
അഞ്ചാം ദിനം രണ്ടിന് 98 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ, ആദ്യ സെഷനില്‍ റിഷഭ് പന്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങോടെയാണ് മത്സരത്തില്‍ തിരികെ വന്നത്. അവസാനദിനം രണ്ടാം ഓവറില്‍ത്തന്നെ ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെയെ നതാന്‍ ലിയോണ്‍ പിടികൂടുകയായിരുന്നു. ഓഫ് സ്റ്റംപിന് വെളിയില്‍ ഉയര്‍ത്തി എറിഞ്ഞ ലിയോണിന്റെ പന്തിനെ പ്രതിരോധിക്കാനുള്ള ശ്രമമാണ് രഹാനെയുടെ (18 പന്തില്‍ 4) വിക്കറ്റില്‍ കലാശിച്ചത്. പന്ത് ബാറ്റിലേക്ക് കുത്തിക്കയറി ഷോര്‍ട്ട് ലെഗിലേക്ക് തെറിച്ചു; ക്യാച്ചെടുക്കുന്നതില്‍ മാത്യു വെയ്ഡും പിഴവ് വരുത്തിയില്ല.

തുടര്‍ന്ന് ഹനുമാ വിഹാരി എത്തുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ വിഹാരിക്ക് മുന്‍പേ പന്തിന് പ്രമോഷന്‍ നല്‍കാന്‍ ടീം ഇന്ത്യ തയ്യാറായി. ക്രീസില്‍ പന്തെത്തിയതോടെ ഇന്ത്യയുടെ ഭാവവും മാറി. റണ്‍സുകള്‍ അനായാസം ഒഴുകാന്‍ തുടങ്ങി. ഒരറ്റത്ത് പൂജാര പ്രതിരോധം തീര്‍ത്ത് നിലയുറപ്പിച്ചപ്പോള്‍ പന്ത് സ്വതസിദ്ധമായ ശൈലിയില്‍ തകര്‍ത്തടിച്ചു.

ലയോണ്‍ എറിഞ്ഞ 57 ആം ഓവറില്‍ രണ്ടു സിക്‌സുകളുടെ അകമ്പടിയോടെയാണ് പന്ത് അര്‍ധ സെഞ്ച്വറി തികച്ചത്. കേവലം 64 പന്തുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ പന്തിന് 50 പിന്നിടാന്‍. ഇതിനിടെ പന്തിനെ ക്യാച്ചിലൂടെ പുറത്താക്കാനുള്ള രണ്ടവസരങ്ങള്‍ ആതിഥേയര്‍ പാഴാക്കിയതും ഇന്ത്യയ്ക്ക് തുണയായി.
ആദ്യ സെഷനില്‍ റിഷഭ് പന്തും നതാന്‍ ലയോണും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഇവിടെ മേല്‍ക്കൈ കുറിച്ചതും പന്തുതന്നെ. ആദ്യ സെഷനില്‍ കയ്യിലെ എല്ലാ ബൗളര്‍മാരെയും ഓസ്‌ട്രേലിയ പരീക്ഷിച്ചു. എന്നാല്‍ ആര്‍ക്കും പൂജാര – പന്ത് ജോടിയെ തകര്‍ക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ രണ്ടാം സെഷനില്‍ ചിത്രം മാറി. ഇന്ത്യയെ ജയിപ്പിക്കാനുറച്ച റിഷഭ് പന്തിനെ ലയോണ്‍ വീഴ്ത്തി — ആന്റി ക്ലൈമാക്‌സ്! 97 റണ്‍സില്‍ നില്‍ക്കെ സെഞ്ച്വറിയിലേക്ക് സിക്‌സടിച്ച് കടക്കാനുള്ള പന്തിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. വായുവില്‍ ഉയര്‍ന്നെത്തിയ പന്തിനെ ക്രീസിലിറങ്ങിയാണ് പന്ത് അടിച്ചത്. കവറിലേക്കാണ് ഉദ്ദേശിച്ചതെങ്കിലും പൊസിഷന്‍ നഷ്ടപ്പെട്ടതോടെ ഷോട്ട് ബാക്ക്‌വാര്‍ഡ് പോയിന്റിലേക്ക് പറന്നു.
ക്യാച്ച് കൈക്കലാക്കുന്നതില്‍ കമ്മിന്‍സ് യാതൊരു പിഴവും വരുത്തിയില്ല. 3 സിക്‌സും 12 ഫോറുടമക്കം 118 പന്തില്‍ 97 റണ്‍സാണ് റിഷഭ് പന്ത് കുറിച്ചത്. ഈ സമയം ഇന്ത്യന്‍ സ്‌കോര്‍ നാലിന് 250.

പന്തിന് ശേഷം പത്തോവറുകളുടെ ആയുസ്സാണ് പൂജാരയ്ക്കുണ്ടായത്. 205 പന്തില്‍ 77 റണ്‍സെടുത്തു നിന്ന പൂജാരയുടെ സ്റ്റംപുംകൊണ്ട് ഹേസല്‍വുഡ് കടന്നുപോയി. ശേഷമാണ് ഹനുമാ വിഹാരി – രവിചന്ദ്രന്‍ അശ്വിന്‍ സഖ്യം ഇന്ത്യയ്ക്കായി വീരപോരാട്ടം നടത്തിയത്. ഒരവസരത്തില്‍ ലക്ഷ്യം പിന്തുടര്‍ന്ന് നേടാമായിരുന്നെങ്കിലും നിരയില്‍ ബാറ്റു ചെയ്യാന്‍ ആളില്ലെന്ന ബോധ്യം ഇരുവരെയും പ്രതിരോധത്തില്‍ ഊന്നി കളിക്കാന്‍ പ്രേരിപ്പിച്ചു. രണ്ടാം ഇന്നിങ്‌സില്‍ നതാന്‍ ലയോണിനും ജോഷ് ഹേസല്‍വുഡിനും രണ്ടു വിക്കറ്റുകളുണ്ട്. പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റ് കൈക്കലാക്കി.


Click it and Unblock the Notifications
