Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ശങ്കരന്‍ പിന്നെയും തെങ്ങില്‍ത്തന്നെ'; പൃഥ്വി ഷായില്‍ കുരുങ്ങി ഇന്ത്യ

'ശങ്കരന്‍ പിന്നെയും തെങ്ങില്‍ത്തന്നെ', പൃഥ്വി ഷായുടെ കളി കാണുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ പറഞ്ഞുപോവുകയാണ്. രണ്ടാം ഇന്നിങ്‌സിലും അലസമായ സമീപനം ഷായുടെ വിക്കറ്റു നഷ്ടപ്പെടുത്തി. 53 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യ, ഷായുടെ വിക്കറ്റില്‍ ഒരിക്കല്‍ക്കൂടി അനാവശ്യ സമ്മര്‍ദ്ദം ഏറ്റുവാങ്ങിയിരിക്കുകയാണ്.

രണ്ടാം ദിനം കളി അവസാനിക്കാന്‍ ആറോവര്‍ ബാക്കി നില്‍ക്കെയായിരുന്നു ഷായുടെ മടക്കം. ആദ്യ ഇന്നിങ്‌സിന്റെ തനിയാവര്‍ത്തനമായി രണ്ടാം ഇന്നിങ്‌സും. മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം പാറ്റ് കമ്മിന്‍സ് ഷായുടെ സ്റ്റംപ് തെറിപ്പിച്ചത് മാത്രമാകുന്നു വ്യത്യാസം.

വീണ്ടും പരാജയം

ഫ്രണ്ട് ഫൂട്ടില്‍ കളിക്കുന്നതിലെ പോരായ്മയാണ് പൃഥ്വി ഷായ്ക്ക് വിനയാവുന്നത്. പന്തിന്റെ ലൈനിലേക്ക് സ്വയം സമര്‍പ്പിക്കാന്‍ യുവതാരം തയ്യാറാവുന്നില്ല. ഇക്കാരണത്താല്‍ ഷോട്ടിനായി മുന്നോട്ടായുമ്പോള്‍ ബാറ്റിനും ലെഗ് പാഡിനുമിടയില്‍ വലിയ വിടവ് സൃഷ്ടിക്കപ്പെടുന്നു. ഈ അവസരമാണ് ഓസ്‌ട്രേലിയ രണ്ടാം തവണയും മുതലെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ നാലു പന്തുകള്‍ മാത്രമേ ഓപ്പണറായി ഇറങ്ങിയ പൃഥ്വി ഷാ നേരിട്ടുള്ളൂ.

ബുംറ ഇറങ്ങി

പുറത്താകുന്നതിന് മുന്‍പ് നാലു റണ്‍സ് സ്വന്തം പേരില്‍ ചേര്‍ക്കാന്‍ താരത്തിന് കഴിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ നേരിട്ട രണ്ടാം പന്തില്‍ത്തന്നെയായിരുന്നു പൃഥ്വി ഷായുടെ മടക്കം. മൂന്നാം സെഷനില്‍ ഇനിയുമൊരു തകര്‍ച്ച വേണ്ടെന്ന് കരുതി ജസ്പ്രീത് ബുംറയെയാണ് മൂന്നാമനായി ഇന്ത്യ ഇറക്കിയത്. മിച്ചമുള്ള ഓവറുകള്‍ മായങ്കിനൊപ്പം ബുംറ പ്രതിരോധിച്ചു നിന്നു.

ക്യാച്ച് വിട്ടുകളഞ്ഞു

നേരത്തെ, ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സിനിടെ പൃഥ്വി ഷായുടെ മൈതാനത്തെ പ്രകടനവും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങുകയുണ്ടായി. മൂന്നാം നമ്പറില്‍ ഓസ്‌ട്രേലിയക്കായി ക്രീസിലെത്തിയ മാര്‍നസ് ലബ്യുഷെയ്‌ന്റെ ക്യാച്ച് ഷാ വിട്ടുകളയുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ കേവലം 244 റണ്‍സ് മാത്രമിരിക്കെ, ഫീല്‍ഡിലും നിരുത്തരവാദപരമായി ഷാ നിന്നത് ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിക്കുന്നത്.

രക്ഷപ്പെട്ടത് ലബ്യുഷെയ്ൻ

രണ്ടാം സെഷനിടെയാണ് ഈ സംഭവം. ബുംറയുടെ പന്ത് ലബ്യുഷെയ്‌ന്റെ ബാറ്റില്‍ത്തട്ടി വായുവില്‍ ഉയരുകയായിരുന്നു. ഷോര്‍ട്ട് സ്‌ക്വയര്‍ ലെഗ് കാത്ത ഷാ പന്തിന് കീഴില്‍ വന്നെങ്കിലും കൈപ്പിടിയിലാക്കാന്‍ മാത്രം പരാജയപ്പെട്ടു. ഫോമിലല്ലാത്ത പൃഥ്വി ഷായ്ക്ക് ഇന്ത്യന്‍ ടീമില്‍ അവസരംകൊടുക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. സന്നാഹ മത്സരത്തില്‍ തിളങ്ങിയ ശുഭ്മാന്‍ ഗില്ലിനെയും ഏകദിന, ട്വന്റി-20 പരമ്പരകളില്‍ ഇന്ത്യയ്ക്കായി റണ്‍സടിച്ചുകൂട്ടിയ കെഎല്‍ രാഹുലിനെയും പുറത്തിരുത്തിയാണ് വിരാട് കോലി ഷായെ ഓപ്പണറായി ഉള്‍പ്പെടുത്തിയത്.

ട്രോൾ മഴ

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലുമായി ഷാ നേടിയ നാലു റണ്‍സ്, ഇന്ത്യയുടെ ഓപ്പണിങ് ചിത്രം ദുര്‍ബലമാക്കുന്നു. പൃഥ്വി ഷായെ സച്ചിനോടും സെവാഗിനോടും ലാറയോടും ഉപമിച്ച പരിശീലകന്‍ രവി ശാസ്ത്രിയും സമൂഹമാധ്യമങ്ങളില്‍ പരിഹാസം നേരിടുന്നുണ്ട്. ഇപ്പോള്‍ ഷാഹിദ് അഫ്രീദിയുടെ തനിപ്പകര്‍പ്പാണ് പൃഥ്വി ഷായെന്ന ആക്ഷേപം ട്രോള്‍ ഗ്രൂപ്പുകളില്‍ സജീവമായി ഉയരുന്നു.

Story first published: Friday, December 18, 2020, 19:25 [IST]
Other articles published on Dec 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+