അഡ്‌ലെയ്ഡ് ടെസ്റ്റ്: കെഎല്‍ രാഹുല്‍ കളിക്കില്ല, കാരണം വെളിപ്പെടുത്തി ആകാശ് ചോപ്ര
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ ആദ്യ ടെസ്റ്റ് അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുകയാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ തലപ്പത്തുള്ള ഓസ്‌ട്രേലിയയും രണ്ടാമതുള്ള ഇന്ത്യയും മുഖാമുഖം വരുമ്പോള്‍ മത്സരം കടുക്കുമെന്ന കാര്യമുറപ്പ്. കഴിഞ്ഞതവണത്തെ തോല്‍വിയുടെ കണക്കും ഓസ്‌ട്രേലിയക്ക് തീര്‍ക്കാനുണ്ട്. എന്തായാലും ഇരുപക്ഷത്തും തയ്യാറെടുപ്പുകള്‍ സജീവമായി തുടരുന്നു.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയുടെ രണ്ടാം ഓപ്പണര്‍ ആരായിരിക്കും, ഇഷാന്ത് ശര്‍മയ്ക്ക് പകരം ടീമിലെ മൂന്നാമത്തെ പേസര്‍ ആര് തുടങ്ങിയ ചോദ്യങ്ങള്‍ ആരാധകര്‍ക്കുണ്ട്. എന്നാല്‍ ഇതിനിടെ മറ്റൊരു നിരീക്ഷണവുമായി രംഗത്തുവരികയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സംഭവമെന്തന്നല്ലേ, കെഎല്‍ രാഹുല്‍ ആദ്യ ടെസ്റ്റ് കളിക്കില്ല; ചോപ്ര പറയുന്നു.

നിലവില്‍ പൃഥ്വി ഷാ, ശുബ്മാന്‍ ഗില്‍ എന്നിവര്‍ക്കൊപ്പം കെഎല്‍ രാഹുലും ഇന്ത്യയുടെ ഓപ്പണര്‍ തസ്തികയിലേക്ക് പരിഗണനയിലുണ്ട്. കഴിഞ്ഞ 33 ടെസ്റ്റ് മത്സരങ്ങളിലെ കണക്കുകള്‍ നോക്കിയാല്‍ താരത്തിന്റെ ബാറ്റിങ് ശരാശരി 36 റണ്‍സില്‍ എത്തിനില്‍ക്കുന്നു. ഓപ്പണറെന്ന നിലയില്‍ അഞ്ച് സെഞ്ച്വറി പൂര്‍ത്തിയാക്കിയ ചരിത്രവും രാഹുലിനുണ്ട്. ഇതില്‍ത്തന്നെ അഞ്ചില്‍ മൂന്നു സെഞ്ച്വറി പിറന്നതും ഇന്ത്യയ്ക്ക് പുറത്താണ്.

അതുകൊണ്ട് മായങ്ക് അഗര്‍വാളിനൊപ്പം ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ കെഎല്‍ രാഹുലിന് എല്ലാ യോഗ്യതയുമുണ്ടെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നു. ഇതേസമയം, ഓസ്‌ട്രേലിയക്കെതിരെ രണ്ടു സന്നാഹമത്സരങ്ങളിലും താരം പങ്കെടുക്കാത്ത സ്ഥിതിക്ക് കെഎല്‍ രാഹുല്‍ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ കളിക്കില്ലെന്നാണ് ചോപ്ര പറയുന്നത്.

ട്വന്റി-20 പരമ്പരയില്‍ കളിച്ചതുകൊണ്ട് ആദ്യ സന്നാഹമത്സരത്തില്‍ പങ്കെടുക്കാതിരുന്നതിന് താരത്തിന് വ്യക്തമായ കാരണമുണ്ട്. എന്നാല്‍ പകലും രാത്രിയുമായി നടന്ന രണ്ടാമത്തെ സന്നാഹമത്സരത്തില്‍ കെഎല്‍ രാഹുല്‍ കളിക്കണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല, ചോപ്ര അറിയിച്ചു. രാഹുലിനെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റും താത്പര്യം കാട്ടിയില്ല. ഇക്കാര്യം കൂടി കണക്കിലെടുക്കുമ്പോള്‍ ആദ്യ ടെസ്റ്റില്‍ രാഹുല്‍ പുറത്തിരിക്കാനാകും സാധ്യത കൂടുതല്‍, ആകശ് ചോപ്ര വ്യക്തമാക്കി.

എന്തായാലും കെഎല്‍ രാഹുല്‍ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറാവണമെന്ന പക്ഷം ചോപ്രയ്ക്കുണ്ട്. മുന്‍കാലങ്ങളില്‍ വീരേന്ദര്‍ സെവാഗിനും രോഹിത് ശര്‍മയ്ക്കും ടീം ഇന്ത്യ അവസരം കൊടുത്തതുപോലെ രാഹുലിനും അവസരം നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാവണം. നിലവില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണറാണ് രാഹുല്‍. ഇക്കഴിഞ്ഞ ട്വന്റി-20 പമ്പരയിലും ഏകദിന പരമ്പരയിലും രാഹുല്‍ അനായാസം റണ്‍സ് കണ്ടെത്തുന്നത് ആരാധകര്‍ കണ്ടിരുന്നു. എന്തായാലും ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി മടങ്ങുമ്പോള്‍ കെഎല്‍ രാഹുല്‍ മധ്യനിരയില്‍ സ്ഥാനം കണ്ടെത്തുമെന്ന കാര്യമുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications