Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെല്‍ബണ്‍ ടെസ്റ്റ്: ഇന്ത്യയ്ക്ക് മേല്‍ക്കൈ, മായങ്കിന്റെ സ്ഥാനം തെറിക്കുമോ?

മെല്‍ബണ്‍: രണ്ടാം ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക് മേല്‍ക്കൈ. മൂന്നാം സെഷനില്‍ 195 റണ്‍സിന് അതിഥേയരെ കൂടാരം കയറ്റിയ ഇന്ത്യ, സ്‌കോര്‍ബോര്‍ഡില്‍ 159 റണ്‍സിന് പിന്നിലാണ്. മായങ്ക് അഗര്‍വാളിനെ (0) നഷ്ടപ്പെട്ടതു മാത്രമാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് സംഭവിച്ച തിരിച്ചടി. ചേതേശ്വര്‍ പൂജാരയും (23 പന്തില്‍ 7) ശുഭ്മാന്‍ ഗില്ലും (38 പന്തില്‍ 28) ക്രീസില്‍ തുടരുന്നു. ഞായറാഴ്ച്ച കയ്യില്‍ 9 വിക്കറ്റുമായി ഇന്ത്യ ബാറ്റിങ് പുനരാരംഭിക്കും. സ്‌കോര്‍: ഓസ്‌ട്രേലിയ – 195, ഇന്ത്യ – 36/1.

ആദ്യ തിരിച്ചടി

മൂന്നാം സെഷനില്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് സന്ദര്‍ശകര്‍ക്ക് ആദ്യ പ്രഹമേകിയത്. ആദ്യ ഓവറില്‍ത്തന്നെ സ്റ്റാര്‍ക്കിന്റെ വേഗമാര്‍ന്ന ഇന്‍സ്വിങ്ങറുകള്‍ നേരിടാന്‍ മായങ്ക് പാടുപെട്ടു. അഞ്ചു പന്തുകള്‍ പ്രതിരോധിച്ചു നിന്നെങ്കിലും അവസാന പന്തില്‍ മായങ്കിന് പിഴച്ചു. പിച്ചില്‍ കുത്തി പാഡിലേക്ക് കയറിയ പന്തില്‍ മായങ്ക് കുടുങ്ങുകയായിരുന്നു. അംപയറുടെ തീരുമാനം താരം പുനഃപരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

ഗില്ലിന്റെ പ്രകടനം

മായങ്കിന് ശേഷമാണ് പൂജാര കടന്നുവന്നത്. ഒരറ്റത്ത് പൂജാര പ്രതിരോധത്തില്‍ ഊന്നി ബാറ്റു വീശിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്‍ സ്വതസിദ്ധശൈലിയില്‍ നിലകൊണ്ടു. ബൗണ്ടറിയുടെ അകമ്പടിയോടെയാണ് താരം രാജ്യാന്തര ടെസ്റ്റ് കരിയറില്‍ ആദ്യ റണ്‍സ് കണ്ടെത്തിയത്. ഇതേ ഓവറില്‍ തേര്‍ഡ് സ്ലിപ്പില്‍ നിന്ന മാര്‍നസ് ലബ്യുഷെയ്ന്‍ ക്യാച്ച് വിട്ടുകളഞ്ഞതും ഗില്ലിന് തുണയായി.

ആദ്യ ഇന്നിങ്സ്

എന്തായാലും അടുത്ത ഇന്നിങ്‌സിലും മായങ്ക് പരാജയപ്പെടുകയാണെങ്കില്‍ രോഹിത് - ഗില്‍ ജോടിയായിരിക്കും മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യുകയെന്ന സൂചന ശക്തമായിട്ടുണ്ട്.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്യുന്നവര്‍ ജയിക്കുന്ന ചരിത്രമാണ് മെല്‍ബണിന് പറയാനുള്ളത്. അതുകൊണ്ടു ടോസ് ജയിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍ ഇന്ത്യയെ ഫീല്‍ഡ് ചെയ്യാന്‍ പറഞ്ഞുവിട്ടു. പക്ഷെ ഇന്ത്യന്‍ ബൗളിങ്ങിന്റെ മൂര്‍ച്ച കൂടിയ കാര്യം ആതിഥേയര്‍ അറിഞ്ഞില്ല.

ഓസ്ട്രേലിയയുടെ പ്രകടനം

സ്‌കോര്‍ബോര്‍ഡില്‍ വലിയ സംഖ്യ കുറിക്കണമെന്ന വ്യാമോഹമെല്ലാം രണ്ടു സെഷന്‍ പൂര്‍ത്തിയായപ്പോള്‍ത്തന്നെ ഓസ്‌ട്രേലിയ ഉപേക്ഷിച്ചു. നിലനില്‍പ്പിനുള്ള ശ്രമമായിരുന്നു ശേഷം.

ജസ്പ്രീത് ബുംറയും രവിചന്ദ്രന്‍ അശ്വിനും കളം വാണപ്പോള്‍ ഓസീസിന്റെ ഇന്നിങ്‌സ് 195 റണ്‍സിലാണ് അവസാനിച്ചത്. 132 പന്തില്‍ 48 റണ്‍സടിച്ച മാര്‍നസ് ലബ്യുഷെയ്‌നാണ് ഓസീസ് നിരയിലെ ടോപ്‌സ്‌കോറര്‍. ആതിഥേയ നിരയില്‍ അഞ്ച് ബാറ്റ്‌സ്മാന്മാര്‍ ഒറ്റ അക്കത്തില്‍ പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറയ്ക്ക് നാലു വിക്കറ്റുണ്ട്. രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്കും ഒരു വിക്കറ്റുണ്ട്.

സംപൂജ്യൻ

ജോ ബേണ്‍സിനെ (0) പുറത്താക്കിക്കൊണ്ട് ബുംറയാണ് വിക്കറ്റുവേട്ടയ്ക്ക് തുടക്കമിട്ടത്. ശേഷം രവിചന്ദ്രന്‍ അശ്വിന്‍ ആക്രമണം ഏറ്റുപിടിച്ചു. ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായ സ്റ്റീവ് സ്മിത്ത് തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് ഓസ്‌ട്രേലിയയുടെ പുതിയ പ്രതിസന്ധി. മെല്‍ബണിലും സ്മിത്ത് അശ്വിന് മുന്നില്‍ ഇരയായി. ഇത്തവണ അക്കൗണ്ട് തുറക്കാന്‍പോലും താരത്തിന് സാധിച്ചില്ല. ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ആദ്യമായാണ് സ്റ്റീവ് സ്മിത്ത് 'സംപൂജ്യനാകുന്നത്'.

വിക്കറ്റുവേട്ട

മുന്‍നിരയിലെ തകര്‍ച്ചയ്ക്ക് ശേഷം മാര്‍നസ് ലബ്യുഷെയ്ന്‍ – ട്രാവിസ് ഹെഡ് സഖ്യം ഓസ്‌ട്രേലിയക്ക് താളം സമര്‍പ്പിക്കുന്നത് മത്സരം കണ്ടു. എന്നാല്‍ ബുംറ വീണ്ടും വില്ലന്‍ വേഷമണിഞ്ഞപ്പോള്‍ ചീട്ടുകൊട്ടാരം കണക്കെ ആതിഥേയര്‍ തകര്‍ന്നടിഞ്ഞു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

ഇരു ടീമുകളെയും കാണാം

ഇന്ത്യ: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (നായകന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ: മാത്യു വെയ്ഡ്, ജോ ബേണ്‍സ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയോണ്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Saturday, December 26, 2020, 12:50 [IST]
Other articles published on Dec 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+