
സ്മിത്തിന്റെയും ലബ്യുഷെയ്‌ന്റെയും ഫോമാണ് ഓസ്‌ട്രേലിയയുടെ പുതിയ ആശങ്ക. കഴിഞ്ഞ രണ്ടു ടെസ്റ്റിലും ഇരുവര്‍ക്കും സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ല. മെല്‍ബണിലാകട്ടെ, അക്കൗണ്ട് തുറക്കും മുന്‍പാണ് സ്മിത്ത് പുറത്തായതും. ബോക്‌സിങ് ഡേ ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും ഒരു ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ പോലും അര്‍ധ സെഞ്ച്വറി കണ്ടില്ലെന്നത് ചിത്രം ദാരുണമാക്കുന്നു.

എന്തായാലും ഇതൊന്നും കാര്യമാക്കേണ്ടെന്നാണ് ടീമിലെ പേസര്‍ പാറ്റ് കമ്മിന്‍സ് പറയുന്നത്. സ്മിത്തിനെയും ലബ്യുഷെയ്‌നെയും എഴുതിത്തള്ളേണ്ട കാര്യമില്ല. കഴിഞ്ഞ സമ്മര്‍ കാലത്ത് ലബ്യുഷെയ്‌ന്റെ പ്രകടനം ഏവരും കണ്ടതാണ്. സ്മിത്തിന്റെ കാര്യമെടുത്താല്‍, ഒരു മാസം മുന്‍പാണ് അദ്ദേഹം ഏകദിനത്തില്‍ തുടര്‍ച്ചയായി 70 പന്തുകളില്‍ സെഞ്ച്വറി പിന്നിടുന്നത് കണ്ടത്. അതുകൊണ്ട് സ്മിത്തിനെയും ലബ്യുഷെയ്‌നെയും കുറിച്ച് ആലോചിച്ച് തലപുകയ്‌ക്കേണ്ട ആവശ്യമില്ല. വരും മത്സരങ്ങളില്‍ അവര്‍ താളം കണ്ടെത്തും, വാര്‍ത്താസമ്മേളനത്തില്‍ പാറ്റ് കമ്മിന്‍സ് അറിയിച്ചു.

നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ നാലു ഇന്നിങ്‌സുകളില്‍ കളിച്ചിട്ടും എട്ടു റണ്‍സിന് മുകളില്‍ പോകാന്‍ സ്മിത്തിന് കഴിഞ്ഞിട്ടില്ല. ബോക്‌സിങ് ഡേ ടെസ്റ്റിലെ ആദ്യ ദിനം അശ്വിന് മുന്നില്‍ റണ്‍സൊന്നുമെടുക്കാതെയാണ് സ്മിത്ത് മടങ്ങിയത്. പരമ്പരയില്‍ ഇതുവരെ രണ്ടു പ്രാവശ്യം അശ്വിന്‍ സ്മിത്തിനെ പുറത്താക്കിയത് കാണാം.
മറുഭാഗത്ത് ലബ്യുഷെയ്‌ന്റെ കാര്യം വരുമ്പോള്‍, മികച്ച തുടക്കം മുതലെടുക്കാന്‍ സാധിക്കാത്തതാണ് പ്രശ്‌നം. പരമ്പരയില്‍ കളിച്ച നാലില്‍ മൂന്നു ഇന്നിങ്‌സിലും 25 റണ്‍സിന് മുകളില്‍ ലബ്യുഷെയ്ന്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അര്‍ധ സെഞ്ച്വറിയിലേക്ക് ചുവടുവെയ്ക്കാന്‍ താരത്തിന് സാധിച്ചില്ല.

ഇതേ വാര്‍ത്താസമ്മേളനത്തില്‍ ടെസ്റ്റില്‍ ഏറ്റവും വിഷമകരമായ ബാറ്റ്‌സ്മാനെക്കുറിച്ചും കമ്മിന്‍സ് വെളിപ്പെടുത്തുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേഴ്‌സിനെതിരെ പന്തെറിയുകയാണ് ടെസ്റ്റിലെ ഏറ്റവും വിഷമകരമായ അവസ്ഥയെന്ന് താരം പറയുന്നു. നിന്ന നില്‍പ്പില്‍ 'ഗിയര്‍ മാറാന്‍' ഡിവില്ലേഴ്‌സിന് കഴിയും. അതിപ്പോള്‍ ടെസ്‌റ്റെന്നോ ട്വന്റി-20 എന്നോ വ്യത്യാസമില്ല.

'കരിയറില്‍ എഡി ഡിവില്ലേഴ്‌സിനെതിരെ പന്തെറിയുകയാണ് ഏറ്റവും വിഷമകരമായി തോന്നിയിട്ടുള്ളത്. ഡിവില്ലേഴ്‌സിനെക്കുറിച്ച് പറയുമ്പോള്‍ 2018 -ലെ ടെസ്റ്റ് പരമ്പരയാണ് ഓര്‍മ്മ വരുന്നതും. അദ്ദേഹം ക്ലാസ് ബാറ്റ്‌സ്മാനാണ്. ഏതുനിമിഷം വേണമെങ്കില്‍ ട്വന്റി-20 മോഡിലേക്ക് കടക്കാന്‍ ഡിവില്ലേഴ്‌സിന് കഴിയും. അഞ്ചോവര്‍കൊണ്ടുതന്നെ 100 തികയ്ക്കാന്‍ അദ്ദേഹത്തിന് കെല്‍പ്പുണ്ട്. അതുകൊണ്ട് ഡിവില്ലേഴ്‌സിനെതിരെ പന്തെറിയുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്', പാറ്റ് കമ്മിന്‍സ് വിശദീകരിച്ചു.
Image Source: Twitter /cricket.com.au


Click it and Unblock the Notifications