Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോക്‌സിങ് ഡേ ടെസ്റ്റ്: അഗ്നിപരീക്ഷയ്ക്ക് ഇന്ത്യ, ആരെല്ലാം കളിക്കും?

വിരാട് കോലിയില്ല. രോഹിത് ശര്‍മയില്ല. മുഹമ്മദ് ഷമിയില്ല. ബോക്‌സിങ് ഡേ ടെസ്റ്റില്‍ അജിങ്ക്യ രഹാനെയ്ക്ക് കീഴില്‍ ടീം ഇന്ത്യയുടെ കളി കാണാന്‍ കാത്തുനില്‍ക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. പിങ്ക് ബോള്‍ ടെസ്റ്റിലെ നാണക്കേട് ഒരുഭാഗത്ത്. മറുഭാഗത്ത് 'സ്റ്റാര്‍' താരങ്ങളില്ലെന്ന പ്രശ്‌നവും; മെല്‍ബണ്‍ മൈതാനത്ത് രഹാനെയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല.

ബാറ്റിങ് നിരയിലാണ് പ്രധാന ആശങ്ക. ഇരുവശത്തേക്കും ചലിക്കുന്ന പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യ പതറുന്നു. ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് ത്രയം സ്വിങ്ങും വേഗവുംകൊണ്ട് ഇന്ത്യയെ വിറപ്പിക്കുകയാണ്.

ആദ്യ തോൽവി

അഡ്‌ലെയ്ഡ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ കോലിയടക്കം ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന് പോലും രണ്ടക്കം കാണാന്‍ കഴിഞ്ഞില്ലെന്നത് ടീമിന്റെ ദാരുണചിത്രം വെളിപ്പെടുത്തുന്നു. ആദ്യ ഇന്നിങ്‌സില്‍ 53 റണ്‍സിന്റെ ആധിപത്യമുണ്ടായിട്ടും രണ്ടാമത് ബാറ്റു ചെയ്തപ്പോള്‍ 36 റണ്‍സിന് ഇന്ത്യ കൂടാരം കയറി. ടീം സെലക്ഷനിലെ പാളിച്ചയും ഇന്ത്യയുടെ തോല്‍വിക്ക് ആക്കം കൂട്ടുന്നുണ്ട്.

ടീം തിരഞ്ഞെടുപ്പ്

മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെ പുറത്തിരുത്തിയാണ് കോലി പിങ്ക് ബോള്‍ ടെസ്റ്റിനുള്ള ടീമിനെ തിരഞ്ഞെടുത്തത്. ഓപ്പണറായി എത്തിയ പൃഥ്വി ഷാ പാടെ നിരാശപ്പെടുത്തി. പരിചയസമ്പന്നത മുന്‍നിര്‍ത്തി ടീമിലെത്തിയ വൃധിമാന്‍ സാഹയാകട്ടെ, ബാറ്റ്‌സ്മാനെന്ന നിലയില്‍ ടീമിനെ ഒരിക്കല്‍പ്പോലും തുണച്ചില്ല. വിക്കറ്റിന് പിന്നില്‍ നിന്നപ്പോഴും താരം അവസരങ്ങള്‍ പാഴാക്കി. ടെസ്റ്റ് 'സ്‌പെഷ്യലിസ്റ്റുമാരായ' ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി എന്നിവര്‍ക്കും അഡ്‌ലെയ്ഡില്‍ മികവ് കണ്ടെത്താനായില്ല.

ബൌളിങ്ങിലും പ്രശ്നങ്ങൾ

അമിത പ്രതിരോധത്തിലേക്ക് കടക്കുന്നതാണ് ഓപ്പണറായ മായങ്ക് അഗര്‍വാളിന്റെ പ്രശ്‌നം. രണ്ടാം ഇന്നിങ്‌സില്‍ 53 റണ്‍സിന്റെ ലീഡുണ്ടായിട്ടും സ്‌കോര്‍ബോര്‍ഡ് മുന്നോട്ടുകൊണ്ടുപോകാന്‍ താരം ശ്രദ്ധിച്ചില്ല. ബൗളിങ്ങിലുമുണ്ട് ചെറിയ പ്രശ്‌നങ്ങള്‍. പലപ്പോഴും വാലറ്റത്തെ 'പൂട്ടാന്‍' ഇന്ത്യ മറന്നുപോകുന്നു. ആദ്യ ഇന്നിങ്‌സില്‍ ഏഴിന് 111 എന്ന നിലയില്‍ വീണ ഓസ്‌ട്രേലിയ, സന്ദര്‍ശകര്‍ക്കെതിരെ 80 റണ്‍സ് കൂടി അടിച്ചെടുത്താണ് പോരാട്ടം അവസാനിപ്പിച്ചത്. 100 റണ്‍സിന് മുകളില്‍ ലീഡ് കൈവരാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തി.

