ഫിറ്റ്‌നസോ ടെക്‌നിക്കോ, പൃഥ്വി ഷായുടെ പ്രശ്‌നമെന്ത്? കൈഫ് പറയുന്നു
ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ 'ഭംഗിയായി' തോറ്റു. 53 റണ്‍സ് ലീഡുണ്ടായിട്ടും രണ്ടാം ഇന്നിങ്‌സിലെ കൂട്ടത്തകര്‍ച്ച തോല്‍വിക്ക് മുഖ്യകാരണമായി. ഇനി ബോക്‌സിങ് ഡേ ടെസ്റ്റാണ് മുന്നില്‍. പിങ്ക് പന്തിലേറ്റ തോല്‍വിക്ക് ചുവന്ന പന്തില്‍ മറുപടി കൊടുക്കാന്‍ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ തയ്യാറെടുക്കുന്നു. ഇതേസമയം, ആദ്യ ടെസ്റ്റില്‍ പൂര്‍ണ പരാജയമായ യുവതാരം പൃഥ്വി ഷായ്ക്ക് രണ്ടാമത്തെ ടെസ്റ്റില്‍ അവസരം ലഭിക്കുമോയെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.

ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍ എന്നിവരെ മറികടന്നാണ് പൃഥ്വി ഷാ ആദ്യ മത്സരത്തില്‍ ഓപ്പണറായത്. എന്നാല്‍ രണ്ടിങ്ങിങ്‌സിലുമായി താരം നേടിയതാകട്ടെ, കേവലം 4 റണ്‍സും. ഷായുടെ ബാറ്റിങ് ടെക്‌നിക്കിലെ പോരായ്മ അഡ്‌ലെയ്ഡ് ഓവല്‍ മൈതാനത്ത് ദൃശ്യമായിരുന്നു. ഫ്രണ്ട് ഫൂട്ടില്‍ കളിക്കുമ്പോള്‍ ബാറ്റും പാഡും തമ്മില്‍ വലിയ വിടവ് താരം അനുവദിക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ പേസര്‍മാര്‍ ഇതു കൃത്യമായി മുതലെടുക്കുകയും ചെയ്യുന്നു. രണ്ടവസരത്തിലും ഒരേ വിധമാണ് പൃഥ്വി ഷാ പുറത്തായത്.

ഐപിഎല്ലില്‍ പരാജയമായിട്ടുകൂടി ടെസ്റ്റില്‍ പൃഥ്വി ഷായെ കൂട്ടിയ സെലക്ടര്‍മാരുടെ തീരുമാനത്തോട് പലര്‍ക്കും വിയോജിപ്പുണ്ട്. ആദ്യ ടെസ്റ്റില്‍ അവസരം ലഭിച്ചിട്ടും ടീമിനെ തുണയ്ക്കാന്‍ താരത്തിന് സാധിച്ചുമില്ല. ഫ്രണ്ട് ഫൂട്ടിലെ പോരായ്മയ്ക്കുള്ള കാരണം ഷായുടെ ടെക്‌നിക്കോ ഫിറ്റ്‌നസോ? ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹപരിശീലകന്‍ മുഹമ്മദ് കൈഫ് ഈ ചോദ്യത്തിന് മറുപടി നല്‍കുകയാണ്.

'ലോകോത്തര പന്തുകള്‍ നേരിടുമ്പോള്‍ ടെക്‌നിക്ക് തീര്‍ച്ചയായും ബാറ്റ്‌സ്മാനെ സഹായിക്കും. സ്റ്റാര്‍ക്കില്‍ നിന്നും കമ്മിന്‍സില്‍ നിന്നും കാണുന്നതുപോലുള്ള വേഗമാര്‍ന്ന ചലിക്കുന്ന പന്തുകള്‍ ഇന്ത്യന്‍ പിച്ചുകളില്‍ കിട്ടില്ല. ഷായുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റായിരുന്നു അഡ്‌ലെയ്ഡിലേത്. അനുഭവം കടുപ്പമായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു', കൈഫ് സൂചിപ്പിച്ചു.

കഴിഞ്ഞ ഐപിഎല്ലിനിടെ പൃഥ്വി ഷായോട് ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നതായി കൈഫ് വെളിപ്പെടുത്തുന്നുണ്ട്. ഫോം നഷ്ടപ്പെടുമ്പോള്‍ താരങ്ങള്‍ കൂടുതല്‍ അധ്വാനിക്കണം. റണ്‍സ് എളുപ്പം കണ്ടെത്തുന്ന കാലഘട്ടത്തില്‍ നെറ്റ്‌സില്‍ സമയം കുറച്ചു ചിലവഴിച്ചാലും പ്രശ്‌നമില്ല; പരിശീലനത്തില്‍ നിന്നും ഇടവേള കണ്ടെത്താം. എന്നാല്‍ ഫോമിലല്ലാത്ത സാഹചര്യത്തില്‍ താരം നെറ്റ്‌സിലായിരിക്കണം കൂടുതല്‍ സമയം തുടരേണ്ടത്. സച്ചിനും ദ്രാവിഡുമെല്ലാം ഇങ്ങനെ കഠിനാധ്വാനം നടത്തിയാണ് മികവ് തെളിയിച്ചതെന്ന് കൈഫ് വ്യക്തമാക്കി.

ഇപ്പോഴത്തെ ചിത്രം പരിശോധിക്കുമ്പോള്‍ പൃഥ്വി ഷാ ഫിറ്റ്‌നസില്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് കൈഫ് സമ്മതിക്കുന്നു. ഒപ്പം മാനസികാരോഗ്യവും ഉറപ്പുവരുത്തണം. ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുമ്പോള്‍ കൂടുതല്‍ ക്യാച്ചുകള്‍ എടുക്കാനും കൂടുതല്‍ സമയം ബാറ്റുചെയ്യാനും കൂടുതല്‍ സമയം ഓടാനും കൂടുതല്‍ സമയം ജിമ്മില്‍ ചിലവഴിക്കാനുമെല്ലാം ഷാ തയ്യാറാവണം. മനസിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഈ നടപടികള്‍ സഹായിക്കും, മുഹമ്മദ് കൈഫ് ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications