സിഡ്‌നി: ഇനി മുന്നിലുള്ളത് മൂന്നു സെഷനുകള്‍. ലക്ഷ്യം 309 റണ്‍സ്. ജയിക്കാന്‍ കളിക്കണോ അതോ സമനിലയ്ക്കായി പിടിച്ചുനില്‍ക്കണോ? നാലാം ദിനം രണ്ടിന് 98 എന്ന നിലയ്ക്ക് കളി മതിയാക്കുമ്പോള്‍ നിര്‍ണായക ചോദ്യം ഇന്ത്യയ്ക്ക് മുന്നില്‍ തൂങ്ങിയാടുന്നു. എട്ടു വിക്കറ്റുകള്‍ (ഒരുപക്ഷെ ഏഴ് മതിയാകും) കൂടി വീണാല്‍ ഓസ്‌ട്രേലിയക്ക് ജയിക്കാം. ജഡേജയ്ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ ഏഴു വിക്കറ്റുകളുടെ ആഢംബരമേ ഇന്ത്യയ്ക്ക് മുന്നിലുള്ളൂ.

പൂജാരയും രഹാനെയും ക്രീസില്‍ പ്രതിരോധം തീര്‍ക്കുമോ അതോ കടന്നാക്രമിക്കുമോയെന്ന് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. രണ്ടാം ഇന്നിങ്‌സില്‍ ആദ്യ ഇരുപതോവര്‍ വിക്കറ്റു കളയാതെയാണ് ഇന്ത്യ നിന്നത്. ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും കരുതലോടെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ ഹേസല്‍വുഡും കമ്മിന്‍സും ഇന്ത്യയുടെ പദ്ധതികള്‍ക്ക് തടയിട്ടു.

ഇന്ത്യന്‍ സ്‌കോര്‍ 70 -ല്‍ നില്‍ക്കെയാണ് ഗില്ലിനെ ജോഷ് ഹേസല്‍വുഡ് കുടുക്കിയത്. ഗുഡ് ലെങ്ത്തിലെത്തിയ ഹേസല്‍വുഡിന്റെ പന്ത് ബാറ്റിലുരസി കീപ്പറുടെ കൈകളിലെത്തി. കാലുകള്‍ ചലിക്കാഞ്ഞത് ഈ അവസരത്തില്‍ ഗില്ലിന് വിനയായി. അംപയറുടെ തീരുമാനം പുനഃപരിശോധിച്ച ഇന്ത്യ ഒരു റിവ്യു അവസരം ഇവിടെ പാഴാക്കി. 64 പന്തില്‍ 31 റണ്‍സ് കുറിച്ചാണ് ഗില്ലിന്റെ മടക്കം. നാലു ബൗണ്ടറി ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നു. രോഹിത് ശര്‍മയുടെ രൂപത്തിലാണ് ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടപ്പെട്ടത്. 31 ആം ഓവറില്‍ രോഹിത്തിനെ കമ്മിന്‍സ് തിരിച്ചയച്ചു.
അര്‍ധ സെഞ്ച്വറി പിന്നിട്ട രോഹിത് ഇന്ത്യയ്ക്കായി പോരാട്ടം മുന്നോട്ടുകൊണ്ടുപോകവെയാണ് അപ്രതീക്ഷിത തിരിച്ചടി. കമ്മിന്‍സിനെതിരെ അനാവശ്യമായി വമ്പന്‍ ഷോട്ടിന് ശ്രമിച്ചതാണ് രോഹിത്തിന് വിനയായത്. ലെഗ് സൈഡിലേക്കെത്തിയ ഷോര്‍ട്ട് ലെങ്ത് പന്തിനെ പുള്‍ ഷോട്ടിലൂടെ പറത്താന്‍ നോക്കിയതായിരുന്നു രോഹിത്. എന്നാല്‍ പിച്ചിലെ ബൗണ്‍സില്‍ രോഹിത്തിന് കണക്കുകൂട്ടതല്‍ തെറ്റി. വായുവില്‍ ഉയര്‍ന്ന പന്തിനെ ഫൈനല്‍ ലെഗില്‍ നിന്നും ഓടിയെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് കൈപ്പിടിയിലാക്കി. 98 പന്തില്‍ 52 റണ്‍സുമായാണ് രോഹിത് മടങ്ങിയത്. 1 സിക്‌സും 5 ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ട്.

നേരത്തെ, നാലാം ദിനം ആദ്യ രണ്ടു സെഷനുകളില്‍ സമ്പൂര്‍ണ ആധിപത്യമാണ് ഓസ്‌ട്രേലിയ കാഴ്ച്ചവെച്ചത്. ലബ്യുഷെയ്ന്‍ - സ്മിത്ത് ജോടി ആദ്യം നൂറൂ റണ്‍സ് കൂട്ടുകെട്ട് കണ്ടെത്തി. തുടര്‍ന്ന് മൂന്നാം സെഷനില്‍ ഗ്രീനും പെയ്‌നും ചേര്‍ന്ന് ഓസ്‌ട്രേലിയക്ക് അതിവേഗം മറ്റൊരു നൂറു റണ്‍സ് കൂട്ടുകെട്ട് കൂടി സമ്മാനിച്ചു. രണ്ടിന് 103 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 209 റണ്‍സ് കൂടി ചേര്‍ത്ത് 312 റണ്‍സിന് നാലം ദിനം ഡിക്ലയര്‍ ചെയ്തത്.

ഓസീസ് നിരയില്‍ ലബ്യുഷെയ്ന്‍ (73), സ്മിത്ത് (81), ഗ്രീന്‍ (84) എന്നിവര്‍ തിളങ്ങി. ഇന്ത്യന്‍ നിരയില്‍ നവ്ദീപ് സെയ്‌നിയും രവിചന്ദ്രന്‍ അശ്വിനും രണ്ടു വിക്കറ്റുകള്‍ വീതം രണ്ടാം ഇന്നിങ്‌സില്‍ കണ്ടെത്തി. ബുംറയ്ക്കും സിറാജിനും ഓരോ വിക്കറ്റുണ്ട്.