വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചു, ബെംഗളൂരുവില്‍ ഇന്ത്യ ജയിക്കാനുള്ള 3 കാരണങ്ങള്‍

ബെംഗളൂരു: ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യ ജയിച്ചു, പരമ്പരയും സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക പോലുള്ള ചെറു ടീമുകളെ മാത്രമല്ല ഓസ്‌ട്രേലിയ പോലുള്ള വമ്പന്‍ സ്രാവുകളെയും തോല്‍പ്പിക്കാനാവുമെന്ന് വിരാട് കോലിയും സംഘവും കളിച്ചു തെളിയിച്ചു. നേരത്തെ, വാംഖഡേയിലേറ്റ പത്തു വിക്കറ്റ് തോല്‍വിയില്‍ ടീം ഇന്ത്യയ്ക്ക് മാനം നഷ്ടപ്പെട്ടിരുന്നു; വിജയക്കുതിപ്പിനിടെ നായകന്‍ വിരാട് കോലിക്ക് കിട്ടിയ അപ്രതീക്ഷിത അടി. എന്നാല്‍ രാജ്‌കോട്ടിലും ബെംഗളൂരുവിലും ഇന്ത്യന്‍ ടീം രാജകീയമായി തിരിച്ചുവന്നു; പരമ്പരയും കൈക്കലാക്കി.

പദ്ധതി

ഏഴു വിക്കറ്റിന്റെ ജയമാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കോലിപ്പട പിടിച്ചെടുത്തത്. മൂന്നാം ഏകദിനത്തില്‍ ടോസിന്റെ ആനുകൂല്യം കിട്ടിയിട്ടും കംഗാരുക്കള്‍ക്ക് കളിയില്‍ പിടിമുറുക്കാനായില്ല. ടോസ് ജയിച്ച ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റു ചെയ്യാനാണ് തീരുമാനിച്ചത്. മറുഭാഗത്ത് കോലി ആഗ്രഹിച്ചതും ഫീല്‍ഡു ചെയ്യാന്‍ തന്നെ.

രാജ്‌കോട്ടില്‍ ഇന്ത്യ ചെയ്തതുപോലെ സ്‌കോര്‍ബോര്‍ഡില്‍ വമ്പന്‍ സ്‌കോര്‍ കുറിച്ച് ആതിഥേയരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഓസീസ് പദ്ധതിയിട്ടു. പക്ഷെ കാര്യങ്ങള്‍ ഓസ്‌ട്രേലിയയുടെ കൈയില്‍ നിന്നും വഴുതിപ്പോയി. തകര്‍പ്പന്‍ തുടക്കം ലക്ഷ്യമിട്ട് ഇറങ്ങിയ ഡേവിഡ് വാര്‍ണര്‍ – ആരോണ്‍ ഫിഞ്ച് ജോടി പെട്ടെന്നു തിരിച്ചുകയറിയത് സന്ദര്‍ശകരെ പ്രതിസന്ധിയിലാക്കി.

സ്മിത്ത് നെടുംതൂണായി

പതിവുപോലെ സ്റ്റീവ് സ്മിത്തിലായിരുന്നു പിന്നെ പ്രതീക്ഷ. 132 പന്തില്‍ 131 റണ്‍സ് നേടിയ സ്മിത്ത് ഓസീസ് ഇന്നിങ്‌സിന്റെ നെടുംതൂണാവുകയും ചെയ്തു. സ്മിത്തിനൊപ്പം കരിയറില്‍ മൂന്നാം ഏകദിനം കളിച്ച മാര്‍നസ് ലബ്യുഷെയ്‌ന്റെ പോരാട്ടവും കംഗാരുക്കള്‍ക്ക് തുണയായി. 64 പന്തില്‍ 54 റണ്‍സ് പൂര്‍ത്തിയാക്കിയാണ് ലബ്യുഷെയ്ന്‍ മടങ്ങിയത്. മൂന്നാം വിക്കറ്റില്‍ സ്മിത്തും ലബ്യുഷെയ്‌നും ചേര്‍ന്ന് 127 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ലബ്യുഷെയ്‌ന് ശേഷം സ്മിത്തിന് പറ്റിയൊരു പങ്കാളിയെ കിട്ടിയില്ലെന്നത് ഓസ്‌ട്രേലിയ്ക്ക് തിരിച്ചടിയായി.

