
ബംഗ്ലാദേശിനെതിരായ പരമ്പര കൂടി ജയിച്ചാല്‍ ടെസ്റ്റില്‍ ടീം ഇന്ത്യയുടെ നില ഭദ്രമാവും. തുടര്‍ച്ചയായ 12 -മത്തെ ഹോം പരമ്പരജയമെന്ന മോഹവും കോലിപ്പടയുടെ മനസിലുണ്ട്. ഈ അവസരത്തില്‍ ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയില്‍ കുറിക്കപ്പെടാനിരിക്കുന്ന റെക്കോര്‍ഡുകള്‍ ചുവടെ പരിശോധിക്കാം.
1. ടീം ഇന്ത്യയുടെ ടെസ്റ്റ് ആധിപത്യം
ഹോം ടെസ്റ്റ് പരമ്പരകളില്‍ സമ്പൂര്‍ണാധിപത്യമാണ് ഇന്ത്യ കൈയ്യടക്കുന്നത്. 2010 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യയുടെ വിജയശതമാനം 72.91 എന്ന നിലയ്ക്കാണ്. 2000 മുതല്‍ 2010 വരെ ഹോം ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയക്കുണ്ടായിരുന്നത് 76.27 വിജയശതമാനമാണെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ കളിച്ച 48 ടെസ്റ്റുകളില്‍ 35 മത്സരങ്ങള്‍ ഇന്ത്യ ജയിച്ചിട്ടുണ്ട്. 16 തവണ സ്‌കോര്‍ബോര്‍ഡില്‍ അഞ്ഞൂറിലധികം റണ്‍സ് ടീം കുറിച്ചു. 36 തവണ എതിരാളികളെ 200 റണ്‍സിന് താഴെ പുറത്താക്കിയ ചരിത്രവും ഇന്ത്യയ്ക്ക് പറയാനുണ്ട്. ബംഗ്ലാദേശിനെതിരെ ജയമുറപ്പിക്കാനായാല്‍ ഓസ്‌ട്രേലിയയുടെ ഐതിഹാസിക പ്രകടനത്തോട് ചേര്‍ന്നു നില്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.

2. തുടര്‍ച്ചയായ ഹോം ജയം
ഹോം പരമ്പരകളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ജയം കുറിച്ച ടീമാണ് ഇപ്പോള്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പര പിടിച്ചുവാങ്ങിയതോടെ തുടര്‍ച്ചയായി 11 ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ സ്വന്തം മണ്ണില്‍ ജയിച്ചിരിക്കുന്നു. 2000 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തില്‍ ഓസ്‌ട്രേലിയ കൈയ്യടക്കിയ പത്തു ജയങ്ങളുടെ തുടര്‍ച്ചയാണ് കോലിയും സംഘവും കഴിഞ്ഞമാസം തിരുത്തിയെഴുതിയത്.

ഓസ്‌ട്രേലിയ ഒഴികെ മറ്റൊരു ടീമും എട്ടില്‍ കൂടുതല്‍ തവണ തുടര്‍ച്ചയായി ഹോം പരമ്പരകള്‍ ജയിച്ചിട്ടില്ലാതാനും. എന്തായാലും ബംഗ്ലാദേശിനെതിരായ പരമ്പര സ്വന്തമാക്കാനായാല്‍ ഇന്ത്യയുടെ വിജയത്തുടര്‍ച്ച 12 -ല്‍ എത്തിനില്‍ക്കും.
3. 5,000 റണ്‍സ് തികയ്ക്കാന്‍ കോലി
കരിയറില്‍ ടെസ്റ്റ് നായകനായി 5,000 റണ്‍സ് തികയ്ക്കാന്‍ 32 റണ്‍സിന്റെ അകലം മാത്രമേ കോലിക്കുള്ളൂ. നിലവില്‍ ഒരു ഇന്ത്യന്‍ നായകനും അവകാശപ്പെടാത്ത റെക്കോര്‍ഡാണിത്. ബംഗ്ലാദേശിനെതിരെ 85 ആം ടെസ്റ്റിന് ഇറങ്ങുന്ന കോലിക്ക് 32 റണ്‍സ് പിന്നിടാനായാല്‍ അതിവേഗം 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ക്യാപ്റ്റനായി വിരാട് കോലി മാറും.

