
പറഞ്ഞുവരുമ്പോള്‍ ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ മോശമല്ലാത്ത ചരിത്രം കെഎല്‍ രാഹുലിനും പറയാനുണ്ട്. എന്നാല്‍ രാഹുല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണറാവില്ലെന്ന് തീര്‍ത്തുപറഞ്ഞിരിക്കുകയാണ് നായകന്‍ വിരാട് കോലി. നാലു മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ കെഎല്‍ രാഹുലിനെ ഓപ്പണറായി ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നില്ല. സ്‌ക്വാഡില്‍ ഓപ്പണര്‍മാരുടെ ധാരാളിത്തംതന്നെ കാരണം.

രോഹിത് ശര്‍മ കൂടി ടീമില്‍ തിരിച്ചെത്തുന്നതോടെ ഓപ്പണര്‍ സ്ഥാനത്തേക്ക് കെഎല്‍ രാഹുലിന് അവസരം ലഭിക്കില്ല. പൂര്‍ണ ഫിറ്റ്‌നസോടെ രോഹിത് കളിക്കാന്‍ വരികയാണെങ്കില്‍ അദ്ദേഹംതന്നെ ഇന്ത്യയുടെ ഓപ്പണറാവുമെന്ന സൂചനയും കോലി നല്‍കി.
'കോമ്പിനേഷനാണ് പ്രധാനം. കെഎല്‍ രാഹുല്‍ മികച്ച താരമാണ്. ഇതില്‍ സംശയമില്ല. എന്നാല്‍ ടീമില്‍ ബാലന്‍സ് വേണം. നിലവില്‍ എല്ലാവരും ഉയര്‍ന്ന ക്രിക്കറ്റ് കാഴ്ച്ചവെക്കുന്നുണ്ട്. സ്‌ക്വാഡില്‍ നിലവാരമുള്ള കളിക്കാരും ഏറെ', അഡ്‌ലെയ്ഡ് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ കോലി അറിയിച്ചു.

'ടീമില്‍ ഓപ്പണര്‍മാര്‍ ഒരുപാടുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കെഎല്‍ രാഹുലിനെ സ്‌ക്വാഡില്‍ എടുത്തത്. രോഹിത് ശര്‍മ കടന്നുവരുമ്പോള്‍ അദ്ദേഹമായിരിക്കും ഇന്ത്യയുടെ ഇന്നിങ്‌സുകള്‍ക്ക് തുടക്കമിടുക. ഈ സാഹചര്യത്തില്‍ കെഎല്‍ രാഹുല്‍ എവിടെ കളിക്കും? ഇതിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്', ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

'ഏറ്റവും മികച്ച സ്‌ക്വാഡുമായാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുള്ളത്. ഇനി സാഹചര്യവും സന്ദര്‍ഭവും വിലയിരുത്തി മികച്ച കോമ്പിനേഷനെ കണ്ടെത്തണം. എങ്കില്‍ മാത്രമേ ടീമില്‍ ബാലന്‍സ് കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ', കോലി കൂട്ടിച്ചേര്‍ത്തു. ടീമിലെ യുവതാരങ്ങള്‍ സ്വതന്ത്രമായി കളിക്കണമെന്നാണ് കോലിയുടെ ആവശ്യം. ഇതേസമയം, പരമ്പരയിലുടനീളം മുതിര്‍ന്ന താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാവണമെന്നും നായകന്‍ സൂചിപ്പിച്ചു.

അഡ്ലെയ്ഡ് ടെസ്റ്റില്‍ കെഎല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരെ ബെഞ്ചിലിരുത്തിയാണ് ഇന്ത്യ കളിക്കുക. മായങ്ക് അഗര്‍വാളും പൃഥ്വി ഷായും ഇന്ത്യയുടെ ഓപ്പണര്‍മാരാവും. പരിചയസമ്പന്നത മുന്‍നിര്‍ത്തി വൃധിമാന്‍ സാഹയാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധിച്ചാല്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം മൂന്നാം പേസറായി ഉമേഷ് യാദവ് കടന്നുവരുന്നു. രവിചന്ദ്രന്‍ അശ്വിനാണ് ടീമിലെ ഏക സ്പിന്നര്‍.

അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ പ്രഖ്യാപിച്ച പ്ലേയിങ് ഇലവനെ ചുവടെ കാണാം.
മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, വിരാട് കോലി (നായകന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പർ), രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.


Click it and Unblock the Notifications