വിജയലക്ഷ്യം

മിച്ചല്‍ സ്റ്റാര്‍ക്കിനെ പരീക്ഷണാര്‍ത്ഥം മധ്യനിരയില്‍ ഇറക്കിയെങ്കിലും നീക്കം ഫലം കണ്ടില്ല. അലെക്‌സ് കാരി (36 പന്തില്‍ 35 റണ്‍സ്), ആഷ്ടണ്‍ ടേണര്‍ (10 പന്തില്‍ 4 റണ്‍സ്), പാറ്റ് കമ്മിന്‍സ് (0), ആദം സാംപ (6 പന്തില്‍ 1 റണ്‍സ്) എന്നിവരും സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവന ചെയ്തില്ല. ഇതേസമയം, ഇന്ത്യന്‍ ബൗളര്‍മാര്‍ കൈയയച്ചു നല്‍കിയ എക്‌സ്ട്രാ റണ്‍സുകള്‍ സന്ദര്‍ശകരെ താരതമ്യേന ഭേദപ്പെട്ട നിലയിലെത്തിച്ചു. 13 വൈഡുകളടക്കം 27 റണ്‍സാണ് എക്‌സ്ട്രാ ഇനത്തില്‍ ഓസ്‌ട്രേലിയ സമ്പാദിച്ചത്. ഒടുവില്‍ 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 287 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യയ്ക്ക് മുന്നിലേക്ക് ഓസ്‌ട്രേലിയ നീട്ടി.

തുടക്കം

ലക്ഷ്യം പിന്തുടര്‍ന്ന് നേടാന്‍ ഇന്ത്യയ്ക്കുള്ള പ്രാഗത്ഭ്യം ക്രിക്കറ്റ് പ്രേമികള്‍ക്ക് നന്നായി അറിയാം. ബെംഗളൂരുവില്‍ ഒരാവര്‍ത്തിക്കൂടി ആരാധകര്‍ ഇതു കാണുകയും ചെയ്തു. ശിഖര്‍ ധവാന് പരുക്കേറ്റ സാഹചര്യത്തില്‍ രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ 69 റണ്‍സ് ഇരുവര്‍ക്കും കൂട്ടിച്ചേര്‍ക്കാനായി.

Most Read: ക്യാപ്റ്റന്‍മാരുടെ കിങ് ഇനി കോലി തന്നെ... ധോണിയുടെ ലോക റെക്കോര്‍ഡ് തകര്‍ന്നു!! അവിശ്വസനീയം

ഇന്ത്യയുടെ പ്രയാണം

19 പന്തില്‍ 27 റണ്‍സെടുത്ത രാഹുല്‍ പോയതിന് ശേഷം കോലിയും രോഹിത്തും ക്രീസില്‍ ഒരുമിച്ചു. അവിടുന്നങ്ങോട്ട് ഇന്ത്യയെ എങ്ങനെ പിടിച്ചുകെട്ടണമെന്നറിയാതെ കുഴങ്ങുകയായിരുന്നു ഓസ്‌ട്രേലിയ. 128 പന്തില്‍ 119 റണ്‍സടിച്ച് രോഹിത്തും 91 പന്തില്‍ 89 റണ്‍സടിച്ച് കോലിയും ഇന്ത്യയുടെ പ്രയാണം സുഗമമാക്കി.

Most Read: അണ്ടര്‍ 19 ലോകകപ്പ്: ലങ്കാദഹനം... ചാംപ്യന്‍മാര്‍ തുടങ്ങി, ഇന്ത്യന്‍ ജയം 90 റണ്‍സിന്

മൂന്നു കാരണങ്ങൾ

അവസാന ഓവറുകളില്‍ ശ്രേയസ് ശ്രേയസ് അയ്യര്‍ കസറിയതോടെ (35 പന്തില്‍ 44 റണ്‍സ്) ഓസ്‌ട്രേലിയയുടെ തോല്‍വി വേഗത്തിലായി. 15 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ശ്രേയസും മനീഷും ഇന്ത്യയെ വിജയതീരമണച്ചത്. ഈ അവസരത്തില്‍ മൂന്നാം ഏകദിനം ഇന്ത്യ ജയിക്കാനുള്ള മൂന്നു പ്രധാന കാരണങ്ങള്‍ ചുവടെ കാണാം.

അവസാന പത്തോവര്‍ പിടിമുറുക്കി

അവസാന പത്തോവര്‍ പിടിമുറുക്കി

40 ആം ഓവറില്‍ നാലിന് 223 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. സ്റ്റീവ് സ്മിത്തും അലെക്‌സ് കാരിയും ക്രീസില്‍. അടുത്ത പത്തോവറില്‍ ഓസ്‌ട്രേലിയ തകര്‍ത്താടുമെന്ന്് ഏവരും കരുതി. എന്നാല്‍ നടന്നതോ, ഇന്ത്യന്‍ ബൗളര്‍മാര്‍ കംഗാരുക്കളെ വരിഞ്ഞുമുറുക്കി. അലെക്‌സ് കാരിയും ആഷ്ടണ്‍ ടേണറും തുടരെ വീണത് സ്റ്റീവ് സ്മിത്തിനെ സമ്മര്‍ത്തിലാക്കി. വാലറ്റത്തെ കൂട്ടുനിര്‍ത്തി സ്‌കോറിങ് വേഗം കൂട്ടാന്‍ സ്മിത്ത് ശ്രമിച്ചെങ്കിലും ഷമി വില്ലനായി.

ബുംറയുടെ പ്രകടനം

48 ആം ഓവറിലെ ആദ്യ പന്തില്‍ ഷമിയെ സിക്‌സിന് പറത്താനുള്ള ശ്രമം തകര്‍പ്പന്‍ ക്യാച്ചിലൂടെ ശ്രേയസ് അയ്യര്‍ വിഫലമാക്കി. ഇതോടെ സ്മിത്ത് പുറത്തായി. അവസാന പത്തോവറില്‍ 63 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടു നല്‍കിയത്. അഞ്ചു വിക്കറ്റുകളും ഇവര്‍ വീഴ്ത്തി. മത്സരത്തില്‍ വിക്കറ്റു കിട്ടിയില്ലെങ്കിലും ജസ്പ്രീത് ബൂംറയുടെ സ്‌പെല്ലുകള്‍ ഓസ്‌ട്രേലിയയെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചു.

അവസരത്തിനൊത്ത് ഉയർന്നു

10 ഓവറില്‍ ആകെ 38 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ഇക്കോണമി നിരക്ക് 3.80. ഒരുഭാഗത്ത് ബൂംറ റണ്‍സില്‍ പിശുക്കുകാട്ടിയപ്പോള്‍ വിക്കറ്റു വീഴ്‌ത്തേണ്ട ഉത്തരവാദിത്വം ഷമിക്കായിരുന്നു. നാലു വിക്കറ്റുകള്‍ സ്വന്തമാക്കി ഷമി അവസരത്തിനൊത്ത് ഉയരുകയും ചെയ്തു. മത്സരത്തില്‍ ജഡേജയ്ക്ക് രണ്ടു വിക്കറ്റുകളുണ്ട്. കുല്‍ദീപും നവ്ദീപ് സെയ്‌നിയും ഓരോ വിക്കറ്റുവീതം പങ്കിട്ടു.

രോഹിത് – കോലി കൂട്ടുകെട്ട്

രോഹിത് – കോലി കൂട്ടുകെട്ട്

കെഎല്‍ രാഹുല്‍ പുറത്തായ ശേഷമാണ് വിരാട് കോലിയും രോഹിത് ശര്‍മ്മയും ക്രീസില്‍ ഒരുമിക്കുന്നത്. ഈ സമയം ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 37.3 ഓവറില്‍ 220 റണ്‍സ്. സ്‌കോര്‍ ചെറുതായതുകൊണ്ട് റണ്‍സടിച്ച് കൂട്ടാനുള്ള തിടുക്കമൊന്നും കോലിയോ രോഹിത്തോ കാട്ടിയില്ല. ലക്ഷ്യത്തിലേക്ക് ആതിഥേയര്‍ സാവകാശം ബാറ്റുവീശി. രണ്ടാം വിക്കറ്റില്‍ 137 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് ഇരുവരും തുന്നിച്ചേര്‍ത്തത്. ഇതോടെ ഓസ്‌ട്രേലിയയുടെ നിലയും പരുങ്ങലിലായി.

ജയം കൈപ്പിടിയിൽ

ഓസീസ് ബൗളിങ്ങിന് മുന്നില്‍ വിക്കറ്റു നഷ്ടപ്പെടുത്താതെ കളിക്കാനാണ് ഇന്ത്യ ശ്രദ്ധിച്ചത്. ആവശ്യമായ റണ്‍നിരക്ക് വരുതിയില്‍ നിര്‍ത്താനും ഇന്ത്യയ്ക്കായി. 37 ആം ഓവറില്‍ രോഹിത് മടങ്ങിയതിന് ശേഷവും ക്രീസില്‍ തിടുക്കം കൂട്ടാന്‍ കോലി തയ്യാറായില്ല. ശ്രേയസിനൊപ്പം 68 റണ്‍സിന്റെ കൂട്ടുകെട്ടും നായകന്‍ പടുത്തുയര്‍ത്തി.

സെഞ്ച്വറി ലക്ഷ്യമാക്കി കളിച്ച കോലിയെ 46 ആം ഓവറില്‍ ജോഷ് ഹേസല്‍വുഡാണ് വീഴ്ത്തിയത്. 89 റണ്‍സില്‍ നില്‍ക്കെ ഇന്ത്യന്‍ നായകന്റെ സ്റ്റംപുംകൊണ്ട് പോവുകയായിരുന്നു ഹേസല്‍വുഡ്. ഈ സമയം ഇന്ത്യയുടെ സ്‌കോര്‍ മൂന്നിന് 274. കാമിയോ റോളില്‍ ശ്രേയസ് അയ്യര്‍ തകര്‍ത്താടിയതോടെ ഇന്ത്യ അനായാസം ജയം വരിച്ചു.

പാളിപ്പോയ ഓസീസ് ബൗളിങ്

പാളിപ്പോയ ഓസീസ് ബൗളിങ്

ബൗളര്‍മാരില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചാണ് ആരോണ്‍ ഫിഞ്ച് ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിച്ചത്. ഉദ്ദേശിച്ചപോലെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്‌കോര്‍ബോര്‍ഡില്‍ പൊരുതാവുന്ന സ്‌കോര്‍ ഓസ്‌ട്രേലിയ കുറിച്ചു. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും അടങ്ങുന്ന ലോകോത്തര ബൗളിങ് നിരയ്ക്ക് മുന്നില്‍ ഇന്ത്യ പെടാപാട് പെടുമെന്നാണ് ഏവരും കരുതിയത്. പക്ഷെ സംഭവിച്ചതോ, നേരെ മറിച്ചും.

പ്രത്യാശ

പാറ്റ് കമ്മിന്‍സിനെയും മിച്ചൽ സ്റ്റാർക്കിനെയും ഇന്ത്യ നിലംതൊടുവിച്ചില്ല. ഹേസല്‍വുഡിനോടാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പിന്നെയും ബഹുമാനം കാട്ടിയത്. 11 ആം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റു വീഴ്ത്താന്‍. ആഷ്ടണ്‍ അഗര്‍ കെഎല്‍ രാഹുലിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയതായിരുന്നു സന്ദര്‍ശകര്‍ക്ക് ലഭിച്ച ആദ്യ പ്രത്യാശ.

തോൽവി

എന്നാല്‍ തുടര്‍ന്നങ്ങോട്ട് ഇന്ത്യന്‍ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ പേരുകേട്ട ഓസീസ് ബൗളര്‍മാര്‍ക്കായില്ല. ഒടുവില്‍ രോഹിത് - കോലി ജോടിയെ തിരിച്ചയച്ചപ്പോഴേക്കും കാര്യങ്ങള്‍ ഓസ്‌ട്രേലിയയുടെ കൈയില്‍ നിന്നും വഴുതിപ്പോയിരുന്നു. ബെംഗളൂരുവില്‍ ഏഴു പേരാണ് ഓസീസ് നിരയില്‍ പന്തെടുത്തത്. വിക്കറ്റു വീഴുന്നില്ലെന്ന് കണ്ടപ്പോള്‍ നായകന്‍ ആരോണ്‍ ഫിഞ്ചും ഓരോവര്‍ എറിഞ്ഞു. ഹേസല്‍വുഡ്, അഗര്‍, സാംപ എന്നിവര്‍ക്ക് മാത്രമാണ് ഇന്നലെ വിക്കറ്റു കുറിക്കാന്‍ കഴിഞ്ഞത്.

Story first published: Monday, January 20, 2020, 11:37 [IST]
Other articles published on Jan 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X