
ഇന്ത്യയുടെ തുടക്കം ഉഗ്രന്‍
നേരിയ ലീഡുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ പിഴുത് ഇന്ത്യ സ്തബ്ധരാക്കിയിരുന്നു. ഒന്നാമിന്നിങ്‌സിലെ ടോപ്‌സ്‌കോറായ എയ്ഡന്‍ മര്‍ക്രാമിനെയും (1) ഹാഷിം അംലയെയിും (1) ആറോവറിനുള്ളില്‍ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക മൂന്നു റണ്‍സിന് രണ്ടു വിക്കറ്റെന്ന നിലയിലേക്ക് വീണു.
രണ്ടു വിക്കറ്റുകളും നേടിയത് പേസര്‍ ജസ്പ്രീത് ബുംറയാണ്. ഇരുവരെയും ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഡിവില്ലിയേഴ്‌സും എല്‍ഗറും ക്രീസില്‍ ഒരുമിച്ചതോടെ ദക്ഷിണാഫ്രിക്ക കളിയിലേക്ക് തിരിച്ചുവരികയായിരുന്നു.

സെഞ്ചൂറിയനിലെ ആദ്യ സെഞ്ച്വറി
സെഞ്ചൂറിയനില്‍ നടക്കുന്ന ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടാനുള്ള ഭാഗ്യം ഇന്ത്യന്‍ നായകന്‍ കോലിക്കായിരുന്നു. ഒരു ഭാഗത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞു കൊണ്ടിരുന്നപ്പോഴും ദക്ഷിണാഫ്രിക്കന്‍ ബൗളിങ് ആക്രമണത്തെ കൂസലില്ലാതെ നേരിട്ടാണ് കോലി ടീമിന്റെ രക്ഷകനായത്. കരിയറിലെ 21ാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇന്ത്യന്‍ നായകന്‍ സെഞ്ചൂറിയനില്‍ കുറിച്ചത്.
217 പന്തുകളില്‍ 15 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. മുരളി വിജയ് (46), ആര്‍ അശ്വിന്‍ (38) എന്നിവര്‍ മാത്രമാണ് കോലിയെക്കൂടാതെ ഇന്ത്യന്‍ ബാറ്റിങില്‍ പിടിച്ചുനിന്നത്.

ആദ്യം പുറത്തായത് പാണ്ഡ്യ
അഞ്ചു വിക്കറ്റിന് 185 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കു ഹര്‍ദിക് പാണ്ഡ്യയെയാണ് (15) ആദ്യം നഷ്ടമായത്. പാണ്ഡ്യയെ വെര്‍ണോണ്‍ ഫിലാന്‍ഡര്‍ റണ്ണൗട്ടാക്കുകയായിരുന്നു. മികച്ച സ്‌കോറിലേക്കു മുന്നേറിയ ആര്‍ അശ്വിനാണ് (38) ഏഴാമനായി ക്രീസ് വിട്ടത്. 54 പന്തുകളില്‍ ഏഴു ബൗണ്ടറികള്‍ അശ്വിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. മുഹമ്മദ് ഷമി ഒരു റണ്‍സിനു മടങ്ങി. കോലിക്ക് കൂട്ടായി ഇഷാന്ത് ശര്‍മ ഉറച്ചുനിന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു.
ഇഷാന്തിനെ പുറത്താക്കി മോര്‍ക്കലിലൂടെ ദക്ഷിണാഫ്രിക്ക ഈ കൂട്ടുകെട്ട് തകര്‍ത്തു. ഒടുവില്‍ കോലിയുടെ അവസാന വിക്കറ്റും പിഴുത് മോര്‍ക്കല്‍ ഇന്ത്യന്‍ ഇന്നിങ്‌സിനു തിരശീലയിട്ടു.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മോര്‍നെ മോര്‍ക്കല്‍ നാലും കേശവ് മഹാരാജ്, കാഗിസോ റബാദ, ല്യുന്‍ജി എന്‍ഗിദി, വെര്‍ണോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


Click it and Unblock the Notifications