ഓസീസ് പരമ്പര: മാനം കാക്കാന്‍ ഇന്ത്യ, മൂന്നാം ഏകദിനത്തില്‍ പ്രതീക്ഷിക്കാം ഈ മാറ്റങ്ങള്‍

മാനം കാക്കണം. ഈ വര്‍ഷത്തെ ഓസീസ് പര്യടനം അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ് നായകന്‍ വിരാട് കോലിക്കും ടീം ഇന്ത്യയ്ക്കും. രണ്ടുവര്‍ഷം മുന്‍പ് പന്തുചുരണ്ടല്‍ വിവാദത്തില്‍പ്പെട്ടുനിന്ന സമയത്ത് കോലിയും സംഘവും വന്ന് ജയിച്ചിട്ട് പോയി. ഇപ്പോള്‍ ആ തോല്‍വിക്ക് പകരംവീട്ടുകയാണ് കംഗാരുക്കള്‍. വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും സംഹാരരൂപം പൂണ്ടുനില്‍ക്കുന്നു. സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് രണ്ടുതവണയും നിര്‍ദാക്ഷിണ്യമാണ് ഇന്ത്യയുടെ ബൗളര്‍മാരെ ഓസ്‌ട്രേലിയ അടിച്ചൊതുക്കിയത്.

രണ്ടാം ഏകദിനത്തില്‍ അഞ്ച് ഓസീസ് ബാറ്റ്‌സ്മാന്മാര്‍ അര്‍ധ സെഞ്ച്വറി കടക്കുന്നത് വിരാട് കോലി കണ്ടുനിന്നു. ആറ് പേരെറിഞ്ഞിട്ടും ഫലമില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഹാര്‍ദിക് പാണ്ഡ്യ സ്വമേധയാ മുന്നോട്ടുവന്നത്. പാണ്ഡ്യയുടെ നാലോവര്‍കൊണ്ട് സ്ഥിതിഗതികളില്‍ നേരിയ നിയന്ത്രണം ഇന്ത്യയ്ക്ക് കിട്ടി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 390 റണ്‍സ് ലക്ഷ്യത്തിലേക്ക് സാവധാനമാണ് ഇന്ത്യ തുടങ്ങിയത്. ആദ്യഏകദിനത്തിലെ പോലെ 40 ഓവര്‍കൊണ്ട് മത്സരം തീര്‍ക്കണമെന്ന ഉദ്ദേശ്യമൊന്നും ബാറ്റ്‌സ്മാന്മാര്‍ കാട്ടിയില്ല.

എന്നാല്‍ ഇടയ്ക്കിടയ്ക്ക് വിക്കറ്റു നഷ്ടപ്പെട്ടത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഒരവസരത്തില്‍ വിരാട് കോലിയും കെഎല്‍ രാഹുലും ചേര്‍ന്ന് ടീമിനെ ജയിപ്പിക്കുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഹേസല്‍വുഡ് കോലിയെ പുറത്താക്കി. സാംപ രാഹുലിനെയും. ഹാര്‍ദിക് പാണ്ഡ്യ - രവീന്ദ്ര ജഡേജ കൂട്ടുകെട്ടിലായി പിന്നെ മുഴുവന്‍ പ്രതീക്ഷ. എന്നാല്‍ പാറ്റ് കമ്മിന്‍സിന്റെ 47 ആം ഓവറില്‍ ഇരുവരും മടങ്ങിയതോടെ അനിവാര്യമായ തോല്‍വി ഇന്ത്യ ഏറ്റുവാങ്ങി.

എന്തായാലും ഏകദിന പരമ്പര ഓസ്‌ട്രേലിയ കൈക്കലാക്കി. മൂന്നാമത്തെ ഏകദിനംകൂടി ജയിച്ച് ലോകക്രിക്കറ്റിലെ വമ്പന്മാരായ ഇന്ത്യയെ നാണംകെടുത്തുകയാവും കാന്‍ബെറയില്‍ ഫിഞ്ചിന്റെയും സംഘത്തിന്റെയും ലക്ഷ്യം. മറുഭാഗത്ത് മാനം കപ്പലുകയറാതിരിക്കാന്‍ ഇന്ത്യയ്ക്ക് ഒരു ജയം കൂടിയേതീരു.

