ഓസ്‌ട്രേലിയയുടെ ബാറ്റിങ് പാളിച്ചകള്‍ തുറന്നുകാട്ടിയാണ് ഇന്ത്യ മെല്‍ബണില്‍ എട്ടു വിക്കറ്റിന് ജയിച്ചത്. ഇതോടെ നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഒപ്പത്തിനൊപ്പമെത്തി. സിഡ്‌നിയിലെ മൂന്നാം ടെസ്റ്റ് ഇരുപക്ഷത്തും നിര്‍ണായകമാണ്. ഇരു ക്യാംപുകളിലും ഒരുക്കങ്ങള്‍ തകൃതിയായി തുടരുന്നു. മുന്‍നിര പെട്ടെന്നു തകരുന്നതാണ് ഓസ്‌ട്രേലിയയുടെ പ്രധാന ആശങ്ക. ജോ ബേണ്‍സ് - മാത്യു വെയ്ഡ് സഖ്യത്തില്‍ നിന്നൊരു മികച്ച തുടക്കം ആതിഥേയര്‍ക്ക് കിട്ടാക്കനിയാവുന്നു.
ഈ അവസരത്തില്‍ പരിക്കില്‍ നിന്നും മുക്തനാവുന്ന ഡേവിഡ് വാര്‍ണറെ ടീമില്‍ തിരികെ കൊണ്ടുവരാനാണ് ഓസ്‌ട്രേലിയയുടെ ആലോചന. വാര്‍ണര്‍ നൂറു ശതമാനം 'ഫിറ്റല്ലെങ്കിലും' ഇന്ത്യയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യതയുണ്ടെന്ന് സഹപരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡോണള്‍ഡ് വ്യാഴാഴ്ച്ച അറിയിച്ചു.

ജനുവരി ഏഴു മുതല്‍ 11 വരെയാണ് സിഡ്‌നിയില്‍ മൂന്നാം ടെസ്റ്റ് അരങ്ങേറുക. വാര്‍ണറുടെ അഭാവത്തില്‍ കഴിഞ്ഞ രണ്ടു ടെസ്റ്റിലും ഓസ്‌ട്രേലിയയുടെ മുന്‍നിര പാടെ പരാജയപ്പെട്ടിരുന്നു.
'ഡേവിഡ് വാര്‍ണറെ കളിപ്പിക്കാനാണ് മാനേജ്‌മെന്റിന്റെ ആലോചന. പരിക്കില്‍ നിന്നും മുക്തനായി തിരിച്ചുവരികയാണ് അദ്ദേഹം. മത്സരത്തിന് നൂറു ശതമാനം ഫിറ്റല്ലായിരിക്കും. എന്തായാലും കളിച്ചു തുടങ്ങിയാല്‍ മാത്രമേ വാര്‍ണറുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ', വാര്‍ത്താസമ്മേളനത്തില്‍ മക്‌ഡോണള്‍ഡ് പറഞ്ഞു. 90-95 ശതമാനം ഫിറ്റ്‌നസുണ്ടെങ്കില്‍ വാര്‍ണര്‍ക്ക് ടീമില്‍ കളിക്കാമെന്ന പക്ഷമാണ് മക്‌ഡോണള്‍ഡിന്റേത്.
മൂന്നാം ടെസ്റ്റിനായി ഓസ്‌ട്രേലിയ പ്രഖ്യാപിച്ച സ്‌ക്വാഡില്‍ ഡേവിഡ് വാര്‍ണറും വിക്ടോറിയന്‍ യുവതാരം വില്‍ പുക്കോവ്‌സ്‌കിയുമുണ്ട്. മെല്‍ബണില്‍ ഇരുവരും ചേര്‍ന്നായിരിക്കും ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിന് തുടക്കമിടുക. മെല്‍ബണിലെ തോല്‍വിയില്‍ നിരാശയുണ്ട്. എന്നാല്‍ സിഡ്‌നിയില്‍ ആതിഥേയര്‍ ശക്തമായി തിരിച്ചുവരുമെന്ന ശുഭപ്രതീക്ഷ ആന്‍ഡ്രൂ മക്‌ഡോണള്‍ഡ് പങ്കുവെച്ചു. മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്താനുള്ള ആവേശത്തിലാണ് വാര്‍ണറെന്നും അദ്ദേഹം പറയുന്നു. സ്റ്റീവ് സ്മിത്തിന്റെ ഫോമാണ് ഓസ്‌ട്രേലിയയുടെ മറ്റൊരു ആശങ്ക. കഴിഞ്ഞ നാലു ഇന്നിങ്‌സില്‍ നിന്നും കേവലം 10 റണ്‍സ് മാത്രമാണ് സ്മിത്ത് സമ്പാദിച്ചത്. എന്നാല്‍ സ്മിത്തിനെ എഴുതിത്തള്ളരുതെന്ന് മക്‌ഡോണള്‍ഡ് ആവശ്യപ്പെടുന്നു.
'സ്മിത്ത് വൈകാതെ മികവിലേക്ക് തിരിച്ചെത്തും. നെറ്റ്‌സില്‍ അദ്ദേഹം ഏറെ സമയം ചിലവഴിക്കുന്നുണ്ട്', ഓസ്‌ട്രേലിയയുടെ സഹപരിശീലകന്‍ വ്യക്തമാക്കി. മെല്‍ബണില്‍ രവിചന്ദ്രന്‍ അശ്വിനെ നേരത്തെ അവതരിപ്പിക്കാനുള്ള അജിങ്ക്യ രഹാനെയുടെ നീക്കത്തെ കുറിച്ചും മക്‌ഡോണള്‍ഡ് സംസാരിക്കുന്നുണ്ട്.
'മെല്‍ബണ്‍ പിച്ചിലെ ബൗണ്‍സും സ്പിന്നും ഞങ്ങളെ അത്ഭുതപ്പെടുത്തി. ആദ്യദിനംതന്നെ പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്ന് ഒട്ടും കരുതിയില്ല. പന്ത് പിച്ചില്‍ കുത്തുന്നതും ബൗണ്‍സും ടേണും കൈവരിച്ചു. അതുകൊണ്ട് മെല്‍ബണ്‍ പിച്ച് ഞങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു', ആന്‍ഡ്രൂ മക്‌ഡോണള്‍ഡ് അറിയിച്ചു.