രണ്ടാം ടെസ്റ്റ്

എന്തായാലും രണ്ടാം ടെസ്റ്റില്‍ പോരായ്മകള്‍ പരിഹരിച്ച് ശക്തമായി തിരിച്ചുവരാനിരിക്കുകയാണ് അജിങ്ക്യ രഹാനെയും സംഘവും. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. രണ്ടാം ടെസ്റ്റില്‍ പൃഥ്വി ഷായെ മാനേജ്‌മെന്റ് പുറത്തിരുത്തുമെന്ന കാര്യമുറപ്പാണ്. പകരം സന്നാഹ മത്സരങ്ങളില്‍ മികവ് തെളിയിച്ച് ശുഭ്മാന്‍ ഗില്‍ ടീമിലേക്ക് കടന്നുവരും. ഒപ്പം വൃധിമാന്‍ സാഹയ്ക്ക് പകരം റിഷഭ് പന്ത് ഗ്ലൗസണിയുമെന്ന സൂചനയും ശക്തം.

മൂന്നാം പേസർ

വിരാട് കോലിക്ക് പകരക്കാരനായിരിക്കും കെഎല്‍ രാഹുല്‍. ബാറ്റിങ് നിരയില്‍ നാലാമനായി രാഹുല്‍ കളിക്കാന്‍ സാധ്യതയേറെ. ഷമിക്ക് പകരം ആരെന്നതാണ് മറ്റൊരു ചോദ്യം. നവ്ദീപ് സെയ്‌നിയോ മുഹമ്മദ് സിറാജോ പേസ് നിരയില്‍ തലയുയര്‍ത്തും. ഇതേസമയം, പേസ് നിരയില്‍ വൈവിധ്യം കൊണ്ടുവരാന്‍ ഇടംകയ്യന്‍ പേസറായ ടി നടരാജനെ ഇന്ത്യ കളിപ്പിക്കുമോയെന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. നിലവില്‍ ടീം ഇന്ത്യയുടെ നെറ്റ്‌സ് ബൗളറായി നടരാജന്‍ ഓസ്‌ട്രേലിയയില്‍ തുടരുന്നുണ്ട്.

ഓസ്ട്രേലിയ ശക്തം

ഓസ്‌ട്രേലിയയുടെ കാര്യമെടുത്താല്‍ ടീം കോമ്പിനേഷന്‍ ഏറെക്കുറെ ഭദ്രമാണ്. രണ്ടാം ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ കൂടി കടന്നെത്തുന്നതോടെ ആതിഥേയരുടെ ആത്മവിശ്വാസം വര്‍ധിക്കും. എന്നാല്‍ ജോ ബേണ്‍സ് – മാത്യു വെയ്ഡ് സഖ്യം താളം കണ്ടെത്തിയ പശ്ചാത്തലത്തില്‍ വാര്‍ണറിനായി ടീം ഘടന പൊളിച്ചെഴുതാന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാങ്കര്‍ തയ്യാറാവുമോയെന്ന് സംശയമുണ്ട്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും സാധ്യതാ ഇലവനെ ചുവടെ കാണാം.

സാധ്യതാ ഇലവൻ

ഇന്ത്യ: ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, കെഎല്‍ രാഹുല്‍, അജിങ്ക്യ രഹാനെ (നായകന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ: ജോ ബേണ്‍സ്, മാത്യു വെയ്ഡ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയോണ്‍, ജോഷ് ഹേസല്‍വുഡ്.

Image Source: Twitter / BCCI

Story first published: Wednesday, December 23, 2020, 9:30 [IST]
Other articles published on Dec 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+