ഐതിഹാസിക ജയം; ടീം ഇന്ത്യയ്ക്ക് 5 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ
ബ്രിസ്ബണ്‍: ഗാബ്ബയിലെ ചരിത്ര ജയത്തിന് പിന്നാലെ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന് 5 കോടി രൂപ ബിസിസിഐ സമ്മാനത്തുക പ്രഖ്യാപിച്ചു. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം 18 പന്തുകള്‍ ബാക്കി നില്‍ക്കെ 3 വിക്കറ്റിനാണ് ഇന്ത്യ വീരോചിതമായി ജയിച്ചത്. ഇതോടെ 2-1 എന്ന നിലയില്‍ ടീം ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തിയതിന് പിന്നാലെ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് അഞ്ച് കോടി രൂപ സമ്മാനത്തുക ടീമിന് പ്രഖ്യാപിച്ചത്. നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സംഘം കാഴ്ച്ചവെച്ച മികവും പോരാട്ടവീര്യവും ജയ് ഷാ പ്രശംസിച്ചു.

'മുഴുവന്‍ രാജ്യത്തിന് പ്രചോദനമാണ് ഓസ്‌ട്രേലിയക്കെതിരായ ടീം ഇന്ത്യയുടെ ജയം. അജിങ്ക്യ രഹാനെയും രവി ശാസ്ത്രിയും മുഴുവന്‍ ടീമംഗങ്ങളും ഈ ജയത്തില്‍ അഭിനന്ദനമര്‍ഹിക്കുന്നു. മുഹമ്മദ് സിറാജ്, റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ പ്രകടനം പ്രത്യേകം എടുത്തുപറയണം. ഈ അവസരത്തില്‍ ജയിച്ചു വരുന്ന ടീം ഇന്ത്യയ്ക്ക് 5 കോടി രൂപ സമ്മാനത്തുക ബിസിസിഐ പ്രഖ്യാപിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ അവിസ്മരണീയ നിമിഷമാണിത്', ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു.
തുടര്‍ച്ചയായി ഇതു രണ്ടാം തവണയാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ച്ചെന്ന് ടെസ്റ്റ് പരമ്പര ജയിക്കുന്നത്. എന്നാല്‍ ആദ്യതവണത്തേക്കാളും ആവേശം പകരുന്ന പരമ്പര ജയമാണ് ഇക്കുറി ടീം ഇന്ത്യ പിടിച്ചെടുത്തത്. വിരാട് കോലിയില്ലാതെയാണ് പരമ്പരയില്‍ മൂന്നു ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ കളിച്ചതും. കോലിക്ക് പുറമെ ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ ഉള്‍പ്പെടെ പ്രധാന താരങ്ങളെല്ലാം പരിക്കിന് പിടിയില്‍ അകപ്പെട്ടതും ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തി. അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും മാത്രമാണ് പരമ്പരയിലെ നാലു ടെസ്റ്റിലും തുടര്‍ച്ചയായി പങ്കെടുത്തത്.
ജയത്തോടെ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പ്രഥമസ്ഥാനം തിരികെപിടിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ലോക ടെസ്റ്റ് റാങ്കിങ്ങിലും ഓസ്‌ട്രേലിയയെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തി. നിലവില്‍ 118.44 പോയിന്റുള്ള ന്യൂസിലാന്‍ഡാണ് ടെസ്റ്റ് റാങ്കിങ്ങില്‍ തലപ്പത്ത്. 117.65 പോയിന്റുമായി ഇന്ത്യ രണ്ടാമത് തുടരുന്നു. മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 113 പോയിന്റുണ്ട്. ഇംഗ്ലണ്ട് (106 പോയിന്റ്), ദക്ഷിണാഫ്രിക്ക (96 പോയിന്റ്), ശ്രീലങ്ക (86 പോയിന്റ്), പാകിസ്താന്‍ (82 പോയിന്റ്), വെസ്റ്റ് ഇന്‍ഡീസ് (77 പോയിന്റ്), ബംഗ്ലാദേശ് (55 പോയിന്റ്) എന്നിങ്ങനെയാണ് പട്ടികയിലെ മറ്റു ക്രമം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications