Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെല്‍ബണ്‍ ടെസ്റ്റ്: ചരിത്രം ഇന്ത്യയ്ക്ക് പ്രതികൂലം, ഭയക്കണം ഈ കണക്കുകള്‍

മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ശനിയാഴ്ച്ച മെല്‍ബണില്‍ തുടക്കമായി. മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ടോസ് ജയിച്ച ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് എതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. പറഞ്ഞുവരുമ്പോള്‍ ഇരു ടീമുകളും തമ്മില്‍ കളിക്കുന്ന നൂറാം ടെസ്റ്റ് എന്ന പ്രത്യേകത ഇന്നാരംഭിച്ച ബോക്‌സിങ് ഡേ ടെസ്റ്റിനുണ്ട്.

ടെസ്റ്റ് പോര്

1947-48 കാലഘട്ടത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ആദ്യമായി ടെസ്റ്റ് കളിക്കുന്നത്. അന്ന് പരമ്പരയിലെ നാലു മത്സരങ്ങളും ഓസ്‌ട്രേലിയ ജയിച്ചു. തുടര്‍ന്ന് ഇതുവരെ കളിച്ച 99 മത്സരങ്ങളില്‍ 43 തവണയും കംഗാരുക്കള്‍ വിജയശ്രീലാളിതരായി. ഓസ്‌ട്രേലിയക്കെതിരെ 28 ടെസ്റ്റ് മത്സരങ്ങളിലാണ് ഇന്ത്യ ജയം കുറിച്ചത്. 27 സമനിലയും ഒരു ഫലം കാണാത്ത മത്സരവും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ കണക്കുപുസ്തകത്തിലുണ്ട്.

അരങ്ങേറ്റം

നടന്നുകൊണ്ടിരിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ നാലു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാന്‍ ഗില്‍ അരങ്ങേറ്റം കുറിച്ചു. വിരാട് കോലിക്ക് പകരം രവീന്ദ്ര ജഡേജ എത്തി. വൃധിമാന്‍ സാഹയ്ക്ക് പകരം റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജ് ടെസ്റ്റ് തൊപ്പി ആദ്യമായി അണിയുന്നതിനും മെല്‍ബണ്‍ സാക്ഷിയായി.

അന്നത്തെ അരങ്ങേറ്റം

ഇതിന് മുന്‍പ് 2013-14 സീസണിലാണ് ഇന്ത്യന്‍ ടീമില്‍ രണ്ടു താരങ്ങള്‍ ഒരേസമയം ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. അന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ മുഹമ്മദ് ഷമിയും രോഹിത് ശര്‍മയും വെസ്റ്റ് ഇന്‍ഡീസിനെതിരെ തങ്ങളുടെ ടെസ്റ്റ് കരിയറിന് തുടക്കമിട്ടു. വിദേശ ടെസ്റ്റ് പരമ്പരയിലെ അരങ്ങേറ്റം പരിശോധിച്ചാല്‍ 2011 -ലാണ് ഇന്ത്യ ഏറ്റവുമൊടുവിലായി ഒന്നിലധികം പുതുമുഖങ്ങള്‍ക്ക് ഒരേസമയം അവസരം നല്‍കിയത്. അന്ന് കിങ്സ്റ്റണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിരാട് കോലിയും ഉന്മുക്ത് ചന്ദും പ്രവീണ്‍ കുമാറും ടീമില്‍ കളിച്ചു.

ചരിത്രം

മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്തെ ചരിത്രം ചികഞ്ഞാല്‍ മറ്റൊരു കൗതുകമുണര്‍ത്തുന്ന കാര്യം കൂടിയുണ്ട്. മെല്‍ബണ്‍ ടെസ്റ്റില്‍ ആദ്യം ബാറ്റു ചെയ്യുന്നവരാണ് പൊതുവേ ജയിക്കാറ്. ഏറ്റവുമൊടുവില്‍ 2008-09 കാലത്താണ് സന്ദര്‍ശക ടീം ആദ്യം ഫീല്‍ഡ് ചെയ്ത് ജയം പിടിച്ചെടുത്തത്. അന്ന് ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക 9 വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചു. വിദേശ ടെസ്റ്റ് പരമ്പരകളില്‍ ആദ്യം ഫീല്‍ഡ് ചെയ്ത് ജയിച്ച ചരിത്രവും ഇന്ത്യയ്ക്ക് കുറവാണ്. 2010 -ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യ അവസാനമായി വിദേശമണ്ണില്‍ ഫീല്‍ഡ് ചെയ്ത് ജയിച്ചത്.

രണ്ടാം ടെസ്റ്റ്

എന്തായാലും നടന്നുകൊണ്ടിരിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ചിത്രം മാറാം. ടോസ് ജയിച്ച് ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ വിറപ്പിച്ചുകൊണ്ടാണ് ഇന്ത്യ ആരംഭിച്ചത്. 15 ഓവര്‍ പൂര്‍ത്തിയാകും മുന്‍പ് മൂന്നു മുന്‍നിര വിക്കറ്റുകള്‍ ആതിഥേയര്‍ക്ക് നഷ്ടമായി. ജസ്പ്രീത് ബുംറയ്ക്ക് ഒരു വിക്കറ്റുണ്ട്. രവിചന്ദ്രന്‍ അശ്വിന് രണ്ടും. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

പ്ലേയിങ് ഇലവൻ

ഇന്ത്യ: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (നായകന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ: മാത്യു വെയ്ഡ്, ജോ ബേണ്‍സ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയോണ്‍, ജോഷ് ഹേസല്‍വുഡ്.

Image Source: Twitter / BCCI

Story first published: Saturday, December 26, 2020, 8:38 [IST]
Other articles published on Dec 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+