ക്രൈസ്റ്റ്ചര്‍ച്ച്: കേപ്ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യന്‍ സീനിയര്‍ ടീമിനേറ്റ തോല്‍വിക്ക് അനുജന്‍മാര്‍ പ്രായശ്ചിത്തം ചെയ്തു. ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന ഐസിസി അണ്ടര്‍ 19 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സരത്തിലാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ യുവനിര കശാപ്പ് ചെയ്തത്. തികച്ചും ഏകപക്ഷീയമായ കളിയില്‍ 189 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ലോകകപ്പിലെ ആദ്യ കളിയിലെ തങ്ങളുടെ എതിരാളികളായ ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് ഇന്ത്യയുടെ ഈ വിജയം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിന് 332 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ആര്യന്‍ ജുയാല്‍ (86), ഹിമാന്‍ഷു റാണ (68) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യയെ ജയിക്കാവുന്ന സ്‌കോറില്‍ എത്തിച്ചത്. 92 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു ആര്യന്റെ ഇന്നിങ്‌സ്. എന്നാല്‍ 69 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് ഹിമാന്‍ഷു 68 റണ്‍സെടുത്തത്. ശുഭം ഗില്‍ (0) ഒഴികെ ഇന്ത്യക്കായി ബാറ്റ് ചെയ്തവരെല്ലാം രണ്ടക്ക സ്‌കോര്‍ നേടി. വാലറ്റത്ത് അഭിഷേക് ശര്‍മ (19 പന്തില്‍ 35), കമലേഷ് നാഗര്‍കോട്ടി (17 പന്തില്‍ 26) എന്നിവരുടെ മിന്നല്‍ ഇന്നിങ്‌സുകളും ഇന്ത്യയെ 300 കടക്കാന്‍ സഹായിച്ചു.

മറുപടി ഒരിക്കല്‍പ്പോലും ഇന്ത്യയെ വെല്ലുവിളിക്കാനാവാതെയാണ് ദക്ഷിണാഫ്രിക്ക കീഴടങ്ങിയത്. 38.3 ഓവറില്‍ വെറും 143 റണ്‍സില്‍ ദക്ഷിണാഫ്രിക്കയുടെ ചെറുത്തുനില്‍പ്പ് അവസാനിച്ചു. ജീന്‍ ഡുപ്ലെസിസിന്റെ (50) അര്‍ധസെഞ്ച്വറി കൂടി ഇല്ലായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 100 കടക്കില്ലായിരുന്നു. നാലു വിക്കറ്റെടുത്ത ഇഷാന്‍ പൊറെലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ അഭിഷേക് ശര്‍മയും കമലേഷ് നാഗര്‍കോട്ടിയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കിയത്.