സിഡ്‌നി: പരിക്കേറ്റ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ ഇന്ത്യയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കില്ല. രണ്ടാം ഏകദിനത്തിനിടെ കീഴ്‌വയറ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് മൂന്നാം ഏകദിനത്തില്‍ നിന്നും ട്വന്റി-20 പരമ്പരയില്‍ നിന്നും വാര്‍ണര്‍ പിന്മാറിയത്. പരിക്ക് ഭേദമാവുന്നുണ്ടെങ്കിലും അഡ്‌ലെയ്ഡ് ടെസ്റ്റിന് മുന്‍പ് താരം ഫിറ്റ്‌നസ് കൈവരിക്കില്ല. ഈ സാഹചര്യത്തില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും വാര്‍ണര്‍ക്ക് വിശ്രമം അനുവദിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചു. മെല്‍ബണില്‍ നിശ്ചയിച്ചിട്ടുള്ള ബോക്‌സിങ് ഡേ ടെസ്റ്റില്‍ വാര്‍ണര്‍ക്ക് കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയ.

ചുരുങ്ങിയ സമയംകൊണ്ടുതന്നെ ആരോഗ്യനില വീണ്ടെടുക്കാന്‍ തനിക്ക് സാധിച്ചു. സിഡ്‌നിയില്‍ തങ്ങി പൂര്‍ണ ഫിറ്റ്‌നസ് കൈവരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോഴെന്ന് ഡേവിഡ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. വാര്‍ണര്‍ക്ക് പകരം ടീമില്‍ ആര് കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടില്ല. കാമറോണ്‍ ഗ്രീന്‍ വാര്‍ണര്‍ക്ക് പകരക്കാരനായി ടീമില്‍ എത്തുമെന്നാണ് സൂചന. ത്രിദിന സന്നാഹമത്സരത്തില്‍ ഇന്ത്യാ ഇലവനെതിരെ താരം തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചിരുന്നു. വില്‍ പുക്കോവ്‌സ്‌കി, ജോ ബേണ്‍സ് എന്നിവരും പകരക്കാരുടെ പട്ടികയില്‍ പരിഗണനയിലുണ്ട്.
ഡിസംബര്‍ 17 -ന് അഡ്‌ലെയ്ഡിലാണ് ബോര്‍ഡ് ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ ആദ്യ പിങ്ക് ബോള്‍ ടെസ്‌റ്റെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. നിലവില്‍ ബംഗ്ലാദേശിനെതിരെ മാത്രമാണ് ടീം ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചിരിക്കുന്നത്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാണ് പരമ്പരയിലെ നാലു ടെസ്റ്റ് മത്സരങ്ങളും. പുതിയ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയാണ് ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ തലപ്പത്ത്. തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയുണ്ട്. പരമ്പര ജയിക്കുന്നവര്‍ അടുത്തവര്‍ഷത്തെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടുമെന്ന കാര്യവും പോരാങ്ങള്‍ക്ക് മാറ്റുകൂട്ടും.
കഴിഞ്ഞതവണ ഇന്ത്യ ഓസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോള്‍ വിരാട് കോലിയും കൂട്ടരുമാണ് ടെസ്റ്റ് പരമ്പര ഐതിഹാസികമായി ജയിച്ചത്. എന്നാല്‍ ഇപ്രാവശ്യം കാര്യങ്ങള്‍ കടുപ്പമായിരിക്കും. ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിന്റെ സാന്നിധ്യംതന്നെ ഓസ്‌ട്രേലിയയുടെ പ്രധാന കരുത്ത്. ഒപ്പം മാര്‍നസ് ലബ്യുഷെയ്‌നെന്ന പുതിയ താരോദയവും കംഗാരുക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
ഇന്ത്യയുടെ കാര്യമെടുത്താല്‍ ഇഷാന്ത് ശര്‍മയും രോഹിത് ശര്‍മയും ഇല്ലാതെയാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് കളിക്കുക. പരിക്ക് കാരണമാണ് ഇഷാന്ത് ശര്‍മ പരമ്പരയില്‍ നിന്നും പുറത്തായത്. രോഹിത് ശര്‍മ ഫിറ്റ്‌നസ് തെളിയിച്ചെങ്കിലും ക്വാറന്റൈന്‍ ചട്ടങ്ങള്‍ പ്രമാണിച്ച് ആദ്യ രണ്ടു ടെസ്റ്റുകളില്‍ താരത്തിന് പങ്കെടുക്കാന്‍ സാധിക്കില്ല. അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം നായകന്‍ വിരാട് കോലി നാട്ടിലേക്ക് തിരിച്ച് മടങ്ങുമെന്നതും ടീം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു. ഉപനായകന്‍ അജിങ്ക്യ രഹാനെയാണ് തുടര്‍ന്നുള്ള മൂന്നു ടെസ്റ്റിലും ഇന്ത്യയെ നയിക്കുക.