
ആദ്യം ജസ്പ്രീത് ബുംറയുടെ ഇരട്ടപ്രഹരം; ഓപ്പണര്‍മാരായ മാത്യു വെയ്ഡും (8) ജോ ബേണ്‍സും (8) വിക്കറ്റിന് മുന്നില്‍ കുരുങ്ങി. അടുത്ത ഊഴം രവിചന്ദ്രന്‍ അശ്വിന്റേതായിരുന്നു. ഓസ്‌ട്രേലിയ 50 റണ്‍സ് തികയ്ക്കും മുന്‍പേ സ്റ്റീവ് സ്മിത്തിനെ അശ്വിന്‍ പറഞ്ഞയച്ചു. ട്രാവിസ് ഹെഡിനും (7) കാമറോണ്‍ ഗ്രീനിനും (11) അശ്വിന് മുന്നില്‍ അധികംനേരം പിടിച്ചുനില്‍ക്കാനായില്ല. ഫലമോ, കണ്ണടച്ചു തുറക്കുംമുന്‍പേ അഞ്ചിന് 79 എന്ന നിലയിലേക്ക് ആതിഥേയര്‍ നിലംപൊത്തി.

ഇന്ത്യന്‍ നിരയിലെ മൂന്നാം പേസറായ ഉമേഷ് യാദവാണ് ഓസ്‌ട്രേലിയയുടെ മധ്യനിരയില്‍ വിള്ളലിട്ടത്. ഒരറ്റത്ത് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്ന മാര്‍നസ് ലബ്യുഷെയ്‌നെ അര്‍ധ സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെവെച്ച് ഉമേഷ് യാദവ് കുരുക്കി. ഇതേഓവറില്‍ത്തന്നെ പാറ്റ് കമ്മിന്‍സിനും താരം മടക്കടിക്കറ്റ് നല്‍കി. ഇതോടെ ഏഴിന് 111 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ പ്രതിരോധത്തിലായി.

എന്തായാലും അഡ്‌ലെയ്ഡില്‍ പിങ്ക് ബോള്‍ ടെസ്റ്റ് ആവേശപൂര്‍വം പുരോഗമിക്കുകയാണ്. ഇതേസമയം, അഡ്‌ലെയ്ഡിലെ ആദ്യ ദിനം പൂര്‍ത്തിയായതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഉന്നയിച്ച പ്രത്യേക ആവശ്യം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുകയാണ്. പിച്ചില്‍ 'തൊട്ടുപോകരുതെന്ന്' അഡ്‌ലെയ്ഡ് ഓവലിലെ ഗ്രൗണ്ട് സ്റ്റാഫിന് ബിസിസിഐ പ്രത്യേക നിര്‍ദ്ദേശം നല്‍കി. ഓസ്‌ട്രേലിയയിലെ മുഖ്യധാര മാധ്യമമായ ഫോക്‌സ് സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

എന്തായാലും ബിസിസിഐയുടെ ആവശ്യം അഡ്‌ലെയ്ഡ് ഓവല്‍ ജീവനക്കാര്‍ 'ശിരസാവഹിച്ചു'. പതിവിന് വിപരീതമായി റോളര്‍ ഉപയോഗിച്ച് പിച്ച് പതംവരുത്താനോ പൊടിപടലങ്ങള്‍ തൂത്തൂവാരാനോ ഗ്രൗണ്ട് സ്റ്റാഫ് തയ്യാറായില്ല. പൊതുവേ രണ്ടുവിധത്തിലുള്ള റോളറുകളാണ് പിച്ച് പതംവരുത്താന്‍ ഉപയോഗിക്കാറ്. ഒന്ന് ഭാരമേറിയതും. മറ്റൊന്ന് ഭാരം കുറഞ്ഞതും. പിച്ച് ശരിപ്പെടുത്താന്‍ ഇതില്‍ ഏത് റോളര്‍ ഉപയോഗിക്കണമെന്ന് ടീമുകള്‍ക്ക് നിര്‍ദ്ദേശിക്കാം.

എന്നാല്‍ ഇന്ത്യ പിച്ചില്‍ തൊടുകയേ വേണ്ടെന്ന നിലപാടാണ് എടുത്തത്. രണ്ടാം ദിനം പിച്ച് പ്രതലം അടിച്ചുവാരുന്നത് കൂടി ബിസിസിഐ വിലക്കി. എന്തായാലും ഐസിസിയുടെ നിയമപുസ്തകത്തില്‍ ഇതു തെറ്റല്ല. ടെസ്റ്റ് കളിക്കുന്ന പിച്ച് ഏതുതരത്തില്‍ വേണമെന്ന് ആവശ്യപ്പെടാന്‍ ടീമുകള്‍ക്ക് അവകാശമുണ്ട്. ഈ സൗകര്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ വിനിയോഗിച്ചതും. പക്ഷെ പിച്ചില്‍ 'തൊട്ടുപോകരുതെന്ന' നിര്‍ദ്ദേശം ക്രിക്കറ്റ് ലോകത്ത് പതിവല്ല.


Click it and Unblock the Notifications