
എന്നാൽ സെഞ്ച്വറിക്കരികിലേക്ക് ചുവടുവെച്ച കോലി 77 ആം ഓവറില്‍ റണ്ണൗട്ടായി; പിന്നാലെ ഇന്ത്യയുടെ മധ്യനിരയും കടപുഴകി. 50 ആം ഓവറില്‍ മൂന്നിന് 100 എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയ്ക്ക് കോലി – രഹാനെ കൂട്ടുകെട്ടാണ് തുണയായത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 88 റണ്‍സ് കണ്ടെത്തി. ഓസീസ് നിരയില്‍ ആറ് പേരാണ് പന്തെറിഞ്ഞത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റെടുത്തു. ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റുവീതം വീഴ്ത്തി.

ടോസ് ജയിച്ച് ബാറ്റു ചെയ്യാനെത്തിയ ഇന്ത്യയെ രണ്ടാം പന്തില്‍ വിറപ്പിച്ചുകൊണ്ടാണ് സന്ദര്‍ശകര്‍ തുടങ്ങിയത്. സ്റ്റാര്‍ക്കിന്റെ ചലിക്കുന്ന പന്തില്‍ പൃഥ്വി ഷാ 'സംപൂജ്യനായി'. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച മായങ്ക് - പൂജാര സഖ്യം പതിയെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കവെയാണ് പാറ്റ് കമ്മിന്‍സ് വഴി ഓസ്‌ട്രേലിയയുടെ അടുത്ത പ്രഹരം. ഉള്ളിലേക്ക് കുത്തിക്കയറിയ കമ്മിന്‍സിന്റെ പന്ത് സ്റ്റംപുംകൊണ്ട് പറക്കുന്നത് കണ്ടുനില്‍ക്കാനെ മായങ്കിന് (40 പന്തില്‍ 17) സാധിച്ചുള്ളൂ.

ശേഷം വിരാട് കോലി ക്രീസിലെത്തി. പൂജാരയ്‌ക്കൊപ്പം നിന്നു കളിക്കാനാണ് കോലി ശ്രമിച്ചത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും ടെസ്റ്റ് ഫോമിലേക്കുള്ള കോലിയുടെ അത്ഭുതമാര്‍ന്ന ഭാവമാറ്റം മൂന്നു സെഷനിലും പ്രകടമായി. മോശം പന്തുകള്‍ക്കായി ഇന്ത്യന്‍ നായകന്‍ കാത്തുനിന്നു.
50 ആം ഓവറില്‍ ക്രീസില്‍ വട്ടമിട്ടു നിന്ന ഓസ്‌ട്രേലിയക്ക് നതാന്‍ ലയോണ്‍ പൂജാരയുടെ രൂപത്തില്‍ മൂന്നാം വിക്കറ്റ് സമ്മാനിച്ചു. 160 പന്തുകള്‍ ക്ഷമയോടെ നേരിട്ട പൂജാര രണ്ടു ബൗണ്ടറി ഉള്‍പ്പെടെ 43 റണ്‍സെടുത്തു. ലയോണിനെതിരെ അമിത പ്രതിരോധത്തിന് പോയതാണ് പൂജാരയ്ക്ക് വിനയായത്.

ശേഷം കോലിയും രഹാനെയുമായി ക്രീസില്‍. ഇരുവരും സ്‌കോര്‍ബോര്‍ഡ് സാവധാനമാണ് ചലിപ്പിച്ചത്. എന്നാല്‍ 77 ആം ഓവറില്‍ അജിങ്ക്യ രഹാനെയുടെ പിഴവില്‍ കോലി റണ്ണൗട്ടാകുന്നത് മത്സരം കണ്ടു. ലയോണിന്റെ ഓവറിലെ അവസാന പന്തില്‍ സിംഗിളിനായി വിളിച്ചത് രഹാനെയായിരുന്നു. വിളികേട്ടപക്ഷം കോലി ഓടി. എന്നാല്‍ ക്രീസില്‍ പാതി വഴിയെത്തിയപ്പോഴേക്കും രഹാനെ ഓട്ടം മതിയാക്കി തിരിച്ചുകയറി. നടുക്കളത്തില്‍ കോലി ഒറ്റയ്ക്കുമായി.
മികച്ച ഫോമില്‍ നില്‍ക്കെ റണ്ണൗട്ടായതിലുള്ള നിരാശയും അമര്‍ഷവും കോലിയുടെ ഭാവത്തില്‍ വ്യക്തമായിരുന്നു. 180 പന്തില്‍ 8 ഫോറടക്കം 74 റണ്‍സാണ് കോലിയെടുത്തത്.

കോലിക്ക് ശേഷം ചീട്ടുകൊട്ടാരമായി മധ്യനിര. 81 ആം ഓവറില്‍ രഹാനെയെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുരുക്കി (92 പന്തില്‍ 42). 3 ബൗണ്ടറിയും 1 സിക്‌സും താരത്തിന്റെ ഇന്നിങ്‌സിലുണ്ട്. ഹനുമാ വിഹാരിക്കും ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല. ക്രീസില്‍ അനങ്ങാതെ കളിച്ച വിഹാരിയെ (25 പന്തില്‍ 16) ഹേസല്‍വുഡാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. ഇതോടെ വൃധിമാന്‍ സാഹയും രവിചന്ദ്രന്‍ അശ്വിനും ക്രീസില്‍ ഒന്നിച്ചു.

എന്തായാലും ആദ്യ ദിനം ഇന്ത്യയുടെ ആറ് വിക്കറ്റ് കണ്ടെത്താനായതില്‍ സന്ദര്‍ശകര്‍ സന്തുഷ്ടരാണ്. ഇന്ത്യയ്ക്കും മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടുണ്ട്. പിങ്ക് പന്തില്‍ 250-260 റണ്‍സ് ഭേദപ്പെട്ട ആദ്യ ഇന്നിങ്‌സ് സ്‌കോറായാണ് കണക്കാക്കുന്നത്.
ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.
ഇന്ത്യ:
പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (നായകന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ഓസ്ട്രേലിയ:
ജോ ബേണ്‍സ്, മാത്യു വെയ്ഡ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയോണ്‍, ജോഷ് ഹേസല്‍വുഡ്.


Click it and Unblock the Notifications
