ചെന്നൈ: ചെപ്പോക്കിലെ പിച്ചിനെ കുറിച്ചുള്ള വിമര്‍ശനങ്ങളെ തള്ളി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. രണ്ട് പേര്‍ക്കും കളിക്കാന്‍ സാധിക്കുന്ന പിച്ചായിരുന്നു ചെന്നൈയില്‍ ഉണ്ടായിരുന്നതെന്ന് റൂട്ട് പറഞ്ഞു. അതേസമയം ചെന്നൈ പിച്ചിനെതിരെ നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ഡേവിഡ് ലോയ്ഡ്, മാര്‍ക്ക് വോ, മൈക്കിള്‍ വോന്‍, അലിസ്റ്റര്‍ കുക്ക് എന്നിവരെല്ലാം ചെപ്പോക്കിലെ പിച്ച് കളിക്കാന്‍ യോജിച്ചതല്ലെന്ന് വിലയിരുത്തിയിരുന്നു. ഇംഗ്ലണ്ട് ബാറ്റിംഗ് ചീട്ടു കൊട്ടാരം പോലെ തകര്‍ന്നതാണ് ഇവരുടെ വിമര്‍ശനത്തിന് കാരണമായത്.

ഇന്ത്യ ഇതേ പിച്ചില്‍ ആദ്യ ടെസ്റ്റ് തോറ്റപ്പോള്‍ ഇവരൊന്നും വിമര്‍ശിച്ചിരുന്നില്ല. അത് ഇംഗ്ലണ്ടിന്റെ നേട്ടമായിട്ടാണ് കണ്ടിരുന്നത്. രണ്ടാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും ഇംഗ്ലണ്ടിന് വലിയ സ്‌കോര്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് ഇന്നിംഗ്‌സിലും 200 റണ്‍സില്‍ താഴെ മാത്രമാണ് ഇന്ത്യ സ്‌കോര്‍ ചെയ്തത്. ചെപ്പോക്കിലെ പിച്ചിലെ സ്പിന്നിനേക്കാള്‍ പന്തിന്റെ ഗതി നിര്‍ണയിക്കാനാവാത്തതാണ് വിമര്‍ശനമായി ഉയര്‍ന്ന് വന്നത്. ഇന്ത്യയില്‍ ഇംഗ്ലണ്ട് നേരിട്ടതില്‍ വെച്ചുള്ള ഏറ്റവും വലിയ തോല്‍വി കൂടിയാണിത്. അതേസമയം വെല്ലുവിളികള്‍ നിറഞ്ഞ പിച്ചായിരുന്നു ചെപ്പോക്കിലേതെന്ന് റൂട്ട് സമ്മതിച്ചു. ബാറ്റിംഗ് ദുഷ്‌കരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് പിച്ചിനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. ഈ പിച്ചില്‍ എങ്ങനെ റണ്‍സ് കണ്ടെത്തണമെന്ന് ഇന്ത്യ കാണിച്ച് തന്നതാണ്. വളരെ ദുഷ്‌കരമായ ഈ പിച്ചില്‍ റണ്‍സ് നേടാന്‍ ഇന്ത്യ കണ്ടെത്തിയ മാര്‍ഗങ്ങളെയും റൂട്ട് പ്രശംസിച്ചു. മത്സരത്തില്‍ ജയിക്കാന്‍ ടോസ് വളരെ നിര്‍ണായകമായിരുന്നു. എന്നാല്‍ ടോസ് നേടിയത് കൊണ്ട് മാത്രം വിജയം ഉറപ്പിക്കാന്‍ സാധിക്കില്ല. ഈ പിച്ചില്‍ റണ്‍സ് അടിക്കാന്‍ സാധിക്കുമെന്ന് ഇന്ത്യ ഞങ്ങള്‍ക്ക് കാണിച്ച് തന്നു. അവര്‍ അതിനായി മികച്ച വഴികള്‍ സ്വീകരിച്ചു. അതാണ് അവരുടെ വിജയത്തിന് കാരണമെന്നും റൂട്ട് പറഞ്ഞു.
ഇന്ത്യ കളിച്ച രീതി ഒരുപാട് പഠിക്കാനുള്ളതാണ്. ഇംഗ്ലണ്ട് ആ രീതിയില്‍ നിന്ന് കാര്യങ്ങള്‍ പഠിച്ച് മുന്നേറണം. ആ കളി ടീം ഗെയിമിലേക്ക് പകരണം. തിരിച്ചുവരാന്‍ അതിലൂടെ സാധിക്കുമെന്നും റൂട്ട് വ്യക്തമാക്കി. ഞങ്ങളുടെ ടീം മുമ്പ് പരിചയിച്ച സാഹചര്യത്തില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ചെപ്പോക്കിലെ സാഹചര്യം. ചിലപ്പോള്‍ ഈ പിച്ചില്‍ രണ്ടാം ദിനം മുതല്‍ സ്പിന്‍ ചെയ്യില്ല. ചിലപ്പോഴത് മൂന്നോ നാലോ ദിവസത്തിലാവാം. അങ്ങനെ സ്വഭാവം പല തരത്തിലുള്ള പിച്ചാണിത്. വളരെ വെല്ലുവിളിയാണ് അങ്ങനെയൊരു പിച്ചില്‍ കളിക്കുകയെന്നത്. ടീം അതില്‍ നിന്ന് പഠിക്കുമെന്നാണ് കരുതുന്നതെന്നും റൂട്ട് പറഞ്ഞു. നല്ല ബൗണ്‍സ് പിച്ചിലുണ്ടെന്നും റൂട്ട് പറഞ്ഞു.