ജൊഹാന്നസ്ബര്‍ഗ്: വാണ്ടറേഴ്‌സ് ഇന്ത്യയെ കൈവിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ ഭാഗ്യപിച്ചില്‍ ടീം ഇന്ത്യക്കു വീണ്ടുമൊരു വിജയം. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 63 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ കീഴടക്കിയത്. പരമ്പര നേരത്തേ കൈവിട്ടെങ്കിലും ഈ ജയത്തോടെ മാനംകാക്കാന്‍ ലോക ഒന്നാംനമ്പര്‍ ടീമായ ഇന്ത്യക്കു കഴിഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പോലും ബാറ്റ് ചെയ്യാനാവാതെ വലഞ്ഞ പിച്ചില്‍ ബൗളര്‍മാരാണ് ഇന്ത്യക്കു ജയമൊരുക്കിയത്. 241 റണ്‍സെന്ന ഈ പിച്ചില്‍ ഏറെക്കുറെ അസാധ്യമായ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണഫ്രിക്കയെ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 177 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. ഓപ്പണര്‍ ഡീന്‍ എല്‍ഗറുടെ (86*) ഇന്നിങ്‌സാണ് ഇന്ത്യയുടെ വിജയം വൈകിപ്പിച്ചത്. ഹാഷിം അംലയാണ് (52) ദക്ഷിണാഫ്രിക്കയുടെ മറ്റൊരു സ്‌കോറര്‍. മറ്റുള്ളവരൊന്നും 15 റണ്‍സ് പോലും തികച്ചില്ല.

പേസിനെ ആവോളം തുണയ്ക്കുന്ന പിച്ചില്‍ അഞ്ചു പേസര്‍മാരുമായി ഇറങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു പിഴച്ചില്ല. തകര്‍പ്പന്‍ ബൗളിങിലൂടെ പേസര്‍മാര്‍ ആതിഥേയരുടെ കഥ കഴിക്കുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളിങിന് ചുക്കാന്‍ പിടിച്ചത്. ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.