ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഒരു നിയമം. അരങ്ങേറ്റക്കാരന്‍ ടി നടരാജന് മറ്റൊരു നിയമം; ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ സമത്വമില്ലെന്ന് ആരോപിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. ഐപിഎല്‍ 2020 എഡിഷന്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് നടരാജന്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് വന്നത്.
സെലക്ടര്‍മാര്‍ ആദ്യം പ്രഖ്യാപിച്ച ഇന്ത്യന്‍ സ്‌ക്വാഡില്‍ നടരാജനില്ലായിരുന്നു. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെ താരത്തിന് ടീമിലേക്കുള്ള വഴിതെളിഞ്ഞു. ഐപിഎല്ലിനിടെയാണ് നടരാജന് ആദ്യ കുഞ്ഞ് പിറക്കുന്നത്. ഈ സമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി പ്ലേ ഓഫ് കളിക്കുന്ന തിരക്കിലായിരുന്നു ഇദ്ദേഹം.

രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റു സണ്‍റൈസേഴ്‌സ് പുറത്തായെങ്കിലും ഓസ്‌ട്രേലിയന്‍ പര്യടനം മുന്‍നിര്‍ത്തി നടരാജന്‍ യുഎഇയില്‍ തുടര്‍ന്നു. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ സംഘത്തിനൊപ്പം താരം ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറി. ട്വന്റി-20 പരമ്പരയ്ക്കായാണ് നടരാജനെ ടീം ഇന്ത്യ കൂടെക്കൂട്ടിയത്. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ ഉടനീളം ഇന്ത്യയുടെ നെറ്റ്‌സ് ബൗളറാകാന്‍ മാനേജ്‌മെന്റ് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടു. നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ജനുവരി 19 -ന് മാത്രമേ പൂര്‍ത്തിയാവുകയുള്ളൂ. അതായത് സ്വന്തം മകളെ ആദ്യമായി കാണാന്‍ ജനുവരി അവസാനംവരെ നടരാജന് കാത്തിരിക്കണം.
മറുഭാഗത്ത് വിരാട് കോലിക്ക് ലഭിക്കുന്ന പരിഗണനയാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യ കുഞ്ഞിന്റെ ജനന സമയത്ത് ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമുണ്ടാകാന്‍ വിരാട് കോലിക്ക് ബിസിസിഐ പ്രത്യേക അനുവാദം നല്‍കി. അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം ഡിസംബര്‍ 22 -നാണ് ഇന്ത്യന്‍ നായകന്‍ ഇന്ത്യയിലേക്ക് തിരിച്ചു വിമാനം കയറിയത്. പരമ്പരയില്‍ ബാക്കിയുള്ള അടുത്ത മൂന്നു ടെസ്റ്റ് മത്സരങ്ങളിലും ടീം ഇന്ത്യയെ അജിങ്ക്യ രഹാനെ നയിക്കും. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നായകനും ടീമിലെ അരങ്ങേറ്റക്കാരനും രണ്ടു നിയമമെന്നാണ് ഗവാസ്‌കര്‍ വിലയിരുത്തുന്നത്.
'ഐപിഎല്‍ പ്ലേ ഓഫ് നടക്കുമ്പോഴാണ് നടരാജന്‍ ആദ്യമായി പിതാവാകുന്നത്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ടെസ്റ്റ് പരമ്പരയില്‍ നെറ്റ്‌സ് ബൗളറായി ടീമിനൊപ്പം തുടരാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പരിമിത ഓവര്‍ പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും നെറ്റ്‌സ് ബൗളറായി ടീമിനൊപ്പം നില്‍ക്കാനാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടതെന്ന് ഇവിടെ പ്രത്യേകം പറയണം. ഇനി അദ്ദേഹം മകളെ കാണണമെങ്കില്‍ ജനുവരി മൂന്നാം വാരംവരെ കാത്തിരിക്കണം. മറുഭാഗത്ത് വിരാട് കോലിക്ക് ആദ്യ ടെസ്റ്റിന് ശേഷംതന്നെ നാട്ടിലേക്ക് മടങ്ങാന്‍ മാനേജ്‌മെന്റ് അനുവാദം നല്‍കുന്നു', സ്‌പോര്‍ട്‌സ്റ്റാറിന് എഴുതിയ കോളത്തില്‍ ഗവാസ്‌കര്‍ തുറന്നടിച്ചു.