അഡ്‌ലെയ്ഡ് ടെസ്റ്റിനുള്ള ടീമിനെ ഒരുദിവസം മുന്‍പുതന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ടീം ഇന്ത്യ. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മിന്നും ഫോമില്‍ തുടരുന്ന കെഎല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരെ വിരാട് കോലി ബെഞ്ചിലിരുത്തി. മായങ്ക് അഗര്‍വാളും പൃഥ്വി ഷായും ഇന്ത്യയുടെ ഓപ്പണര്‍മാരാവും. പരിക്കേറ്റ് പുറത്തായ ഇഷാന്ത് ശര്‍മയ്ക്ക് പകരം ഉമേഷ് യാദവാണ് ടീമിലെ മൂന്നാം പേസര്‍. അഡ്‌ലെയ്ഡ് ടെസ്റ്റിന് മുന്നോടിയായി പ്ലേയിങ് ഇലവനെ ബുധനാഴ്ച്ചത്തന്നെ ടീം ഇന്ത്യ പ്രഖ്യാപിച്ചു.

എന്നാല്‍ ഇന്ത്യ ചെയ്തതുപോലെ ആദ്യ ടെസ്റ്റിനുള്ള ടീമിനെ ആദ്യമെ പ്രഖ്യാപിക്കാന്‍ ഓസ്‌ട്രേലിയ ഒരുക്കമല്ല. ടോസ് കഴിഞ്ഞതിന് ശേഷം മാത്രമേ പ്ലേയിങ് ഇലവന്‍ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂവെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍ വ്യക്തമാക്കി. ഇതേസമയം, പിങ്ക് ബോള്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ കാമറോണ്‍ ഗ്രീന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന സൂചന ഓസീസ് നായകന്‍ നല്‍കിയിട്ടുണ്ട്. ജോണ്‍ ബേണ്‍സ് ടീമിനായി ഓപ്പണ്‍ ചെയ്യുമോയെന്ന കാര്യം വ്യക്തമല്ല. പുറത്ത് നീര് വെച്ചതിനെത്തുടര്‍ന്ന് ചൊവാഴ്ച്ച പരിശീലനത്തിന് ഇറങ്ങാതിരുന്ന സ്റ്റീവ് സ്മിത്ത് ബുധനാഴ്ച്ച നെറ്റ്‌സിലെത്തിയത് ഓസ്‌ട്രേലിയയുടെ ആശങ്ക അകറ്റുന്നുണ്ട്.
നേരത്തെ, രണ്ടാം സന്നാഹമത്സരത്തിനിടെയാണ് യുവതാരം കാമറോണ്‍ ഗ്രീനിന് പന്തുകൊണ്ട് പരിക്കേല്‍ക്കുന്നത്. താരം ആരോഗ്യം വീണ്ടെടുത്തെന്നും ടെസ്റ്റ് അരങ്ങേറ്റം കുറിക്കാന്‍ സജ്ജമാണെന്നും ബുധനാഴ്ച്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ പെയ്ന്‍ അറിയിച്ചു. ഇത്തവണ മൈതാനത്ത് ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ അനാവശ്യമായ സംസാരമുണ്ടാകില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞു. തിരിഞ്ഞുനോക്കുമ്പോള്‍ ഇക്കാലമത്രയും നടന്ന വാക്കേറ്റങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഐപിഎല്ലിലെ പൂര്‍വ പരിചയം ഓസ്‌ട്രേലിയന്‍ താരങ്ങളുടെ സമീപനത്തിലും മാറ്റമുണ്ടാക്കിയതായി കോലി സൂചിപ്പിച്ചു.
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ പ്രഖ്യാപിച്ച പ്ലേയിങ് ഇലവനെ ചുവടെ കാണാം.
മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, വിരാട് കോലി (നായകന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.