
അവിശ്വസനീയ തിരിച്ചുവരവ്
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ഇത്രയും മികച്ചൊരു പ്രകടനം കടുത്ത ആരാധകര്‍ പോലും സ്വപ്‌നം കണ്ടിരുന്നില്ല. ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു കളികളും ദയനീയമായ തോറ്റ ശേഷമാണ് കോലിയും സംഘവും സടകുടഞ്ഞ് എഴുന്നേറ്റത്. മൂന്നാം ടെസ്റ്റില്‍ ആതിഥേയരെ മലര്‍ത്തിയടിച്ച ഇന്ത്യ പിന്നീട് ഏകദിനത്തില്‍ ആഫ്രിക്കയെ വാരിക്കളയുകയായിരുന്നു.
ആദ്യ മൂന്ന് ഏകദിനങ്ങളിലും ഏകപക്ഷീയ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആറു വിക്കറ്റ് ജയത്തോടെ തുടങ്ങിയ ഇന്ത്യ പിന്നീട് ഒമ്പതു വിക്കറ്റിനും 124 റണ്‍സിനും ദക്ഷിണാഫ്രിക്കയെ തരിപ്പണമാക്കി.

എല്ലാം പെര്‍ഫെക്ട്
എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് കഴിഞ്ഞ മൂന്ന് മല്‍സരങ്ങളിലും ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ചത്. ആദ്യ രണ്ടു ടെസ്റ്റുകളില്‍ ബൗളര്‍മാര്‍ മിന്നിയപ്പോള്‍ ബാറ്റിങ് നിര മങ്ങിയിരുന്നു. എന്നാല്‍ ഏകദിനത്തില്‍ ആരാണ് കേമന്‍മാരെന്ന് തെളിയിക്കാന്‍ ബാറ്റിങ് നിരയും ബൗളിങ് നിരയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.
പരമ്പരയില്‍ ഇതിനകം രണ്ടു സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. രണ്ടു മല്‍സരങ്ങളില്‍ ഫിഫ്റ്റിയടിച്ച് ശിഖര്‍ ധവാനും ഫോമിലേക്കുയര്‍ന്നു കഴിഞ്ഞു.
ബൗളിങില്‍ റിസ്റ്റ് സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹല്‍- കുല്‍ദീപ് സഖ്യം ഇന്ത്യയുടെ ഭാഗ്യജോടിയായി മാറിക്കഴിഞ്ഞു. മൂന്നു കളികളില്‍ നിന്നും 11 വിക്കറ്റ് ചഹല്‍ പോക്കറ്റിലാക്കിയപ്പോള്‍ 10 വിക്കറ്റുമായി കുല്‍ദീപ് തൊട്ടുതാഴെയുണ്ട്.

സമ്മര്‍ദ്ദത്തില്‍ ആതിഥേയര്‍
കടുത്ത സമ്മര്‍ദ്ദത്തിലാണ് ദക്ഷിണാഫ്രിക്ക നാലാം ഏകദിനത്തില്‍ ഇറങ്ങുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഫൈനലിനു തുല്യമാണ് ഈ മല്‍സരം. ആദ്യ രണ്ടു കളികളിലും തോറ്റതോടെ തന്നെ ലോക ഒന്നാം നമ്പര്‍ പദവി അവര്‍ക്കു ടീം ഇന്ത്യക്കു വിട്ടുനല്‍കേണ്ടിവന്നിരുനന്നു. ഇനിയുള്ള കളികളില്‍ തോറ്റാല്‍ ശേഷിച്ച മാനം കൂടി അവര്‍ക്കു നഷ്ടമാവും.
റിസ്റ്റ് സ്പിന്നര്‍മാരായ ചഹല്‍-യാദവ് സഖ്യമാണ് ദക്ഷിണാഫ്രിക്കയുടെ ഉറക്കം കെടുത്തുന്നത്. ഇരുവരെയും എങ്ങനെ നേരിടണമെന്ന് ഇതുവരെയും ആതിഥേര്‍ക്കായിട്ടില്ല. ഇവരെ ഫലപ്രദമായി നേരിട്ടെങ്കില്‍ മാത്രമേ നിലനില്‍പ്പുള്ളുവെന്ന് ആതിഥേയര്‍ക്കു വ്യക്തമായിട്ടുണ്ട്.

ഡിവില്ലിയേഴ്‌സിന്റെ വരവ്
പരിക്ക് പ്രമുഖ താരങ്ങളെയെല്ലാം കവര്‍ന്നെടുത്തത് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്കു വലിയ ക്ഷീണമായിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ്, ക്യാപ്റ്റന്‍ ഫഫ് ഡു പ്ലെസി, വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് എന്നിവരെയാണ് പരിക്ക് പിടികൂടിയത്. ഡുപ്ലെസിയും ഡികോക്കും ഇനി പരമ്പരയില്‍ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.
എന്നാല്‍ പരിക്കു മൂലം ആദ്യ മുന്നു കളികളും നഷ്ടമായ ഡിവില്ലിയേഴ്‌സ് നാലാം ഏകദിനത്തില്‍ കളിക്കുമെന്നാണ് വിവരം. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ മിടുക്കുള്ള ഡിവില്ലിയേഴ്‌സിന്റെ തിരിച്ചുവരവ് ദക്ഷിണാഫ്രിക്കയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ഡിവില്ലിയേഴ്‌സ് നയിച്ചേക്കും
കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും ദക്ഷിണാഫ്രിക്കയെ നയിച്ചത് യുവതാരം എയ്ഡന്‍ മര്‍ക്രാമായിരുന്നു. എന്നാല്‍ നാലാം ഏകദിനത്തിലും ശേഷിച്ച മല്‍സരങ്ങളിലും മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഡിവില്ലിയേഴ്‌സിനെ നായകസ്ഥാനമേല്‍പ്പിക്കാനാണ് ദക്ഷിണാഫ്രിക്ക തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഡികോക്കിനു പകരം വിക്കറ്റ് കീപ്പറായി ടീമിലെത്തിയ ഹെന്റിച്ച് ക്ലാസെനു പകരം ഡിവില്ലിയേഴ്‌സ് തന്നെ വിക്കറ്റ് കാക്കുകയും ചെയ്യുമെന്നും സൂചനയുണ്ട്.

മാറ്റമില്ലാതെ ടീം ഇന്ത്യ
ഏകദിനത്തിലെ മികച്ച കോമ്പിനേഷനെ ഈ പരമ്പരയിലൂടെ കണ്ടെത്തിക്കഴിഞ്ഞ ഇന്ത്യ കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും കളിച്ച അതേ ഇലവനെത്തന്നെ നാലാം ഏകദിനത്തിലും നിലനിര്‍ത്തും.


Click it and Unblock the Notifications