മുംബൈ: ഏതാണ്ട് ഒരു വര്‍ഷമാകുന്നു ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു ക്രിക്കറ്റ് മത്സരം കളിച്ചിട്ട്. ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന ലോകകപ്പിലായിരുന്നു ബദ്ധവൈരികളായ അയല്‍ക്കാര്‍ പരസ്പരം വന്നത്. അന്ന് പതിവുപോലെ ഇന്ത്യ പാകിസ്താനെ തോല്‍പിക്കുകയും ചെയ്തു. അതിന് ശേഷം ഇന്ത്യയും പാകിസ്താനും പരമ്പര കളിക്കുന്നു എന്ന് ഒരുപാട് കേട്ടെങ്കിലും ഒന്നും നടന്നില്ല.
മാര്‍ച്ചില്‍ ഇന്ത്യയില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലാണ് എന്ന വാര്‍ത്തയാണ് പിന്നീട് ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കിയത്. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 3 വരെ ട്വന്റി 20 ലോകകപ്പ്. മാര്‍ച്ച് 19ന് ധരംശാലയിലാണ് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കുന്നത്.

എന്നാല്‍ അതിന് മുമ്പേ ഒരു കളി കൂടി ഇന്ത്യയും പാകിസ്താനും തമ്മില്‍ കളിക്കുന്നു എന്ന് കേട്ടാലോ, ആരാധകര്‍ തീര്‍ച്ചയായും ആവേശം കൊള്ളും. അതെ, ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നത്. ഫെബ്രുവരി 27 നാണ് ഈ മത്സരം. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 6 വരെയാണ് ഏഷ്യാ കപ്പ് ട്വന്റി 20 ടൂര്‍ണമെന്റ്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് ഉദ്ഘാടന മത്സരം. പാകിസ്താനെതിരെ രണ്ടാമത്തെ മത്സരം. ശ്രീലങ്കയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന നാലാമത്തെ ടീം. മിര്‍പൂരിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തിലാണ് ഫൈനല്‍ അടക്കമുള്ള എല്ലാ മത്സരങ്ങളും നടക്കുക. ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതുവരെ ഇന്ത്യ പാകിസ്താനോട് തോറ്റിട്ടില്ല. എന്നാല്‍ ഏഷ്യാ കപ്പ് മത്സരങ്ങളില്‍ പാകിസ്താനാണ് മുന്‍തൂക്കം.