ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരെ ചരിത്രജയം കുറിച്ചതിന് പിന്നാലെ അഭിനന്ദനപ്രവാഹം ഒഴുകിയെത്തുകയാണ് ടീം ഇന്ത്യയെ തേടി. ഗാബ്ബയില്‍ ഇന്ത്യന്‍ സംഘം മൂന്നു വിക്കറ്റിന്റെ ഐതിഹാസിക ജയം കുറിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ടീമിന് അഭിനന്ദനം അറിയിച്ചു. ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ നേട്ടത്തില്‍ രാജ്യം ഒന്നടങ്കം അഭിമാനിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. പരമ്പരയിലുടനീളം ഇന്ത്യ പോരാട്ടവീര്യവും ഊര്‍ജ്ജവും പുറത്തെടുത്തു. ഭാവി പരമ്പരകളിലും വലിയ ജയങ്ങള്‍ കുറിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കട്ടെയെന്ന മോദി ആശംസിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ത്യയുടെ ജയത്തില്‍ പ്രശംസയറിയിച്ച് രംഗത്തെത്തി. ഓസ്‌ട്രേലിയയില്‍ ഐതിഹാസിക ജയമാണ് ഇന്ത്യ കുറിച്ചിരിക്കുന്നത്. ടെസ്റ്റ് പരമ്പര അതികഠിനമായി പോരാടി ജയിച്ച പ്രതിഭയാര്‍ന്ന ഇന്ത്യയുടെ യുവസംഘം എല്ലാ അഭിനന്ദനവും അര്‍ഹിക്കുന്നു. ഇന്ത്യന്‍ ദേശീയ ടീമിന്റെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് രാഷ്ട്രപതി അറിയിച്ചു.
ബിസിസിഐ മേധാവി സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരും ഇന്ത്യന്‍ സംഘത്തിന് ട്വിറ്ററില്‍ പ്രശംസ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ അവിസ്മരണീയ നിമിഷമാണ് ഗാബ്ബയിലെ ജയമെന്ന് ഗാംഗുലി പറഞ്ഞു. ഐതിഹാസിക ജയത്തിന്റെ പശ്ചാത്തലത്തില്‍ ടീം ഇന്ത്യയ്ക്ക് 5 കോടി രൂപയുടെ സമ്മാനത്തുക ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. 'മുഴുവന്‍ രാജ്യത്തിന് പ്രചോദനമാണ് ഓസ്‌ട്രേലിയക്കെതിരായ ടീം ഇന്ത്യയുടെ ജയം. അജിങ്ക്യ രഹാനെയും രവി ശാസ്ത്രിയും മുഴുവന്‍ ടീമംഗങ്ങളും ഈ ജയത്തില്‍ അഭിനന്ദനമര്‍ഹിക്കുന്നു. മുഹമ്മദ് സിറാജ്, റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ പ്രകടനം പ്രത്യേകം എടുത്തുപറയണം. ഈ അവസരത്തില്‍ ജയിച്ചു വരുന്ന ടീം ഇന്ത്യയ്ക്ക് 5 കോടി രൂപ സമ്മാനത്തുക ബിസിസിഐ പ്രഖ്യാപിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ അവിസ്മരണീയ നിമിഷമാണിത്', ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു.
ടീം ഇന്ത്യയെ അഭിനന്ദിച്ച മറ്റു പ്രമുഖ വ്യക്തിത്വങ്ങളില്‍ മൈക്രോസോഫ്റ്റ് സിഇഓ സുന്ദര്‍ പിച്ചൈയും ഉള്‍പ്പെടും. ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസിക ജയങ്ങളില്‍ ഒന്നായാണ് ഗാബ്ബയിലെ ജയത്തെ ഗൂഗിള്‍ മേധാവി വിശേഷിപ്പിച്ചത്. ഇതേസമയം, ഇന്ത്യയ്‌ക്കെതിരെ മികച്ച ക്രിക്കറ്റ് പുറത്തെടുത്ത ആതിഥേയരായ ഓസ്‌ട്രേലിയയെയും സുന്ദര്‍ പിച്ചൈ അഭിനന്ദിക്കുന്നുണ്ട്. ഗാബ്ബയില്‍ 329 റണ്‍സിന്റെ ലക്ഷ്യമാണ് ഓസ്‌ട്രേലിയ നാലാം ദിനം ഇന്ത്യയ്ക്ക് വെച്ചുനീട്ടിയത്. അഞ്ചാം ദിനം വിക്കറ്റു നഷ്ടമില്ലാതെ നാലു റണ്‍സിന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ശുഭ്മാന്‍ ഗില്‍ (91), ചേതേശ്വര്‍ പൂജാര (56), റിഷഭ് പന്ത് (89) എന്നിവരുടെ മികവിലാണ് ജയം പിടിച്ചെടുത്തത്.