
ഇതേസമയം, അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കില്ലെന്നത് ഓസ്‌ട്രേലിയക്ക് ഏറ്റിരിക്കുന്ന വലിയ പ്രഹരമാണ്. പരിക്കിനെത്തുടര്‍ന്ന് വാര്‍ണര്‍ വിശ്രമത്തില്‍ തുടരുന്നു. ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി താരം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. മറുഭാഗത്ത് ഇന്ത്യയ്ക്കുമുണ്ട് ഒരുപിടി ആശങ്കകള്‍. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ബൗണ്‍സും സ്വിങ്ങുംകൊണ്ട് മികവ് കാട്ടാറുള്ള ഇഷാന്ത് ശര്‍മ ഇക്കുറിയില്ലെന്നതുതന്നെ ആദ്യത്തെ പ്രശ്‌നം. ഐപിഎല്ലിനിടെ സംഭവിച്ച പരിക്ക് കാരണം ഇഷാന്ത് ശര്‍മ പരമ്പരയില്‍ നിന്നുതന്നെ പുറത്തായി.

ഫിറ്റ്‌നസ് തെളിയിച്ചെങ്കിലും രോഹിത് ശര്‍മ ആദ്യ രണ്ടു ടെസ്റ്റുകളില്‍ പങ്കെടുക്കില്ല. ഓസ്‌ട്രേലിയയില്‍ വന്ന് രോഹിത് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുമ്പോഴേക്കും പരമ്പരയിലെ രണ്ടു ടെസ്റ്റുകള്‍ അവസാനിക്കും. നായകന്‍ വിരാട് കോലിയാകട്ടെ, അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുമെന്നതും ടീം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു. പുതിയ സാഹചര്യത്തില്‍ ഓസ്‌ട്രേലിയക്കാണ് കടലാസില്‍ മുന്‍തൂക്കം. അതുകൊണ്ട് നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര കയ്യടക്കണമെങ്കില്‍ ഇന്ത്യന്‍ ടീം ചെയ്യേണ്ടതെന്തെന്ന് പറയുകയാണ് മുന്‍ ഇതിഹാസങ്ങളായ രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും.

2018-19 കാലത്തെ പരമ്പരജയം ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ സംഘത്തിന് കഴിയുമെന്ന് ഇരുവരും കരുതുന്നു. എന്നാല്‍ പരമ്പരജയത്തില്‍ അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റ് ഏറ്റവും നിര്‍ണായകമെന്നാണ് കുംബ്ലെയുടെ പക്ഷം. ജയിച്ചുകൊണ്ടുവേണം ടീം ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമിടാന്‍. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഓസ്‌ട്രേലിയന്‍ പക്ഷത്ത് തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണെന്നും കുംബ്ലെ സൂചിപ്പിക്കുന്നു.

കോലിയുടെ മടങ്ങിപ്പോക്കും ഇന്ത്യയെ പ്രതിസന്ധിയിലാക്കും. എന്നാല്‍ ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും കടമ്പകള്‍ കടന്ന് മുന്നേറാന്‍ ഇപ്പോഴത്തെ സംഘത്തിന് സാധിക്കുമെന്നാണ് കുംബ്ലെ വിലയിരുത്തുന്നത്.ഇതേസമയം, പേസര്‍മാരുടെ പ്രകടനം ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായകമാവും. ഓസ്‌ട്രേലിയയുടെ പേസ് നിലവാരത്തിനൊപ്പം നില്‍ക്കാന്‍ ഇന്ത്യയ്ക്ക് കഴിയണം. പിങ്ക് ബോളില്‍ ഓസ്‌ട്രേലിയ കരുത്തരാണ്. അഡ്‌ലെയ്ഡിലെ സാഹചര്യങ്ങള്‍ ആതിഥേയര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും. അതുകൊണ്ട് പേസ് വിഭാഗത്തില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുംബ്ലെ പറഞ്ഞു.

കഴിഞ്ഞതവണ ചേതേശ്വര്‍ പൂജാര നടത്തിയ പോലൊരു പ്രകടനം ഇത്തവണ ഇന്ത്യന്‍ ടീമില്‍ നിന്നും ആര് ആവര്‍ത്തിക്കുമെന്ന ചോദ്യമാണ് രാഹുല്‍ ദ്രാവിഡ് മുന്നോട്ടുവെയ്ക്കുന്നത്. ഇന്ത്യന്‍ ബൗളര്‍മാരെ സംബന്ധിച്ച് അഞ്ച് ദിവസംകൊണ്ട് ഓസ്‌ട്രേലിയയുടെ 20 വിക്കറ്റുകളെടുക്കുക വിഷമകരമല്ലെന്ന് ദ്രാവിഡ് പറയുന്നു. എന്നാല്‍ പരമ്പരയില്‍ മുഴുനീളം നിന്ന് അഞ്ഞൂറിലധികം റണ്‍സടിക്കാന്‍ കഴിയുന്ന ബാറ്റ്‌സ്മാന്‍ ടീമിലുണ്ടോ, ഈ ചോദ്യത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ കുതിപ്പ്, ദ്രാവിഡ് ചൂണ്ടിക്കാട്ടി.

ടീമില്‍ അത്തരമൊരു ബാറ്റ്‌സ്മാന്‍ മുന്നോട്ടുവന്നാല്‍ പരമ്പരജയം ഇന്ത്യയ്ക്ക് സാധ്യമെന്നാണ് ദ്രാവിഡിന്റെ പക്ഷം. ഇതേസമയം, ഓസ്‌ട്രേലിയന്‍ നിരയില്‍ സ്മിത്തോ വാര്‍ണറോ നിന്നു കളിച്ചാല്‍ ഇന്ത്യയ്ക്ക് ആധിപത്യം നഷ്ടപ്പെടുമെന്ന മുന്നറിയിപ്പും ദ്രാവിഡ് നല്‍കുന്നുണ്ട്. ഡിംസബര്‍ 17 -ന് അഡ്‌ലെയ്ഡിലാണ് പരമ്പരയിലെ ആദ്യ മത്സരം. രാത്രിയും പകലുമായാണ് ആദ്യ ടെസ്റ്റ് നടക്കുക.


Click it and Unblock the Notifications