
സ്‌ക്വാഡില്‍ നവ്ദീപ് സെയ്‌നിയും മുഹമ്മദ് സിറാജുമുണ്ട് പേസര്‍മാരായി. ഇവരില്‍ ഒരാള്‍ക്ക് രണ്ടാം ടെസ്റ്റില്‍ നറുക്കുവീഴാന്‍ സാധ്യതയേറെ. നിലവില്‍ രണ്ടു പേരും ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചിട്ടില്ല. നേരത്തെ, ടീമിലെ മൂന്നാം പേസര്‍ക്കായുള്ള അന്വേഷണത്തില്‍ സെയ്‌നിയും സിറാജും പരിഗണനയിലുണ്ടായിരുന്നു. പറഞ്ഞുവരുമ്പോള്‍ സെയ്‌നിക്കാളുപരി സിറാജിനായിരിക്കും രണ്ടാം ടെസ്റ്റില്‍ അവസരം ലഭിക്കാന്‍ സാധ്യത.

കാരണം ത്രിദിന സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയെ എ ടീമിനെതിരെ മികച്ച പ്രകടനം സിറാജ് കാഴ്ച്ചവെച്ചിട്ടുണ്ട്. രണ്ടു മത്സരങ്ങളില്‍ നിന്നും 5 വിക്കറ്റുകളാണ് സിറാജ് കണ്ടെത്തിയത്. സെയ്‌നി എടുത്തതാകട്ടെ 3 വിക്കറ്റും. ഇതേസമയം, സെയ്‌നി, സിറാജ് എന്നിവര്‍ക്ക് പുറമെ മറ്റു ചിലര്‍ക്കും ഒരുപക്ഷെ രണ്ടാം ടെസ്റ്റില്‍ അവസരം ലഭിക്കാം. ശാര്‍ദ്ധുല്‍ താക്കൂര്‍, ടി നടരാജന്‍, കാര്‍ത്തിക് ത്യാഗി എന്നിവരാണ് അവസരം കാത്തുനില്‍ക്കുന്ന മറ്റു ചിലര്‍.

നിലവില്‍ ടെസ്റ്റ് സ്‌ക്വാഡില്‍ മൂവരുമില്ല. ടീം ഇന്ത്യയുടെ നെറ്റ്‌സ് ബൗളര്‍മാരായാണ് താക്കൂറും നടരാജനും ത്യഗിയും ഓസ്‌ട്രേലിയയില്‍ തുടരുന്നത്. സെയ്‌നി, സിറാജ് എന്നിവരെ മാനേജ്‌മെന്റ് വേണ്ടെന്നുവെച്ചാല്‍ ശാര്‍ദ്ധുല്‍ താക്കൂറിനായിരിക്കും നറുക്കു വീഴുക. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി പന്തെറിഞ്ഞ പരിചയം മാത്രമേ മുംബൈക്കാരനായ താക്കൂറിനുള്ളൂ. എന്നാല്‍ 200 -ലേറെയുള്ള ഫസ്റ്റ് ക്ലാസ് വിക്കറ്റുകള്‍ ശാര്‍ദ്ധുല്‍ താക്കൂറിന് മുന്‍ഗണന കല്‍പ്പിക്കും.

ടി നടരാജനാണ് ഇന്ത്യയുടെ മറ്റൊരു പേസ് ഓപ്ഷന്‍. ഇക്കഴിഞ്ഞ ട്വന്റി-20, ഏകദിന പരമ്പരകളില്‍ നടരാജന്‍ തിളങ്ങിയിരുന്നു. ഇടംകയ്യന്‍ പേസറായ നടരാജന്‍ ടീമിലെത്തിയാല്‍ പേസാക്രമണങ്ങള്‍ക്ക് വൈവിധ്യം വരുമെന്ന കാര്യം മാനേജ്‌മെന്റ് പരിഗണിച്ചേക്കാം. യുവതാരം കാര്‍ത്തിക് ത്യാഗിയാണ് അവസാന ഓപ്ഷന്‍. യുഎഇയില്‍ സമാപിച്ച ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കാഴ്ച്ചവെച്ച ഗംഭീരപ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് കാര്‍ത്തിക് ത്യാഗിയെ ടീം ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് കൂട്ടിയത്.

നിലവില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് നെറ്റ്‌സില്‍ പന്തെറിഞ്ഞുകൊടുക്കുകയാണ് താരത്തിന്റെ പ്രധാന ചുമതല. നേരത്തെ, ഓസ്‌ട്രേലിയ എ ടീമിനെതിരായ ആദ്യ സന്നാഹ മത്സരത്തില്‍ കാര്‍ത്തിക് ത്യാഗി കളിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ വിക്കറ്റുകളെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല.


Click it and Unblock the Notifications