രവിശാസ്ത്രി തെറിച്ചേക്കും; കോടികള്‍ വാങ്ങിയിട്ടും കാര്യമില്ല; ക്രിക്കറ്റ് കമ്മറ്റി കലിപ്പില്‍
ദില്ലി: വാര്‍ഷിക ശമ്പളമായി ഏഴരക്കോടിയിലധികം തുക കൈപ്പറ്റുന്ന ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ക്രിക്കറ്റ് പരിശീലകന്‍ രവിശാസ്ത്രിയുടെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ രണ്ടു ടെസ്റ്റുകളിലും ബാറ്റ്‌സ്മാന്മാര്‍ രാജ്യത്തെ നാണംകെടുത്തുന്ന രീതിയില്‍ പ്രകടനം നടത്തിയത് കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേഷനെ ചൊടിപ്പിച്ചിരിക്കുകയാണ്.
ആദ്യ മത്സരത്തില്‍ ജയിക്കാവുള്ള കളിയാണ് ഇന്ത്യ കൈവിട്ടത്. ലോര്‍ഡ്‌സില്‍ ഇന്ത്യയെ ഇംഗ്ലണ്ട് നിലയ്ക്കു നിര്‍ത്തിയതുമില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യം സ്ഥാപിച്ച അവര്‍ ഒരു ഇന്നിങ്‌സിനും 159 റണ്‍സിനുമാണ് ഇന്ത്യയെ തകര്‍ത്തുവിട്ടത്. രണ്ടിന്നിങ്‌സുകളിലും ബൗളിങ്ങില്‍ ഇംഗ്ലീഷ് താരങ്ങള്‍ മികച്ചുനിന്നു.

രവിശാസ്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ബാറ്റ്‌സ്മാന്മാരുടെ പരാജയം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി നിയോഗിച്ച കമ്മറ്റിയുടെ വിലയിരുത്തല്‍. ഇതേ രീതിയില്‍ പരമ്പര മുഴുവനായി ഇന്ത്യന്‍ പ്രകടനം ദയനീയമായാല്‍ രവി ശാസ്ത്രിയെ പുറത്താക്കുന്നതടക്കമുള്ള കാര്യത്തിലേക്ക് കടക്കും. ടീം ഇന്ത്യയിലെത്തിയാലുടന്‍ രവിശാസ്ത്രിയുമായി സിഒഎ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടും ടീം നിരാശപ്പെടുത്തി
ടീമിന് ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം നടത്താന്‍ രവി ശാസ്ത്രി നിര്‍ദ്ദേശിച്ച കാര്യങ്ങളെല്ലാം സിഒഎയും ബിസിസിഐയും അംഗീകരിച്ചിരുന്നു. എന്നാല്‍, ടെസ്റ്റില്‍ തീര്‍ത്തും നിരാശാജനകമായ കളിയാണ് താരങ്ങള്‍ കാഴ്ചവെച്ചത്. ടെസ്റ്റ് സ്‌പെഷില്സ്റ്റ് കളിക്കാരായ അജിങ്ക്യ രഹാനെയും, മുരളി വിജയിയും പൂര്‍ണ പരാജയമായി.

തിളങ്ങിയത് വിരാട് കോലി മാത്രം
ടെസ്റ്റിനായി ഒരുങ്ങാന്‍ ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ നേരത്തെ തന്നെ കളിക്കാനിറങ്ങിയവരാണ് രഹാനെയും വിജയിയും. എന്നാല്‍, ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കുമുന്നില്‍ കാര്യമായ ചെറുത്തുനില്‍പ് നടത്താനായില്ല. രണ്ട് ടെസ്റ്റിലും വിരാട് കോലിക്കല്ലാതെ മറ്റൊരു കളിക്കാരനും തിളങ്ങാനായില്ല എന്നത് മുന്‍ കളിക്കാരുടെയും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

ഏകദിനം ആദ്യം നടത്തിയത് ചോദ്യം ചെയ്യപ്പെടും
ടെസ്റ്റിലെ പ്രകടനം മെച്ചപ്പെടുത്താനായാണ് രവിശാസ്ത്രിയുടെയും കോലിയുടെയും നിര്‍ദ്ദേശപ്രകാരം പരിമിത ഓവര്‍ ക്രിക്കറ്റ് ആദ്യം നടത്തിയത്. എന്നാല്‍, അതുകൊണ്ടും കാര്യമുണ്ടായില്ല. ഇംഗ്ലണ്ടിലെ പരിശീലന മത്സരത്തിലെ അഭാവവും ഇന്ത്യന്‍ പ്രകടനത്തില്‍ നിഴലിച്ചു. മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമില്‍ വലിയ പ്രത്യാഘാതമാണ് അത് ഉണ്ടാക്കുകയെന്നുറപ്പാണ്.

വിരാട് കോലിയുടെ കുറ്റസമ്മതം
ലണ്ടനിലെ കാലവസ്ഥ അനുസരിച്ച് രണ്ടാം ടെസ്റ്റിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ പാളിച്ച പറ്റിയെന്ന് ക്യാപ്റ്റന്‍ വിരാട് കോലി നേരത്തെ സമ്മതിച്ചിരുന്നു. രണ്ട് മുന്‍നിര പേസ് ബൗളര്‍മാരുമായാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. ഇഷാന്ത് ശര്‍മ്മയും, മുഹമ്മദ് ഷമിയും. ഉമേഷ് യാദവിനെ പുറത്തിരുത്തി കുല്‍ദീപ് യാദവിനെ ടീമിലെടുത്തു. ഇത് രവി ശാസ്ത്രിയുടെകൂടി നിര്‍ദ്ദേശമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications