന്നു. 88 റണ്‍സാണ് രണ്ടിന്നിങ്‌സുകളില്‍ നിന്നായി താരം മല്‍സരത്തില്‍ നേടിയത്. ബാറ്റിങില്‍ രണ്ടിന്നിങ്‌സുകളില്‍ നിന്നായി 71 റണ്‍സ് നേടിയ ജഡേജ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ വിജയത്തിന്റെ ഭാഗമാവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications