വാംഖഡേ ഏകദിനം: നാണംകെട്ട് ഇന്ത്യ, സമ്പൂര്‍ണ തോല്‍വി
മുംബൈ: വാംഖഡേയിൽ ഇന്ത്യയുടെ ആത്മവിശ്വാസം ഓസ്ട്രേലിയ തല്ലിക്കെടുത്തി. ഓപ്പണർമാരായ ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും തകർത്താടിയപ്പോൾ ടീം ഇന്ത്യയ്ക്ക് പത്തു വിക്കറ്റ് തോൽവി. ഓസ്ട്രേലിയക്കായി വാർണറും (128*) ഫിഞ്ചും (110*) സെഞ്ച്വറി തികച്ചു. ആദ്യ ഏകദിനത്തിൽ ഇന്ത്യന്‍ ബൗളര്‍മാരെല്ലാം കണക്കിന് തല്ലുവാങ്ങുകയായിരുന്നു. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യത്തിലേക്ക് അനായാസമാണ് ഓസ്ട്രേലിയ ബാറ്റു വീശിയത്. ഒടുവിൽ 74 പന്തുകൾ ബാക്കി നിൽക്കെ സന്ദർശകർ ജയവും പിടിച്ചെടുത്തു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 50 ഓവർ മുഴുമിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. 49 ഓവർ കൊണ്ട് ആതിഥേയരെ ഓസ്ട്രേലിയ കൂടാരം കയറ്റി. ഇന്ത്യൻ നിരയിൽ ശിഖർ ധവാനും കെഎൽ രാഹുലും മാത്രമാണ് തിളങ്ങിയത്. ഇരുവരും പുറത്തായതോടെ ഇന്ത്യയുടെ പതനവും ആരംഭിച്ചു. വിരാട് കോലിയും ശ്രേയസ് അയ്യറും തുടരെ പുറത്തായത് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി.

ഒന്നിന് 134 എന്ന നിലയിലുണ്ടായിരുന്ന ഇന്ത്യ കണ്ണടച്ചു തുറക്കും മുൻപേയാണ് അഞ്ചിന് 164 എന്ന നിലയിലേക്ക് നിലംപതിച്ചത്. രാഹുൽ – ധവാൻ സംഖ്യം പൊടുന്നനെ വീണത് ഇന്ത്യയുടെ താളം തെറ്റിച്ചു. അവസാന ഓവറുകളിൽ വെടിക്കെട്ടിന് തയ്യാറായ രവീന്ദ്ര ജഡേജയെയും റിഷഭ് പന്തിനെയും ഓസ്ട്രേലിയ പറഞ്ഞയച്ചതോടെ ആതിഥേയരുടെ പോരാട്ടം അസ്തമിച്ചു.

ഓസീസ് നിരയിൽ പന്തെടുത്തവരെല്ലാം വിക്കറ്റു കൊയ്തു. മിച്ചൽ സ്റ്റാർക്കിന് മൂന്നു വിക്കറ്റുണ്ട്. പാറ്റ് കമ്മിൻസും കെയിൻ റിച്ചാർഡ്സണും രണ്ട് വിക്കറ്റുവീതം വീഴ്ത്തി. ആഷ്ടൺ അഗർ, ആദം സാംപ എന്നിവർക്കുമുണ്ട് ഓരോ വിക്കറ്റ്.നേരത്തെ, അർധ സെഞ്ച്വറിക്ക് മൂന്നു റൺസ് അകലെ വെച്ചാണ് കെഎൽ രാഹുലിന് വിക്കറ്റ് നഷ്ടപ്പെട്ടത്. 28 ആം ഓവറിൽ ആഷ്ടൺ അഗറിന്റെ ആദ്യ പന്തിൽ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നൽകി രാഹുൽ മടങ്ങി. 61 പന്തിൽ 47 റൺസാണ് താരത്തിന്റെ സമ്പാദ്യം.

രാഹുൽ മടങ്ങി ഏറെക്കഴിയും മുൻപേ ധവാനും പുറത്തായി. 29 ആം ഓവറിലെ അവസാന പന്തിൽ ധവാന്റെ സെഞ്ച്വറി മോഹം പാറ്റ് കമ്മിൻസ് നിഷ്പ്രഭമാക്കി. കമ്മിൻസിന്റെ ഓഫ് കട്ടറിൽ ക്യാച്ച് സമ്മാനിക്കുകയായിരുന്നു ധവാൻ (91 പന്തിൽ 74 റൺസ്). തുടർന്നെത്തിയ വിരാട് കോലിക്കും ആയുസ്സേറെയുണ്ടായില്ല. 32 ആം ഓവറിൽ ആദം സാംപ കോലിയെ തിരിച്ചയച്ചു.

തൊട്ടു മുൻപത്തെ പന്തിൽ അടിച്ച സിക്സ് ആവർത്തിക്കാനായിരുന്നു ഇന്ത്യൻ നായകൻ ശ്രമിച്ചത്. എന്നാൽ രണ്ടാം തവണ കണക്കുകൂട്ടലുകൾ പിഴച്ചു. പന്തെറിഞ്ഞ സാംപ തന്നെയാണ് കോലിയുടെ ക്യാച്ചെടുത്തത്.
ഇന്നത്തെ മത്സരത്തിൽ മൂന്നു ഓപ്പണർമാർ കളിക്കുന്നതുകൊണ്ട് മൂന്നാം നമ്പർ സ്ഥാനം നായകൻ വിരാട് കോലി കെഎൽ രാഹുലിന് വിട്ടുനൽകുകയായിരുന്നു.

33 ആം ഓവറിലാണ് ശ്രേയസിന് മടക്ക ടിക്കറ്റ് ലഭിച്ചത്. പാറ്റ് കമ്മിന്സിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലെക്സ് ക്യാരിക്ക് നൽകിയ അനായാസ ക്യാച്ച് ശ്രേയസിന്റെ (9 പന്തിൽ 4 റൺസ്) വിധിയെഴുതി. അവസാന ഓവറുകളിൽ തകർത്താടാൻ നിന്ന ജഡേജയെ (32 പന്തിൽ 25 റൺസ്) കെയിൻ റിച്ചാർഡ്സണാണ് പുറത്താക്കിയത്. റിഷഭ് പന്തിനെ പാറ്റ് കമ്മിൻസും തിരിച്ചയച്ചു. രണ്ടു ഫോറും ഒരു സിക്സും അടക്കം 33 പന്തിൽ 28 റൺസാണ് താരം നേടിയത്.

നേരത്തെ, രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മത്സരത്തിലെ ആദ്യ പന്തുതന്നെ ബൗണ്ടറി പായിച്ച രോഹിത് ശര്‍മ്മ തിരിച്ചുവരവ് ആഘോഷിച്ചു. ആദ്യ ഓവറില്‍ രണ്ടുതവണയാണ് രോഹിത് പന്തിനെ അതിര്‍ത്തി കടത്തിയതും.
എന്നാല്‍ അഞ്ചാം ഓവറില്‍ സ്റ്റാര്‍ക്കിന് മുന്നില്‍ത്തന്നെ ഹിറ്റ്മാന് അടിപതറി. ഓഫ് സ്റ്റംപിന് വെളിയിലൂടെ പോയ ഫുള്‍ ലെങ്ത് പന്തിനെ ഡ്രൈവ് ചെയ്യാനുള്ള രോഹിത്തിന്റെ ശ്രമമാണ് വിക്കറ്റില്‍ കലാശിച്ചത്. മിഡ് ഓഫില്‍ നിലയുറപ്പിച്ച ഡേവിഡ് വാര്‍ണര്‍ പന്തിനെ ഭദ്രമായി കൈപ്പിടിയില്‍ ഒതുക്കി. 15 പന്തില്‍ 10 റണ്‍സാണ് രോഹിത് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ടോസ് ലഭിച്ച ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ആഷ്ടണ്‍ ടേര്‍ണര്‍, അലെക്‌സ് കാരി, ആഷ്ടണ്‍ ഏഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സറ്റാര്‍ക്ക്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications