സഞ്ജയ് മഞ്ജരേക്കറും രവീന്ദ്ര ജഡേജയും തമ്മിലെ വിവാദം ആദ്യമുയരുന്നത് 2019 ലോകകപ്പ് സമയത്താണ്. ജഡേജയെപ്പോലുള്ള 'പൊട്ടും പൊടിയുമായുള്ള' ഓള്‍റൗണ്ടര്‍മാര്‍ ഏകദിന ക്രിക്കറ്റ് കളിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന മഞ്ജരേക്കറുടെ അഭിപ്രായം അന്ന് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. സഞ്ജരേക്കര്‍ക്കുള്ള മറുപടിയില്‍ ജഡേജയും മയംവരുത്തിയില്ല. എന്തായാലും ഏകദിനത്തില്‍ മാത്രമേ ജഡേജയോട് മഞ്ജരേക്കര്‍ക്ക് താത്പര്യക്കുറവുള്ളൂ. ടെസ്റ്റില്‍ ജഡേജയുടെ വലിയ ആരാധകനാണ് താനെന്ന് വെളിപ്പെടുത്തുകയാണ് സഞ്ജയ് മഞ്ജരേക്കര്‍.

ടെസ്റ്റ് ക്രിക്കറ്റാണ് ജഡേജയുടെ കരുത്ത്. കാലങ്ങളായി ടെസ്റ്റില്‍ ജഡേജയുടെ ആരാധകനാണ് താനെന്ന് ട്വിറ്ററില്‍ സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന മെല്‍ബണ്‍ ടെസ്റ്റില്‍ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം ജഡേജ പടുത്തുയര്‍ത്തിയ പക്വതയാര്‍ന്ന ഇന്നിങ്‌സിന്റെ പശ്ചാത്തലത്തിലാണ് സഞ്ജയ് മഞ്ജരേക്കറുടെ പ്രതികരണം. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ രഹാനെ - ജഡേജ കൂട്ടുകെട്ട് നിര്‍ണായകമാവുകയായിരുന്നു. രണ്ടാം ദിനം തുടക്കത്തിലെ പതര്‍ച്ചകള്‍ക്ക് ശേഷം രഹാനെയുമൊത്ത് 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് ജഡേജ കണ്ടെത്തിയത്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയെ 'ഡ്രൈവര്‍ സീറ്റിലിരുത്തിയതും' ഈ പ്രകടനംതന്നെ.
2015 -ന് ശേഷമാണ് ബാറ്റ്‌സ്മാനെന്ന നിലയില്‍ രവീന്ദ്ര ജഡേജ ഒരുപാട് മാറിപ്പോയതെന്ന് മഞ്ജരേക്കര്‍ പറയുന്നു. ഇക്കാലത്ത് രവിചന്ദ്രന്‍ അശ്വിന്‍ ജഡേജയെക്കാളും മുന്‍പേ ബാറ്റു ചെയ്യാനിറങ്ങിയിരുന്നു. അന്ന് നാലു ടെസ്റ്റ് ശതകങ്ങള്‍ അശ്വിന്റെ പേരിലുണ്ട്. ജഡേജയാകട്ടെ ഒരു സെഞ്ച്വറി പോലുമില്ലാതെ ടീമില്‍ നില്‍ക്കുന്നു. അക്കാലത്ത് ടീമിലെ സ്പിന്നറാവാനാണ് ജഡേജ മത്സരിച്ചിരുന്നത്. പ്രതിയോഗിയാകട്ടെ, അശ്വിനും. എന്നാല്‍ അശ്വിന്റെ ബാറ്റിങ് പ്രകടനം പില്‍ക്കാലത്ത് നിറംമങ്ങി. മറുഭാഗത്ത് ജഡേജയുടെ ബാറ്റിങ് മികവ് ശ്രദ്ധനേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മിന്നും പ്രകടനം ജഡേജയുടെ രണ്ടാം വരവിന് വഴിയൊരുക്കിയെന്നാണ് മഞ്ജരേക്കറുടെ നിരീക്ഷണം.
കഴിഞ്ഞകാലം പരിശോധിച്ചാല്‍ ജഡേജയുടെ ബാറ്റിങ് ശരാശരി വര്‍ഷാവര്‍ഷം മെച്ചപ്പെടുന്നത് കാണാം. 2015 -ല്‍ ടെസ്റ്റില്‍ ജഡേജയുടെ ബാറ്റിങ് ശരാശരി 21.80 ആയിരുന്നു. 2016 -ല്‍ ഇത് 37.50 എന്ന നിലയിലേക്ക് ഉയര്‍ന്നു. 2017 -ല്‍ ബാറ്റിങ് ശരാശരി 41. 2018 -ലാകട്ടെ ബാറ്റിങ് ശരാശരി 45.60 എന്ന നില കൈവരിച്ചു. 2019 -ല്‍ 62.85 ബാറ്റിങ് ശരാശരിയാണ് താരം കാഴ്ച്ചവെച്ചത്. ഇത്തവണയാകട്ടെ, ബാറ്റിങ് ശരാശരി 65 റണ്‍സില്‍ എത്തിനില്‍ക്കുന്നു. 'കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് ജഡേജയുടെ ബാറ്റിങ് സമീപനം മാറി. ഇന്ന് നിലവാരമുള്ള ബൗളിങ് നിരയ്ക്ക് മുന്നില്‍ അദ്ദേഹം വിക്കറ്റു വലിച്ചെറിയുന്നില്ല. മികച്ച പന്തുകളെ അദ്ദേഹം ബഹുമാനിക്കുന്നു. ബാറ്റിങ് മികവും ടെക്‌നിക്കും ജഡേജയ്ക്ക് എന്നും കൈമുതലാണ്', മഞ്ജരേക്കര്‍ അറിയിച്ചു.