ഡേവിഡ് വാര്‍ണറും പാറ്റ് കമ്മിന്‍സുമില്ലാത്ത ഓസ്‌ട്രേലിയയെയാണ് ബുധനാഴ്ച്ച ഇന്ത്യ നേരിടുക. രണ്ടാം ഏകദിനത്തില്‍ കീഴ്‌വയറിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ഏകദിന, ട്വന്റി-20 പരമ്പരകളില്‍ നിന്ന് വാര്‍ണര്‍ പിന്‍വാങ്ങി. നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര മുന്‍നിര്‍ത്തി പാറ്റ് കമ്മിന്‍സിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിശ്രമവും അനുവദിച്ചിട്ടുണ്ട്.

കാന്‍ബെറയിലെ മനൂക ഓവല്‍ മൈതാനത്തിന്റെ കാര്യമെടുത്താല്‍ പൊതുവേ ബാറ്റ്‌സ്മാന്മാരെ പിന്തുണയ്ക്കുന്ന പിച്ചാണ് അവിടൊരുങ്ങാറ്. ഭേദപ്പെട്ട സ്വിങ്, സ്പിന്‍ പിന്തുണ പിച്ചില്‍ നിന്ന് പ്രതീക്ഷിക്കാം. സിഡ്‌നിയില്‍ സ്വിങ്ങോ സ്പിന്നോ കണ്ടെത്താന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതേസമയം, ആദ്യഘട്ടത്തില്‍ വിക്കറ്റ് നേടിയാല്‍ മാത്രമേ കാന്‍ബെറയിലെ മത്സരത്തില്‍ പിടിമുറുക്കാന്‍ ബൗളര്‍മാര്‍ക്ക് കഴിയുകയുള്ളൂ.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പക്ഷത്ത് മാറ്റങ്ങളുണ്ടാകും. വാര്‍ണര്‍ക്ക് പകരം കാമറോണ്‍ ഗ്രീന്‍ ടീമിലെത്താം. മാത്യു വെയ്ഡും പ്ലേയിങ് ഇലവനില്‍ അവസരം കാത്തുനില്‍പ്പുണ്ട്. കമ്മിന്‍സിന് പകരം സീന്‍ ആബോട്ടായിരിക്കും പേസ് വിടവ് നികത്തുക. ഓസ്‌ട്രേലിയയുടെ സാധ്യതാ ഇലവനെ ചുവടെ കാണാം.

ആരോണ്‍ ഫിഞ്ച് (നായകന്‍), മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, കാമറോണ്‍ ഗ്രീന്‍/മാത്യൂ വെയ്ഡ്, മോയിസസ് ഹെന്റിക്ക്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, അലെക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), സീന്‍ ആബോട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, ആദം സാംപ.

ഇന്ത്യന്‍ നിരയിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കോലി നിര്‍ബന്ധിതനാകും. കാരണം കഴിഞ്ഞ രണ്ടു ഏകദിനങ്ങളിലും ഒരേ ടീമിനെയാണ് ഇന്ത്യന്‍ നായകന്‍ കളിപ്പിച്ചത്. രണ്ടു മത്സരങ്ങളിലും ഫലം ഒന്നുതന്നെയായിരുന്നു. ഓസ്‌ട്രേലിയയില്‍ തല്ലിവാങ്ങിക്കൊണ്ടിരിക്കുന്ന സെയ്‌നിക്ക് പകരം ടി നടരാജന്‍ മൂന്നാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയേറെ.

മായങ്കിന് പകരം ശുബ്മാന്‍ ഗില്ലിനെ പരീക്ഷിക്കാന്‍ കോലി തയ്യാറാവുമോയെന്നും നിരീക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാര്‍ ചഹാലിനെ കൃത്യമായി പഠിച്ചെടുത്ത സാഹചര്യത്തില്‍ ചൈനാമാന്‍ ബൗളറായ കുല്‍ദീപ് യാദവിന് അടുത്ത മത്സരത്തില്‍ നറുക്കുവീഴാം. ഇന്ത്യയുടെ സാധ്യതാ ഇലവന്‍ ചുവടെ കാണാം.

മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, വിരാട് കോലി (നായകന്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ടി നടരാജന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: india in australia 2020-21
Story first published: Monday, November 30, 2020, 20:48 [IST]
Other articles published on Nov 30, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X