കോലിയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി മെച്ചപ്പെടണം, 'കല്ലുകടി' രണ്ടു കാര്യത്തിലെന്ന് ലക്ഷ്മണ്‍
ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ഇതിഹാസ ജയമൊരുക്കിയ ടെസ്റ്റ് നായകനാണ് വിരാട് കോലി. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍വെച്ച് ടെസ്റ്റില്‍ തോല്‍പ്പിച്ച ചരിത്രം മറ്റൊരു ഇന്ത്യന്‍ നായകനും അവകാശപ്പെടാനില്ല. ട്വന്റി-20, ഏകദിന ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ വിരാട് കോലി പഴി കേള്‍ക്കാറും കുറവുതന്നെ. എന്നാല്‍ ടെസ്റ്റിലും വിരാട് കോലിയുടെ ക്യാപ്റ്റന്‍സി ഇനിയും മെച്ചപ്പെടാനുണ്ടെന്ന് പറയുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണ്‍. ഫീല്‍ഡൊരുക്കമാണ് ഇതില്‍ ആദ്യത്തേത്.

പലപ്പോഴും പ്രതിരോധ ഫീല്‍ഡൊരുക്കാന്‍ കോലി മുന്‍കയ്യെടുക്കുന്നു. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അവസരമാണ് ഇതുവഴി നഷ്ടപ്പെടുന്നത്, ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. രണ്ടറ്റത്തും സ്പിന്നര്‍മാര്‍ പന്തെറിയവെ, ക്രീസില്‍ പുതിയ ബാറ്റ്‌സ്മാന്‍ കടന്നുവരുമ്പോള്‍ ഫീല്‍ഡറെ ഡീപ്പില്‍ നിര്‍ത്താന്‍ കോലി താത്പര്യപ്പെടുന്നു. ഈ ശൈലി മാറണം. കാരണം പുതിയ ബാറ്റ്‌സ്മാന് അനായാസം സ്‌ട്രൈക്ക് റൊട്ടേറ് ചെയ്യാനുള്ള അവസരമാണ് കൈവരുന്നത്; സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിന്റെ ക്രിക്കറ്റ് കണക്ടഡ് പരിപാടിയില്‍ ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ടീമില്‍ അടിക്കടി വരുന്ന മാറ്റങ്ങളാണ് കോലിയുടെ ക്യാപ്റ്റന്‍സിയിലെ കല്ലുകടിയായി ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം. സ്ഥിരമായൊരു പ്ലേയിങ് ഇലവനെ കളിപ്പിക്കാന്‍ കോലി തയ്യാറാവുന്നില്ല. ഓരോ മത്സരം കഴിയുമ്പോഴും പ്ലേയിങ് ഇലവന്‍ മാറുന്നു. ചിലര്‍ പുറത്തുപോകുന്നു. ചിലര്‍ കടന്നുവരുന്നു. ഈ നടപടി ടീമിന്റെ താളം നഷ്ടപ്പെടുത്തുകയാണെന്ന് ലക്ഷ്മണ്‍ അറിയിച്ചു.

'ക്രിക്കറ്റിലെ എന്റെ അനുഭവംവെച്ച് പറയട്ടെ, പുതിയ താരമായാലും എത്ര പരിചയസമ്പന്നനായ താരമായാലും ടീമില്‍ ഇനിയും അവസരം ലഭിക്കുമെന്ന വിശ്വാസമുണ്ടെങ്കില്‍ മാത്രമേ സധൈര്യം പൂര്‍ണ മികവില്‍ കളിക്കാന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യത്തിലും വിരാട് കോലി നിലപാട് മയപ്പെടുത്തണം. ഒന്നോ രണ്ടോ മത്സരങ്ങള്‍കൊണ്ട് ഒരു താരത്തെ മൊത്തമായി വിലയിരുത്തരുത്', ലക്ഷ്മണ്‍ പറഞ്ഞു.

നേരത്തെ, കോലിയുടെ ട്വന്റി-20 ക്യാപ്റ്റന്‍സിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് വീരേന്ദര്‍ സെവാഗ് രംഗത്തുവന്നിരുന്നു. കോലിക്ക് കീഴില്‍ ഒരു താരത്തിനും ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി കളിക്കാന്‍ സാധിക്കുന്നില്ല. സ്വന്തം കാര്യം വരുമ്പോള്‍ ടീം തിരഞ്ഞെടുപ്പിലെ അളവുകോല്‍ ഇന്ത്യന്‍ നായകന്‍ കാറ്റില്‍പ്പറത്തുകയാണെന്നാണ് സെവാഗിന്റെ ആക്ഷേപം. 2014 കാലഘട്ടത്തില്‍ എംഎസ് ധോണി പിന്തുണച്ചിരുന്നില്ലെങ്കില്‍ വിരാട് കോലി ഇന്ന് കാണുന്ന നിലയില്‍ എത്തില്ല. അന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ വമ്പന്‍ പരാജയമായിരുന്നിട്ടുകൂടി കോലിയെ ടീമില്‍ കളിപ്പിക്കാന്‍ ധോണി തയ്യാറായി. ഇക്കാര്യം കോലിയും മനസില്‍വെയ്ക്കണമെന്ന് സെവാഗ് തുറന്നടിക്കുകയുണ്ടായി.

ധോണിയില്‍ നിന്നും ലഭിച്ച അളവുറ്റ പിന്തുണയെപ്പറ്റി കോലി എന്നും പറയാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ നായകനായ കോലിയില്‍ നിന്നും ഇത്തരമൊരു പിന്തുണ ടീമില്‍ മറ്റാര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടോ, സെവാഗ് ചോദിക്കുന്നു. ടീം തിരഞ്ഞെടുപ്പിന്റെ കാര്യം വരുമ്പോള്‍ താരങ്ങള്‍ക്കും നായകനും വെവ്വേറെ അളവുകോലുകള്‍ നിശ്ചയിക്കപ്പെടുകയാണെന്നും സെവാഗ് പറയുന്നു.

ഇന്ത്യന്‍ ടീമില്‍ കോലിയുടെ സ്ഥാനത്തെക്കുറിച്ചും വീരേന്ദര്‍ സെവാഗിന് വിയോജിപ്പുണ്ട്. വിരാട് കോലിക്ക് മാത്രം നിയമങ്ങളും ചട്ടങ്ങളും ബാധകമാകുന്നില്ല. ഒരിക്കല്‍പ്പോലും കോലിയുടെ ബാറ്റിങ് ഓര്‍ഡര്‍ മാറുന്നില്ല. ഒപ്പം, ഫോം നഷ്ടപ്പെട്ടു നില്‍ക്കുമ്പോഴും വിരാട് കോലി ടീമിലെ പതിവുകാരനായി മാറുന്നു. ഇതു തെറ്റാണ്. ടീമിലെ മറ്റു താരങ്ങള്‍ക്കുള്ള അളവുകോലുകള്‍ തന്നെയാകണം ഇന്ത്യന്‍ നായകനും ബാധകമാകേണ്ടതെന്നാണ് സെവാഗിന്റെ പക്ഷം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications