മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആതിഥേയരും കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്ന ടീമുമായ ഇംഗ്ലണ്ടിന് ഐസിസിയുടെ ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനം നഷ്ടമായി. ലോകകപ്പില്‍ ആദ്യം സെമി ഫൈനല്‍ ഉറപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട ഇംഗ്ലണ്ട് ഇപ്പോള്‍ സെമിയെത്തുമോയെന്ന കാര്യം പോലും സംശയത്തിലാണ്. മൂന്നു തോല്‍വികളാണ് ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ തകിടം മറിച്ചത്. ഇംഗ്ലണ്ടിന്റൈ പതനത്തോടെ റാങ്കിങില്‍ നേട്ടമുണ്ടാക്കിയത് ഇന്ത്യയാണ്. പുതിയ റാങ്കിങില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി വിരാട് കോലിയും സംഘവും തലപ്പത്തേക്കു കയറി.
123 പോയിന്റുമായാണ് ഇന്ത്യ റാങ്കിങില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. വെറും ഒരു പോയിന്റ് മാത്രം പിന്നിലായി ഇംഗ്ലണ്ട് തൊട്ടുതാഴെയുണ്ട്. 114 പോയിന്റുള്ള ന്യൂസിലാന്‍ഡാണ് മൂന്നാമത്. ലോകകപ്പില്‍ സെമിയുറപ്പിച്ച ആദ്യ ടീമും നിലവിലെ ചാംപ്യന്മാരുമായ ഓസ്ട്രേലിയയാണ് 112 പോയിന്റോടെ നാലാംസ്ഥാനത്തു നില്‍ക്കുന്നത്.
ആ മത്സരം ഇന്ത്യ ജയിക്കണം, പ്ലീസ്, അപേക്ഷയുമായി മുന്‍ പാക് താരം, കാരണം ഇതാണ്
ഇന്ത്യയുടെ ഒന്നാംസ്ഥാനം ഭദ്രമല്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. വെസ്റ്റ് ഇന്‍ഡീസിനോട് തോല്ക്കുകയാണെങ്കില് ഇന്ത്യയെ പിന്തള്ളി ഇംഗ്ലണ്ട് ഒന്നാം റാങ്ക് തിരിച്ചുപിടിക്കും. ജൂണ്‍ 30ന് ബെര്‍മിങ്ഹാമില്‍ ഇന്ത്യയും ഇംഗ്ലണ്ടും മുഖാമുഖം വരുന്നുണ്ട്. അന്നത്തെ കളിയില്‍ ജയിക്കാനായാല്‍ 124 പോയിന്റോടെ ഒന്നാംസ്ഥാനം ഇന്ത്യക്കു ഭദ്രമാക്കാം. ഇംഗ്ലണ്ടിന് അപ്പോള്‍ ഒരു പോയിന്റ് നഷ്ടമാവുകയും ചെയ്യും. മറിച്ച് ഇംഗ്ലാണ്ട് ജയിക്കുന്നതെങ്കില്‍ 123 പോയിന്റുമായി അവര്‍ വീണ്ടും നമ്പര്‍ വണ്ണാവും. 122 പോയിന്റാണ് അപ്പോള്‍ ഇന്ത്യക്കുണ്ടാവുക.