നിലവില്‍ ഐസിസി പ്ലേയര്‍ റാങ്കിങ്ങില്‍ 926 പോയിന്റുകളാണ് ഇന്ത്യന്‍ നായകനുള്ളത്. സുനില്‍ ഗവാസ്‌കറിന് ശേഷം 900 പോയിന്റ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി നാളുകള്‍ക്ക് മുന്‍പേ കോലി സ്വന്തമാക്കിയിട്ടുണ്ട്.
4. ഇന്‍ഡോറില്‍ കോലിക്ക് തകര്‍പ്പന്‍ റെക്കോര്‍ഡ്
ഇന്‍ഡോറിലെ ഹോല്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ കളിച്ചപ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിട്ടുണ്ട് വിരാട് കോലി. 2016 ഒക്ടോബറിലായിരുന്നു താരം അവസാനമായി ഇന്‍ഡോറില്‍ ടെസ്റ്റ് കളിച്ചത്. അന്ന് 211 റണ്‍സ് കോലി കുറിച്ചു. 2017 ഫെബ്രുവരിയില്‍ ബംഗ്ലാദേശിനെതിരെ ഏകദിനത്തിനിറങ്ങിയപ്പോള്‍ 204 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ തികച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ചുറി പൂര്‍ത്തിയാക്കിയ നായകനെന്ന വിശേഷണവും കോലിക്കുണ്ട് (20 സെഞ്ചുറികള്‍). ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് കോലിയുടെ ഈ നേട്ടം.

5. ബംഗ്ലാദേശിനെതിരെ മികച്ച റെക്കോര്‍ഡ്
2000 -ത്തിലാണ് ബംഗ്ലാദേശ് ആദ്യമായി ഇന്ത്യയ്ക്ക് എതിരെ ടെസ്റ്റ് കളിച്ചത്. അവിടുന്നിങ്ങോട്ട് മൊത്തം ഒന്‍പതു ടെസ്റ്റ് പരമ്പരകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ഏഴെണ്ണത്തില്‍ ഇന്ത്യയ്ക്കായിരുന്നു ജയം. മൂന്നു തവണ ഇന്നിങ്‌സിനും രണ്ടു തവണ നൂറിലധികം റണ്‍സിനും രണ്ടു തവണ ഒന്‍പതു വിക്കറ്റുകള്‍ക്കുമാണ് ഇന്ത്യ ബംഗ്ലാദേശിനെ കീഴപ്പെടുത്തിയത്.

6. റെക്കോര്‍ഡ് കുറിക്കാന്‍ മുഷ്ഫിഖുര്‍ റഹിം
50 റണ്‍സ് കൂടി നേടിയാല്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന ബംഗ്ലാ താരമായി മാറും മുഷ്ഫിഖുര്‍ റഹീം. നിലവില്‍ മുഹമ്മദ് അഷ്‌റഫുളിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. 11 ഇന്നിങ്‌സുകളില്‍ നിന്നും 386 റണ്‍സുണ്ട് അഷ്‌റഫിന്. ഒരു സെഞ്ചുറിയും രണ്ടു അര്‍ധ സെഞ്ചുറിയും ഇതില്‍പ്പെടും. ബാറ്റിങ് ശരാശരി 42.88. ഇന്ത്യയ്‌ക്കെതിരെ 56.16 എന്ന ബാറ്റിങ് ശരാശരിയില്‍ 336 റണ്‍സാണ് മുഷ്ഫിഖുര്‍ റഹീം ഇതുവരെ ടെസ്റ്റില്‍ നേടിയിരിക്കുന്നത്. കഴിഞ്ഞതവണ ഇന്ത്യയ്‌ക്കെതിരെ കളിച്ചപ്പോള്‍ ഒരു സെഞ്ചുറി തികച്ചിരുന്നു താരം.


Click it and Unblock the Notifications