
കരിയറില്‍ ഇതുപോലൊരു മോശം പ്രകടനം വേറെ കണ്ടിട്ടില്ലെന്ന് മത്സരശേഷം കോലി അഭിപ്രായപ്പെട്ടു. ഭേദപ്പെട്ട ലീഡ് കിട്ടിയിട്ടും റണ്‍സടിക്കാന്‍ മുതിരാതിരുന്ന ബാറ്റ്‌സ്മാന്മാരിലാണ് തോല്‍വിയുടെ പഴി കോലി ചാരുന്നത്. രണ്ടാം ഇന്നിങ്‌സില്‍ റണ്‍സെടുക്കണമെന്ന ആഗ്രഹമേ ഇന്ത്യയ്ക്കുണ്ടായില്ല. ബാറ്റ്‌സ്മാന്മാരുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും മായങ്ക് അഗര്‍വാളിന്റെ മെല്ലപ്പോക്കില്‍ നായകന് അതൃപ്തിയുണ്ട്.

തലേന്ന് കുറിച്ച 62 റണ്‍സ് ലീഡുണ്ടായിട്ടും ക്രീസില്‍ പ്രതിരോധിച്ച് നില്‍ക്കാനായിരുന്നു മായങ്ക് താത്പര്യപ്പെട്ടത്. ഇതോടെ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് തുടക്കത്തിലെ നിശ്ചലമായി. മായങ്ക് 40 പന്തുകള്‍ നേരിട്ടാണ് 9 റണ്‍സെടുത്തത്.
'ഇതിന് മുന്‍പ് ഇങ്ങനെയൊരു പ്രകടനം ഇന്ത്യ കാഴ്ച്ചവെച്ചിട്ടുള്ളതായി തോന്നുന്നില്ല. ടീം ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റിങ് പ്രകടനമാണ് അഡ്‌ലെയ്ഡില്‍ കണ്ടത്. വരും ടെസ്റ്റ് മത്സരങ്ങളില്‍ പോരായ്മകളും സാങ്കേതിക പിഴവുകളും പരിഹരിക്കാന്‍ ടീമിലെ ഓരോരുത്തരും മുന്‍കയ്യെടുക്കണം. ഗൗരവപൂര്‍വം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണം', മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോലി അറിയിച്ചു.

ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ഏഴാമത്തെ ഇന്നിങ്‌സ് സ്‌കോറെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് അഡ്‌ലെയ്ഡില്‍ ഇന്ത്യ നേടിയിട്ടുണ്ട്. 21 ആം നൂറ്റാണ്ടിലെ ഏറ്റവും ചെറിയ ഇന്നിങ്‌സ് സ്‌കോറും ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെട്ടു. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനെതിരെ 38 റണ്‍സിന് അയര്‍ലണ്ട് പുറത്തായതായിരുന്നു ഈ നൂറ്റാണ്ട് മുന്‍പ് കണ്ട ഏറ്റവും ദയനീയ പ്രകടനം.

'സ്വിങ്ങോ പേസോ അല്ല, കളിയോടുള്ള ഇന്ത്യയുടെ സമീപനമാണ് തോല്‍വിക്കുള്ള പ്രധാന കാരണമെന്ന് കോലി പറയുന്നുണ്ട്. കണ്‍മുന്നില്‍ അവസരമുണ്ടായിട്ടും മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇന്ത്യ തയ്യാറായില്ല. എല്ലാം സംഭവിച്ചത് പെട്ടെന്നായിരുന്നു. നടന്നതെന്തെന്ന് അറിയും മുന്‍പേ ബാറ്റ്‌സ്മാന്മാര്‍ തിരിച്ചെത്തി', കോലി വ്യക്തമാക്കി. ഇതേസമയം, തോല്‍വി വലിയ ആനക്കാര്യമാക്കേണ്ടതില്ലെന്ന നിലപാടാണ് കോലിക്ക്.

പറഞ്ഞുവരുമ്പോള്‍ വിദേശ ടെസ്റ്റ് പരമ്പരകളില്‍ കോലിക്ക് കീഴില്‍ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം ദാരുണമാവുന്നത് ഇതാദ്യമായല്ല. മുന്‍കാലങ്ങളില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരെ കളിച്ച 15 ഓളം ഇന്നിങ്‌സുകളില്‍ ഇന്ത്യ അമ്പെ പരാജയപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് തോല്‍വി വലിയ ആനക്കാര്യമാക്കേണ്ടെന്ന് കോലി പറഞ്ഞത്.

'മുന്നോട്ടും തോല്‍വികള്‍ പിണയും. എന്നാല്‍ തോല്‍വികളില്‍ നിന്നും പാഠം പഠിച്ച് ടീം മുന്നോട്ടു പോകും', ഇന്ത്യന്‍ നായകന്‍ അറിയിച്ചു. തോറ്റ മത്സരങ്ങളെ കുറിച്ച് പറഞ്ഞിരുന്നിട്ട് കാര്യമില്ല. ഭാവിയെക്കുറിച്ച് വേണം ചര്‍ച്ച ചെയ്യാന്‍. പോരായ്മകള്‍ പരിഹരിച്ച് ടീം ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന് കോലി വ്യക്തമാക്കി.

മൂന്നാം ദിനം ജോഷ് ഹേസല്‍വുഡും പാറ്റ് കമ്മിന്‍സും പുതുതായി ഒന്നും പരീക്ഷിച്ചില്ലെന്നാണ് കോലിയുടെ പക്ഷം. ആദ്യ ഇന്നിങ്‌സില്‍ കണ്ട ലൈനും ലെങ്തുംതന്നെ ഇരുവരും പാലിച്ചു. മൂന്നാം ദിനം ഇന്ത്യയുടെ കാഴ്ച്ചപ്പാട് മാറിയതാണ് പ്രശ്‌നമായത്, കോലി സൂചിപ്പിച്ചു. ഒപ്പം ഓസ്‌ട്രേലിയയുടെ വാലറ്റത്തെ വീഴ്ത്താന്‍ ഇന്ത്യ കാലതാമസം വരുത്തിയതും മത്സരത്തില്‍ നിര്‍ണായകമായി. ഏഴിന് 111 എന്ന നിലയ്ക്ക് ചുരുങ്ങിയ ഓസീസിനെ മൊത്തമായി കൂടാരം കയറ്റുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 191 റണ്‍സ് കുറിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications