ഭിന്നതാത്പര്യ വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ടീം ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന കമ്പനിയില്‍ കോലിക്കുള്ള സ്‌ക്വാര്യ നിക്ഷേപമാണ് ചര്‍ച്ചകള്‍ക്ക് ആധാരം. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി, ഗലാക്ടസ് ഫണ്‍വെയര്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ കോലിക്ക് നിക്ഷേപമുണ്ട്. 2019 ഫെബ്രുവരിയിലാണ് ഗലാക്ടസ് കമ്പനിയില്‍ കോലി നിക്ഷേപം നടത്തിയത്. അന്ന് 33.32 ലക്ഷം രൂപയുടെ ഓഹരിയാക്കി മാറ്റാവുന്ന കടപ്പത്രം കമ്പനി കോലിക്ക് അനുവദിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ മൊബൈല്‍ പ്രീമിയര്‍ ലീഗാണ് (എംപിഎല്‍) ഗലാക്ടസിന്റെ ഉടമ. എംപിഎല്ലാകട്ടെ, ഇന്ത്യന്‍ ദേശീയ ടീമിന്റെ ഔദ്യോഗിക കിറ്റ് സ്‌പോണ്‍സര്‍മാരും. കഴിഞ്ഞ നവംബറിലാണ് മൊബൈല്‍ പ്രീമിയര്‍ ലീഗ് കമ്പനി ഇന്ത്യന്‍ ദേശീയ ടീമിന്റെ കിറ്റ് സ്‌പോണ്‍സര്‍ ചെയ്യാനുള്ള കരാര്‍ ബിസിസിഐയില്‍ നിന്നും സ്വന്തമാക്കിയത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നായകനെന്ന നിലയില്‍ ഗലാക്ടസിലെ ഭിന്നതാത്പര്യം വിശദീകരിക്കണമെന്ന് കോലിക്ക് നേരെ ആവശ്യമുയരുന്നു. നിലവില്‍ എംപിഎല്ലിന് വേണ്ടി നിരവധി പരസ്യങ്ങള്‍ വിരാട് കോലി ചെയ്യുന്നുണ്ട്. ഗലാക്ടസുമായുള്ള ധാരണപ്രകാരം 10 വര്‍ഷത്തിന് ശേഷം കമ്പനിയില്‍ 0.051 ശതമാനം ഓഹരി വിരാട് കോലിക്ക് ലഭിക്കും.
ഇതേസമയം, ഭിന്നതാത്പര്യ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കോലിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. നിലവില്‍ വിരാട് കോലി ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്ത് നില്‍ക്കുകയാണ്. ആദ്യ കുഞ്ഞിന്റെ ജനനം പ്രമാണിച്ച് ഓസീസ് പര്യടനം ഉപേക്ഷിച്ച് കോലി ഇന്ത്യയില്‍ തിരിച്ചെത്തി. അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷമാണ് കോലിയുടെ മടക്കം. നാലു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ആദ്യത്തെ മത്സരം തോറ്റുകൊണ്ടാണ് ഇന്ത്യ ആരംഭിച്ചത്.
കോലിയുടെ പിന്‍വാങ്ങല്‍ ക്രിക്കറ്റ് ലോകത്ത് സമ്മിശ്ര പ്രതികരണമാണ് ഉയര്‍ത്തുന്നത്. ടീമിനെ പാതിവഴിയിലിട്ടിട്ട് പോകുന്നത് നീതിയല്ലെന്ന് ഒരുവിഭാഗം ആരാധകര്‍ പറയുന്നു. എന്നാല്‍ കുടുംബത്തിനൊപ്പം നില്‍ക്കാനുള്ള കോലിയുടെ തീരുമാനം ശരിയാണെന്ന് സമ്മതിക്കുന്നവരുമേറെ. എന്തായാലും അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ ടീമിന്റെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍. മെല്‍ബണില്‍ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് രഹാനെയുടെ സംഘവും അഡ്‌ലെയ്ഡിലെ തോല്‍വിക്ക് ഉശിരന്‍ മറുപടി നല്‍കുകയും ചെയ്തു.