ചരിത്രം വിളിക്കുന്നു, ടീം ഇന്ത്യയെ കേപ്ടൗണിലേക്ക്... ലക്ഷ്യം ഹാട്രിക് ജയം
കേപ്ടൗണ്‍: ഹാട്രിക് വിജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ ദക്ഷിണാഫ്രിയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തിനിറങ്ങുന്നു. ബുധനാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് മല്‍സരം ആരംഭിക്കുന്നത്. ആദ്യ രണ്ടു മല്‍സരങ്ങളിലും ആധികാരികമായി ജയിച്ചു കയറിയ ഇന്ത്യ ജയം തുടരാനുറച്ച് തന്നെയാണ് കേപ്ടൗണിലെത്തുന്നത്. ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.
മൂന്നാം ഏകദിനത്തില്‍ കൂടി ജയിച്ചാല്‍ പരമ്പര നഷ്ടമാവില്ലെന്ന് ഇന്ത്യക്കു ഉറപ്പിക്കാനും കഴിയും. പിന്നീടുള്ള മൂന്നു കളികളിലും ആതിഥേയര്‍ ജയിച്ചാലും ഇന്ത്യക്ക് അതു തിരിച്ചടിയാവില്ല. അതുകൊണ്ടു തന്നെ നാലാം ഏകദിനത്തിന് കാത്തുനില്‍ക്കാതെ മൂന്നാമത്തെ കളിയില്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കാനാവും ടീം ഇന്ത്യയുടെ ശ്രമം.

ഇന്ത്യക്കു റെക്കോര്‍ഡിടാം
മൂന്നാം ഏകദിനത്തില്‍ ജയിച്ചാല്‍ പുതിയൊരു റെക്കോര്‍ഡ് കൂടി ഇന്ത്യ സ്വന്തം പേരില്‍ കുറിക്കും. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര സമനിലയില്‍ പിടിക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇതിനു മുമ്പ് ഒരിക്കല്‍പ്പോലും ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടാനോ സമനില കൈക്കലാക്കാനോ ഇന്ത്യക്കായിട്ടില്ല.

നാലാം മല്‍സരം
കേപ്ടൗണില്‍ മൂന്നു തവണയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏകദിനത്തില്‍ നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. രണ്ടു മല്‍സരങ്ങളില്‍ ജയം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. അവസാനമായി ഇവിടെ നടന്ന മല്‍സരത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ അടിയറവ് പറയിച്ചത്.

ഹാട്രിക് ജയം ഇതിനുമുമ്പില്ല
ദക്ഷിണാഫ്രിക്കയില്‍ തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളിലും ഇന്ത്യ ഇതുവരെ ജയിച്ചിട്ടില്ല. ഇതിനു മുമ്പ് 2010-11ല്‍ തുടര്‍ച്ചയായി രണ്ട് ഏകദിനങ്ങളില്‍ ജയിച്ചതാണ് ഇതിനു മുമ്പത്തെ ഇന്ത്യയുടെ റെക്കോര്‍ഡ്. അന്നു ജൊഹാനസ്ബര്‍ഗിലും കേപ്ടൗണിലുമായിരുന്നു ഇന്ത്യയുടെ വിജയം.

ഇന്ത്യയുടെ റെക്കോര്‍ഡ് മോശം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ ഇന്ത്യയുടെ ഇതുവരെയുള്ള റെക്കോര്‍ഡ് ദയനീയമാണ്. ഇതുവരെ കളിച്ച 28 മല്‍സരങ്ങളില്‍ 21ലും ദക്ഷിണാഫ്രിക്കയാണ് വെന്നിക്കൊടി പാറിച്ചത്. വെറും രണ്ടു കളികളില്‍ മാത്രമേ ഇന്ത്യക്കു ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

10,000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാന്‍ ധോണി
മൂന്നാം ഏകദിനത്തില്‍ പുതിയൊരു റെക്കോര്‍ഡാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ കാത്തിരിക്കുന്നത്. കളിയില്‍ 98 റണ്‍സ് നേടാനായാല്‍ 10,000 റണ്‍സ് ക്ലബ്ബില്‍ ധോണിയും അംഗമാവും. നിലവില്‍ 9902 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാവും ധോണി.

തകര്‍പ്പന്‍ ഫോം
തകര്‍പ്പന്‍ പ്രകടനമാണ് ആദ്യ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ കാഴ്ചവച്ചത്. റിസ്റ്റ് സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹല്‍-കുല്‍ദീപ് യാദവ് കോമ്പിനേഷന്റെ മാരക ഫോമാണ് ഇന്ത്യന്‍ കുതിപ്പിനു പിന്നില്‍. ബാറ്റിങില്‍ ക്യാപ്റ്റന്‍ വിരാട് കോലി, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍ എന്നിവരെല്ലാം ഫോമിലേക്കുയര്‍ന്നതും ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം, പ്രമുഖ താരങ്ങള്‍ക്കേറ്റ പരിക്ക് ദക്ഷിണാഫ്രിക്കയെ ദുര്‍ബലരാക്കിയിട്ടുണ്ട്. എബി ഡിവില്ലിയേഴ്‌സ്, ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി എന്നിവര്‍ക്കു പിറകെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കും പരമ്പരയില്‍ നിന്നു പിന്‍മാറിയത് ആതിഥേയര്‍ക്ക് ആഘാതമായി. യുവതാരം എയ്ഡന്‍ മര്‍ക്രാമാണ് ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ നയിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications