ഇന്ത്യയോടുള്ള തോല്‍വി; ടിം പെയ്‌നെ കുറ്റക്കാരനാക്കരുത്, പിന്തുണച്ച് ലീയും ക്ലാര്‍ക്കും

ഇന്ത്യയോട് ഒരിക്കല്‍ക്കൂടി ഹോം ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തോറ്റിരിക്കുന്നു. ഇത്തവണയും 2-1 എന്ന നിലയില്‍ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര ഇന്ത്യന്‍ സംഘം സ്വന്തമാക്കി. അഡ്‌ലെയ്ഡില്‍ ജയിച്ചതൊഴിച്ചാല്‍ മൂന്നു ടെസ്റ്റിലും ഇന്ത്യയ്ക്ക് മുന്‍പില്‍ ആതിഥേയര്‍ നിറംമങ്ങി. തോല്‍വിയില്‍ പഴികളേറെയും ഏറ്റുവാങ്ങുന്നത് ഓസീസ് നായകന്‍ ടിം പെയ്‌നാണ്. ഇന്ത്യയോട് തുടര്‍ച്ചയായി ടെസ്റ്റ് പരമ്പര തോല്‍ക്കുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ നായകനെന്ന ചീത്തപ്പേര് ടിം പെയ്‌ന് ഇപ്പോഴുണ്ട്. ഒപ്പം 1988 -ന് ഗാബയില്‍ തോറ്റിട്ടില്ലെന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ വീരവാദത്തിനും അറുതിയായി.

ടെസ്റ്റ് പരമ്പരയിലുടനീളം ടിം പെയ്‌ന്റെ തീരുമാനങ്ങള്‍ ശക്തമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ആദ്യം ആതിഥേയര്‍ മെല്‍ബണില്‍ എട്ടു വിക്കറ്റ് തോല്‍വി വഴങ്ങി; തുടര്‍ന്ന് സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ സമനില പൊരുതിനേടി. സിഡ്‌നിയില്‍ അഞ്ചാം ദിനം ഇന്ത്യയുടെ കോട്ട തകര്‍ക്കാന്‍ ഓസ്‌ട്രേലിയക്ക് കഴിയാതെ വരികയായിരുന്നു. ബ്രിസ്ബണിലെ തോല്‍വി കൂടിയായതോടെ ടിം പെയ്‌നെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നു. എന്നാല്‍ ടിം പെയ്‌നെ പിന്തുണച്ച് രംഗത്തുവരികയാണ് മുന്‍ ഇതിഹാസം ബ്രെറ്റ് ലീ. സിഡ്‌നിയില്‍ പെയ്‌ന്റെ തന്ത്രങ്ങള്‍ പിഴച്ചെന്ന കാര്യം ലീ സമ്മതിക്കുന്നു. പക്ഷെ പറയുന്നതുപോലെ അത്ര എളുപ്പമല്ല കളിയില്‍ കാര്യങ്ങള്‍ നടത്തുന്നതെന്ന് ലീ സൂചിപ്പിക്കുന്നു.

'ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതു മുതല്‍ ഇതുവരെ മികച്ച നായകപാടവമാണ് പെയ്ന്‍ കാഴ്ച്ചവെച്ചിട്ടുള്ളത്. സിഡ്‌നിയില്‍ വ്യത്യസ്തമായ സമീപനം കൈക്കൊള്ളാന്‍ പെയ്‌നിന് കഴിയുമായിരുന്നു. ഇക്കാര്യം സമ്മതിക്കുന്നു. എന്നാല്‍ പറയുന്നതുപോലെ എളുപ്പമല്ല മൈതാനത്ത് തീരുമാനങ്ങളെടുക്കുക. അദ്ദേഹം സമ്മര്‍ദ്ദത്തിലാണ് കളിച്ചത്. സിഡ്‌നിയില്‍ അവസാന അഞ്ചു വിക്കറ്റുകള്‍ക്കായി ഓസ്‌ട്രേലിയ കിണഞ്ഞു ശ്രമിച്ചു. എന്നാല്‍ നടന്നില്ല. ടിം പെയ്ന്‍ മികച്ച വിക്കറ്റ് കീപ്പറാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് മികവും നായക മികവും പ്രശംസ അര്‍ഹിക്കുന്നു', ലീ പറഞ്ഞു.

ടിം പെയ്‌നിനെ പിന്തുണച്ച് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്കും രംഗത്തുവന്നിട്ടുണ്ട്. ടീമിന്റെ തോല്‍വിക്ക് ക്യാപ്റ്റന്‍ മാത്രമല്ല ഉത്തരവാദി. സെലക്ടര്‍മാര്‍, പെര്‍ഫോര്‍മന്‍സ് മാനേജര്‍മാര്‍, മുഖ്യ പരിശീലകന്‍ എന്നിവരെല്ലാം തോല്‍വിയുടെ ഉത്തരവാദിത്വം പങ്കിടണമെന്നാണ് ക്ലാര്‍ക്കിന്റെ പക്ഷം. എന്തായാലും നായകസ്ഥാനം നഷ്ടപ്പെട്ടില്ലെങ്കില്‍ ടിം പെയ്‌ന് കീഴിലായിരിക്കും ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഒരുക്കം കൂട്ടുക. ഫെബ്രുവരി പകുതിയോടെയാണ് സുദീര്‍ഘമായ ദക്ഷിണാഫ്രിക്ക - ഓസ്‌ട്രേലിയ പരമ്പരകള്‍ക്ക് തുടക്കമാവുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: india in australia 2020-21
Story first published: Wednesday, January 20, 2021, 14:18 [IST]
Other articles published on Jan 20, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X